ആലുവ: യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികളെ മൂന്നാഴ്‌ച്ചയായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ചൂണ്ടിയില്‍ ഇറച്ചി വില്‍പ്പനക്കാരന്‍ കോളനിപ്പടി കോട്ടേക്കാട് മുല്ലച്ചെത്ത് വീട്ടില്‍ ജിന്‍സ (37)നെയാണ് കഴിഞ്ഞ മാസം 23ന് മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഇടതുകൈയ്യുടെ രണ്ട് വിരലുകള്‍ അറ്റുപോകുന്ന അവസ്ഥയിലായ ജിന്‍സണ്‍ രാജഗിരി മെഡിക്കല്‍ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പുറത്തും കഴുത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. ചൂണ്ടി സ്‌നേഹാലയത്തിന് സമീപം നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന സഹോദരന്മാരായ പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. ആക്രമണം നടത്തിയ പ്രതികളുമായി വൈരാഗ്യം ഇല്ലെന്നിരിക്കെ അകാരണമായി ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സമീപത്തെ മറ്റൊരു ഇറച്ചി കച്ചവടക്കാരനും ഒരു ഓട്ടോറിക്ഷ െ്രെഡവറുമാണെന്ന് ജിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. ഇറച്ചി വില കുറച്ചുവില്‍ക്കുന്നതിന്റെ പേരില്‍ സമീപത്തെ ഇറച്ചിക്കച്ചവടക്കാരനുമായി ജിന്‍സണ്‍ വിരോധത്തിലായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഇരുവരും ചേര്‍ന്ന് തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു ജിന്‍സണ്‍ന്റെ പരാതി. കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് വിരലുകളില്‍ ആഴത്തില്‍ മുറിവേറ്റത്. 60,000ത്തോളം രൂപ ചെലവഴിച്ച് വിദഗ്ധ ശസ്ത്രക്രീയ ചെയ്താണ് വിരലുകള്‍ കൂട്ടിയോജിപ്പിച്ചത്.
















