ഗിരീഷ് ഇനി ഓർമകളിൽ. ആകസ്മികമായ മരണം ഗിരീഷിനെ നമ്മളിൽനിന്നും മാറ്റിനിർത്തിയെങ്കിലും അദ്ദേഹം പ്രസരിപ്പിച്ച ഊർജ്ജം എന്നും മായാതെ നിൽക്കും. കാലികമായിട്ടുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംവദിച്ചുകൊണ്ടായിരിക്കും എപ്പോഴും ഗിരീഷ് നമുക്കിടയിലേക്ക് കടന്നുവന്നിരുന്നത്. വളരെ വർഷങ്ങൾക്ക് മുമ്പ് പത്രപ്രവർത്തകനായിരുന്ന ഗിരീഷിന് ജീവിതവഴിയിൽ പുതിയ ലാവണമായി കെഎസ്സ്ഇബിയിൽ ഉദ്യോഗസ്ഥനാകേണ്ടി വന്നു.
എങ്കിലും ഗിരീഷിലെ പത്രപ്രവർത്തകന് അതൊരു തടസ്സമായിരുന്നില്ല. കോഴിക്കോടിന്റെ സാംസ്‌കാരിക സായാഹ്നങ്ങളിലും ഗസൽ സന്ധ്യകളിലും ഫുട്‌ബോൾ മത്സര ഗ്രൗണ്ടുകളിലും ആസ്വാദകനും പത്രക്കാരനുമായി ഗിരീഷ് ജീവിച്ചു. നഗരത്തിലെ ഏതൊരു സംഭവവും ആദ്യം അറിയുന്ന വളരെ ചുരുക്കം ചിലരിൽ ഗിരീഷുമുണ്ടായിരുന്നു. അത് പത്രപ്രവർത്തക സുഹൃത്തുകൾക്ക് കൈമാറി. നാലു വർഷത്തെ പത്രപ്രവർത്തനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള മികച്ച പത്രപ്രവർത്തകനായി അദ്ദേഹം തുടർന്നു.
യാത്രകളെ ഏറെ സ്‌നേഹിച്ച ആളായിരുന്നു ഗിരീഷ്. വള്ളുവനാടിന്റെയും വയനാടിന്റെയും ഗ്രാമസൗന്ദര്യമാസ്വദിക്കാനുള്ള യാത്രയായിരുന്നില്ല അത്. കേരളത്തിന്റെ സാംസ്‌കാരിക ഈടുവെപ്പുകളിൽ ആദരമർപ്പിക്കാനുള്ള ആഗ്രഹമായിരുന്നു ആ യാത്രയ്‌ക്കു പിന്നിൽ. പലരോടൊന്നിച്ച് യാത്രചെയ്തിട്ടുണ്ടെങ്കിലും ഗിരീഷുമൊത്തുള്ള യാത്രയുടെ ലഹരി ഇപ്പോഴും വേറിട്ടു നിൽക്കുന്നു.
പി. കുഞ്ഞിരാമൻനായർ സഞ്ചരിച്ചിട്ടുള്ള വഴികളിലൂടെ ഒരു യാത്രായാകാമെന്ന ഗിരീഷിന്റെ ആഗ്രഹത്തോട് യോജിച്ചുകൊണ്ട് ഞങ്ങൾ-സുന്ദർരാജ്, ശ്രീനാഥ്, ബാലകൃഷ്ണൻ ഒപ്പം കൂടുകയായിരുന്നു. യാത്രയിലുടനീളം കവിയുടെ കാൽപ്പാടുകൾ ഉച്ചത്തിൽ വായിച്ചുകൊണ്ടായിരുന്നു ഗിരീഷ് യാത്രയെ ജീവസ്സുറ്റതാക്കിയത്. പിന്നിടുന്ന ഓരോ വഴികളുടെയും പ്രാധാന്യം, സാംസ്‌കാരികമൂല്യം നിർത്താതെ ഗിരീഷ് പറഞ്ഞുകൊണ്ടിരുന്നു. ഇടയ്‌ക്ക് പി യുടെ കവിതകളിലേക്ക്, മറ്റൊരിക്കൽ വള്ളുവനാടിന്റെ കാർഷിക സംസ്‌കാരത്തെക്കുറിച്ച് ഗിരീഷ് പറഞ്ഞുകൊണ്ടിരുന്നു. പട്ടാമ്പിയിലെ പുരാതനമായ ക്ഷേത്രവും പരിസരവും ചുറ്റിക്കാണുമ്പോൾ ആ ചർച്ച ക്ഷേത്രശില്പ കലയിലേക്കും ആർക്കിയോളജി വകുപ്പിലേക്കും നീണ്ടു. പിന്നീട് തിരുവില്വാമലയിലേക്ക്….. പുനർജ്ജനിയിലേക്ക്….. പുനർജ്ജനിക്കടുത്ത് മണ്ണ് ചവിട്ടി നിൽക്കുമ്പോൾ ഗിരീഷിലെ നിഷ്‌ക്കളങ്കനായ കുട്ടി ഉണർന്നു. ഇരുകൈകളും ആകാശത്തേക്കുയർത്തി ഇതാ ഞങ്ങളെത്തിയെന്ന് ഗിരീഷ് ആരോടൊ എന്ന പോലെ ഉറക്കെ വിളിച്ചു പറഞ്ഞു. കുഞ്ചൻനമ്പ്യാരുടെ കലക്കത്ത് ഭവനത്തിലും നാറാണത്തുഭ്രാന്തന്റെ നാട്ടിലൂടെയും ഞങ്ങൾ യാത്ര തുടർന്നു. ഒരിക്കൽപ്പോലും യാത്രയുടെ രസച്ചരടു മുറിയാതെ ഗിരീഷ് പലതും പറഞ്ഞുകൊണ്ടിരുന്നു. ആ യാത്രകളിൽ എടുത്ത നിരവധി ചിത്രങ്ങളിൽ ഏതാണ്ട് എല്ലാ ഫ്രെയിമുകളിലും ഗിരീഷ് തിരിഞ്ഞുനിൽക്കുന്നതോ തിരിഞ്ഞു നടക്കുന്നതോ ആയ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് കാണുമ്പോൾ അതിന് പല അർത്ഥങ്ങളും തോന്നുകയാണ്.
കൈയിലൊരു പുസ്തകമോ, പത്രമോ, വാരികയോ ഇല്ലാതെ ഗിരീഷിനെ കാണാൻ കഴിയില്ല. പരിചയപ്പെടുന്ന ഓരോരുത്തരിലും മുറിച്ചുമാറ്റാനാവാത്ത സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ ഗിരീഷിന് കഴിഞ്ഞു. സാംസ്‌കാരിക നായകന്മാർ മുതൽ ഒ.വി. വിജയന്റെ കഥയിലെ കഥാപാത്രമായ നഗരത്തിലെ ബാർബർ തൊഴിലാളി വരെ ആ സൗഹൃദത്തിന്റെ കണ്ണികളിൽ ഉണ്ടായിരുന്നു. ഗിരീഷിന് അസുഖമാണെന്നറിയുന്നത് വളരെ വൈകിയാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ കാറിലേക്ക് കയറാൻ ഏറെ പണിപ്പെടുകയായിരുന്നു ഗിരീഷ്. അന്ന് കൈനീട്ടി ഗിരീഷിനെ നെഞ്ചോട് ചേർത്ത് കാറിൽ കയറ്റുമ്പോൾ അനുഭവപ്പെട്ട ചൂട് ഇപ്പോഴും മനസ്സിൽ നനവായി നിൽക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: