കണ്ണൂര്‍: കണ്ണൂരിലെ അക്രമങ്ങള്‍ തടയാന്‍ എല്ലാ പ്രധാന റോഡുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പയ്യാമ്പലത്ത് പൊലീസ് കണ്ട്രോള് റൂം പുതിയ കെട്ടിടം, കണ്ട്രോള് റൂം വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്, നഗരത്തില്‍ സ്ഥാപിച്ച ക്യാമറാ പ്രവര്‍ത്തനം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാരുടെ പ്രയാസം നേരിട്ടറിയാം. ഇവര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും. അക്രമം തടയാന്‍ പ്രധാന റോഡുകളില്‍ ക്യാമറവെക്കുന്നതില് എല്ലാ രാഷ്ട്രീയക്കാര്‍ക്കും യോജിപ്പാണ്. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തും. നഗരത്തില്‍ സ്ഥാപിക്കേണ്ട ക്യാമറക്ക് പി.കെ.ശ്രീമതി എംപി യും എപി അബ്ദുളളക്കുട്ടി എംഎല്‍എ യും ഫണ്ട് തന്ന് സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച പ്രദേശത്തെ സ്റ്റേഷനില്‍ നിന്നാവും നിരീക്ഷണം നടത്തുക. ഇതോടെ പൊലീസിന്റെ ജോലി ഗണ്യമായി കുറയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
മലബാര്‍ മേഖലയില്‍ പൊലീസിന് കൂടുതല്‍ വാഹനമനുവദിക്കും. പൊലീസ് പ്രവര്‍ത്തിച്ചാല്‍ അതിക്രമമെന്നും പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിഷ്ക്രിയമെന്നും പറയുകയാണ്. കണ്ണൂര്‍ പൊലീസ് നടപ്പാക്കുന്ന ആതുരമിത്രം, ഫുട്ബോള്‍ അക്കാദമി തുടങ്ങിയ പദ്ധതികള്‍ മാതൃകാപരമാണ്. ചടങ്ങില്‍ ആതുരമിത്രം പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്കുളള ധനസഹായം മന്ത്രി വിതരണം ചെയ്തു. തന്റെ ഒരു മാസത്തെ ശമ്പളമായ 40,000 രൂപ പദ്ധതിയിലേക്ക് മന്ത്രി വാഗ്ദാനം ചെയ്തു. എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷനായി. പി.കെ. ശ്രീമതി എംപി മുഖ്യാതിഥിയായിരുന്നു. ഉത്തരമേഖല എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ്, ഉപാധ്യക്ഷന്‍ അഡ്വ ടി.ഒ.മോഹനന്, അഡ്വ.ലിഷ ദീപക്, ജയസൂര്യന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണി രാജന് സ്വാഗതവും ഡിവൈഎസ്പി മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: