അനീഷ് അയിലം
വെഞ്ഞാറമൂട്: നീന്തല്‍ക്കുളത്തിലെ മിന്നും താരം ആനന്ദ് ഈ മത്സരത്തിലും വാക്കുപാലിച്ചു. മത്സരത്തില്‍ മൂന്ന് വ്യക്തിഗത സ്വര്‍ണ്ണവും ഏറ്റവും വേഗമേറിയ താരവുമായി . പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരയായി.
ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ അക്വാട്ടിക്കില്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി കേരളത്തിന്റെ യശസ്സ് ഉയര്‍ത്തി. പിരപ്പന്‍കോട് നീന്തല്‍ക്കുളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോടും സംഘാടകരോടും ആനന്ദിനോടും പറഞ്ഞതാണ് ആനന്ദിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് നല്‍കുമെന്ന്. ഗെയിംസ് കഴിഞ്ഞ് മാസങ്ങളായിട്ടും ആനന്ദും ആനന്ദിന്റെ തിളക്കമുള്ള മെഡലുകളും ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന നിലംപൊത്താറായ വീടിനുള്ളില്‍.
വെമ്പായം കൊപ്പം നന്ദു മന്ദിരത്തിലെത്തിയാല് അറിയാം ഒരു ദേശീയ നീന്തല്‍ താരത്തിന് സര്‍ക്കാര്‍ നല്കിയ സ്ഥാനം എന്താണെന്ന്. പൊട്ടിപ്പൊളിഞ്ഞ് ഏത് നിമിഷവും നിലംപരിശാകാന്‍ തയ്യാറായി നില്കുന്ന മേല്‍ക്കൂര. ചിതലരിച്ച കഴിക്കോലുകള്‍ മേല്‍ക്കൂരയിലെ ഓടുകളില്‍ പലതും മഴവെള്ളത്തിന് അകത്തേക്ക് വഴിയൊരുക്കുന്നു. കതകുകള്‍ കാലപ്പഴക്കത്താല്‍ തകര്‍ന്ന് കഴിഞ്ഞു. വീടിന്റെ ജനലുകള്‍ ചാക്കുകൊണ്ട് മറച്ച് സുരക്ഷ ഒരുക്കിയിരിക്കുന്നു. ആനന്ദും അച്ഛന് അനില്‍കുമാറും അമ്മ ഷൈലജയും അനുജന് അരവിന്ദും ഈ വീടിനുള്ളിലാണ് അന്തിയുറങ്ങുന്നത്.
മുഖ്യമന്ത്രി നല്കിയ ഉറപ്പനുസരിച്ച് നിരവധി തവണ അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. മറുപടി മാത്രം ഇതുവരെയും ലഭിച്ചിട്ടില്ല. പഞ്ചായത്തിന് വീടുനല്‍കാന്‍ രണ്ട് ലക്ഷം രൂപയെ അനുവദിക്കാന്‍ കഴിയൂ. ബാക്കിതുക വായ്പ എടുക്കേണ്ടി വരും. നിലവിലെ ബാങ്ക് വായ്പ തന്നെ അടവുകള്‍ തെറ്റി വലിയ തുകയായി. അച്ഛന് കൂലിപ്പണിയിലൂടെ ലഭിക്കുന്ന തുശ്ചമായ കൂലിമാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ആനന്ദിന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കൂ.അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പുലരി സ്വിമ്മിംഗ് ക്ലബിലൂടെയാണ് ആനന്ദ് നീന്തല്‍ താരമായത്. ഇപ്പോള്‍ ചെമ്പഴന്തി കോളേജിലെ ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി. മിന്നുന്ന പ്രകടനത്തിലൂടെ ലഭിക്കുന്ന മെഡലുകള്‍ നിറം മങ്ങാതെ സൂക്ഷിക്കാന്‍ ഒരിടം തേടി മുഖ്യമന്ത്രിയുടെ കനിവിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ ദേശീയ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: