കൊച്ചി: ഹുറണ്‍ ഇന്ത്യയുടെ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഒന്നാമത്. 1,60,950 കോടി രൂപയാണ് മുകേഷ് അംബാനിയുടെ സമ്പത്ത്. ദിലീപ് സാംഗ്വി (126289 കോടി, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, എസ്പി ഹിന്ദുജ ആന്റ് ഫാമിലി (103030 കോടി, ഹിന്ദുജ ഗ്രൂപ്പ്) എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. വിപ്രോ ചെയര്മാന് അസിം പ്രേംജി ആദ്യമായി ആദ്യത്തെ അഞ്ച് പേരില്‍ നിന്നും പുറത്തായി. 51903 കോടിയുടെ സമ്പത്തുമായി പട്ടികയില്‍ എട്ടാമതാണ് അസിം പ്രേംജി. ഇന്ത്യയില്‍ ആകെ 124 ശതകോടീശ്വരന്മാരാണുള്ളത്.
2012 ല്‍ ഹൂറണിന്റെ ആദ്യ റിപ്പോര്‍ട്ടില്‍ 59 പേരാണുണ്ടായിരുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ 85 ശതമാനവും കുടുംബ ബിസിനസുകാരാണ്. മുംബൈയിലും ദല്‍ഹിയിലുമാണ് ഏറ്റവുമധികം ധനികര്‍. മുംബൈയിലെ 17 ഉം ദല്‍ഹിയിലെ 18 ഉം ശതകോടീശ്വരന്മാര് പട്ടികയില്‍ ഇടം നേടി. പട്ടികയിലെ 36 ശതകോടീശ്വരന്മാര് ഇന്ത്യയ്ക്ക് പുറത്തുള്ള എന്‍ആര്‍ഐകളാണ്.
13 പേര് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിസമ്പത്ത് സ്വന്തമാക്കി. സിഗ്മയുടെ ധീരജ് രാജാറാമിനാണ് മികച്ച നേട്ടം. മുന്‍വര്‍ഷത്തേക്കാള്‍ 593 ശതമാനം വളര്‍ച്ചയോടെ സമ്പത്ത് 17790 കോടിയായി. ബയോടെക്കിന്റെ കിരണ്‍ മസുംദാറാണ് പട്ടികയില്‍ ഇടംനേടിയ ഏക വനിത. മുന്‍ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം ഇടിവുണ്ടായെങ്കിലും 6143 കോടിയാണ് കിരണിന്റെ സമ്പത്ത്. 59 പേരുടെ സമ്പത്തില്‍ ഇടിവുണ്ടായി. 242 ശതമാനം ഇടിവുണ്ടായ ഇന്‍ഡസ് ഗ്യാസിന്റെ അജയ ഖല്‍സി ഏറ്റവും പിന്നിലായി. ഭാരതത്തിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 478 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഭാരതത്തിന്റെ ജിഡിപിയുടെ 22 ശതമാനമാണിത്. യുഎഇ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ വലുതും.
കേരളത്തില്‍ നിന്നുള്ള ശതകോടീശ്വരന്മാരില് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയാണ് മുന്നില്‍. പട്ടികയില്‍ 40ാം സ്ഥാനത്തുള്ള യൂസഫലിയുടെ സമ്പത്ത് 17534 കോടിയാണ്. രവി പിള്ള (ആര്‍പി ഗ്രൂപ്പ്, 13900 കോടി), പിഎന്‍സി മേനോന് (പിഎന്‍സി ഇന്‍വെസ്റ്റ്മെന്റ്, 10958 കോടി), സണ്ണി വര്‍ക്കി (ജെംസ് എജ്യുക്കേഷന്‍, 9778 കോടി), ക്രിസ് ഗോപാലകൃഷ്ണന് (ഇന്‍ഫോസിസ്, 9288 കോടി), ടി.എസ്. കല്യാണരാമന് (കല്യാണ്‍ ജ്വല്ലേഴ്സ്, 7831 കോടി), ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ്, 6851 കോടി), എം.ജി.ജോര്‍ജ് മുത്തൂറ്റ് ആന്റ് ഫാമിലി (മുത്തൂറ്റ് ഫിനാന്‍സ്, 6476 കോടി), ആസാദ് മൂപ്പന് (ഡിഎം ഹെല്‍ത്ത് കെയര്‍, 6421 കോടി), എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ്, 5891 കോടി) എന്നിവരാണ് മുന്നിലുള്ള മറ്റ് ശതകോടീശ്വരന്മാര്.
1600 കോടി രൂപയില്‍ കൂടുതലുള്ളവരാണ് പട്ടികയില്‍ ഇടംപിടിച്ചത്. 76 പുതിയ സംരംഭകര്‍ പട്ടികയില്‍ ഇടംനേടിയത് ഇന്ത്യന്‍ സ്വകാര്യ മേഖലയുടെ മികവാണ് കാണിക്കുന്നതെന്ന് ഹുറണ്‍ റിപ്പോര്‍ട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അനസ് റഹ്മാന് ജുനൈദ് പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച ഇന്ത്യന്‍ സംരംഭകരാണ് പട്ടികയില്‍ ഉള്‍പ്പെടുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ആന്റണി ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: