കണ്ണൂര്‍: ജില്ലയില്‍ ശാശ്വതസമാധാനം ഉണ്ടാക്കാനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പാനൂരില്‍ പുതിയ ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനവും കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടക്കിടെ അക്രമസംഭവങ്ങളുണ്ടാകുന്ന പ്രദേശമാണ് പാനൂര്‍. അക്രമങ്ങളെ ഗൗരവത്തോടെ കണ്ട് മുഖം നോക്കാതെ നടപടി സ്വീകരിക്കും. പാനൂരില്‍ പുതിയ പൊലീസ് കണ്ട്രോള് റൂം സ്ഥാപിക്കുന്നത് അക്രമങ്ങള്‍ നേരിടുന്നതിന് ഏറെ സഹായകമാകും. ഓഫീസര്‍മാരടക്കം 60 പേരടങ്ങിയ ടീമായിരിക്കും ഇവിടെ ഉണ്ടാവുക. അക്രമസംഭവങ്ങളുണ്ടായാല്‍ ദ്രുതകര്‍മ്മസേനയുടെ മാതൃകയില്‍ പെട്ടെന്ന് തന്നെ പ്രതികരിക്കാന്‍ കഴിയുന്ന സേനാ വിഭാഗമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിശമന സേനയെ ആധുനിക സംവിധാനങ്ങളോടെ ശക്തിപ്പെടുത്താന്‍ എല്ലാ നടപടികളും സ്വികരിച്ചുവരികയാണ്. സംസ്ഥാനത്ത് അടുത്ത മാര്‍ച്ചിന് മുമ്പ് 1258 അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങും. പുതുതായി 83 ഫയര്‍ എഞ്ചിന്, 65 ജീപ്പ്, 22 ആംബുലന്‍സ് എന്നിവ ലഭ്യമാക്കി. ഫ്ളാറ്റുകളിലും മറ്റ് ഉയരം കൂടിയ കെട്ടിടങ്ങളിലും രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സ്കൈ ലിഫ്റ്റ് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആഗോള ടെണ്ടര്‍ വിളിച്ചുകഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.
കൃഷി മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുല്ലപ്പളളി രാമചന്ദ്രന് എംപി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വസന്ത കുമാരി, പഞ്ചായത്ത് പ്രസിഡണ്ട് പ്രീത അശോക്, മറ്റ് ജനപ്രതിനിധികള്‍, രഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫയര്‍ & റസ്ക്യു ഡയറക്ടര്‍ (ടെക്നിക്കല്‍) ജോ കുരുവിള ഈശോ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: