വെഞ്ഞാറമൂട്: നീന്തല്‍ക്കുളത്തിലെ ഡോള്ഫിനുകളായി പിരപ്പന്‍കോട്ടെ ചുണക്കുട്ടികള്‍. മത്സരങ്ങള്‍ ഏതുതരത്തിലുള്ളതായാലും പിരപ്പന്‍കോടിന് സ്വര്‍ണ്ണം ഉറപ്പ്. അത്രയ്ക്കുണ്ട് പിരപ്പന്‍കോടും നീന്തലുമായുള്ള ബന്ധം. പിരപ്പന്‍കോടുകാരുടെ സംസ്കാരമാണ് നീന്തല്‍. ഈ കോളേജ് ഗെയിംസിലും സ്വര്ണ്ണക്കൊയ്ത് ആവര്‍ത്തിക്കുകയാണ് പിരപ്പന്‍കോടിന്റെ ജലശലഭങ്ങള്‍.
കോളേജ് ഗെയിംസില്‍ സ്വര്‍ണ്ണമണിഞ്ഞ ഭൂരിഭാഗം പേരും പിരപ്പന്‍കോട് സ്വദേശികളും ക്ലബ് അംഗങ്ങളും. ഇന്നലെ പിറന്ന ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാക്കള്‍ മൂന്ന് പേരും പിരപ്പന്‍കോടിന് സ്വന്തം. ഏറ്റവും വേഗമേറിയ താരങ്ങളും പിരപ്പന്‍കോടിന്റെ സന്തതികള്‍. ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവും പുരുഷവിഭാഗത്തിലെ വേഗമേറിയ താരവുമായ ആനന്ദ് എ.എസ് പുലരി ക്ലബ് അംഗം. ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവും വനിത വിഭാഗത്തിലെ വേഗമേറിയ താരവുമായ ശ്രീക്കുട്ടിയും മറ്റൊരു ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവ് ആരതിയും ഡോള്‍ഫിന്‍ ക്ലബിലെ അംഗങ്ങള്‍.
സ്വാതി സുന്ദര്‍, ഗ്രീഷ്മ, വിഷ്ണു പ്രസാദ്, പൂജ, ലേഖ, നിമ്യബാബു, വിനേഷ്, അങ്ങനെ നീളുന്നു മെഡല്‍ ജേതാക്കള്‍. കൂടാതെ കേരളത്തിലെ മികച്ച വാട്ടര്‍പോളോ കളിക്കാരും പിരപ്പന്‍കോടിന് സ്വന്തമാണ്.
മത്സരത്തിന്റെ ഒഫിഷ്യല്‍സില്‍ തൊണ്ണൂറ് ശതമാനവും പിരപ്പന്‍കോട് നീന്തി വളര്‍ന്നവര്‍. പതിനൊന്നു മുതല്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണമെഡല്‍ വേട്ടയക്കൊരുങ്ങുകയാണ് പിരപ്പന്‍കോടിന്റെ ജലതാരങ്ങള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: