കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നത് പൊതുവികാരമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നിലേറെ തവണ പ്രസ്താപിച്ചിട്ടുള്ളതാണ്. രണ്ട് വര്‍ഷകാലമായി കോളേജ് ഏറ്റെടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഏറ്റെടുത്തുകഴിഞ്ഞു എന്നുമൊക്കെ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ് മുഖ്യമന്ത്രി. എന്നാല്‍ ആസ്തിബാധ്യതയും സാമ്പത്തിക ക്രമക്കേടും അനധികൃത നിയമനവും പരിശോധിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് മാത്രമെ ഏറ്റെടുക്കണമോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കൂ എന്നരീതിയില്‍ വരുന്ന പത്രറിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. ഏറ്റെടുക്കല്‍ ഒരുമാസം കൂടി നീട്ടിക്കൊണ്ടുപോയാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തീരുമാനം മാറ്റിവെയ്ക്കാം എന്ന ദുഷ്ടലാക്കോടുകൂടിയ ഒത്തുകളിയാണ് നടക്കുന്നത് എന്ന് ന്യായമായും സംശയിക്കാം.
സാമ്പത്തിക ക്രമക്കേടും അനധികൃത നിയമനങ്ങളുമൊക്കെ അതാത് വകുപ്പ് അധികൃതര്‍ സാധാരണനിലയില്‍ അതാത് കാലങ്ങളില്‍ നടത്തുന്ന ഓഡിറ്റുകളില്‍ കണ്ടെത്തേണ്ടതാണെന്നിരിക്കെ അത് കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ട് വരുത്തുന്നതീരുമാനം നീട്ടിവെയ്ക്കാനുള്ള ന്യായീകരണം കണ്ടെത്താന്‍ മാത്രമുള്ള തന്ത്രമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. കൂടുതല്‍ സങ്കീര്‍ണ്ണമാവുന്ന തരത്തിലുള്ള പരിശോധനകള്‍ കോളേജ് ഏറ്റെടുക്കുന്നതിന് ശേഷം നടത്തുവാനും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ ഭരണസമിതി പിരിച്ചുവിട്ട് ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: