മുഹമ്മ: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്നേകാല്‍ പവന്റെ സ്വര്‍ണമാല കവര്‍ന്നു. പിടിവലിക്കിടയില്‍ കഴുത്തിന് മുറിവേറ്റ വീട്ടമ്മയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കുന്നേല്‍വെളി റാംബഹുദൂറിന്റെ ഭാര്യ ശോഭനയുടെ(53) മാലയാണ് മോഷ്ടാവു കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ കമ്പികൊണ്ടു കൊളുത്ത് നീക്കി അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ശോഭനയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ബഹളം വെച്ചപ്പോള്‍ വീട്ടമ്മയെ തള്ളിയിട്ട ശേഷം മോഷ്ടാവ് രക്ഷപെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
ഷര്‍ട്ട് ധരിക്കാതെ വെള്ളമുണ്ട് താറുപാച്ചി വന്ന ഇരുണ്ട നിറമുള്ള മധ്യവയസ്‌ക്കനാണ് മാല മോഷ്ടിച്ചതെന്ന് വീട്ടമ്മ പോലീസിന് മൊഴിനല്‍കി. എക്‌സല്‍ ഗ്ലാസില്‍ നിന്നും വിരമിച്ച ശേഷം റാംബഹുദൂറും ഭാര്യ ശോഭനയും പശുവിനെ വളര്‍ത്തിയാണ് ഉപജീവനം കഴിക്കുന്നത്.
അന്വേഷണം ഊര്‍ജിതമാക്കിയതായി മണ്ണഞ്ചേരി പോലീസ് പറഞ്ഞു.
















