എം.പി.ഗോപാലകൃഷ്ണന്
തലശ്ശേരി: ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തുകൊണ്ട് സിപിഎം നടത്തിവരുന്ന പ്രചരണത്തിലും എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിക്കൊണ്ട് നടത്തിയിരുന്ന പ്രചരണത്തിലും സമാനതകളേറെ.
2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ 4 മണിക്കാണ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടത്തിയതാവട്ടെ റംസാന് മാസത്തിലെ പെരുന്നാള്‍ ദിനത്തിന്റെ തലേദിവസവും. കൊല നടത്തിയത് സെയ്താര്‍പള്ളി ശ്രീ ജഗന്നാഥക്ഷേത്രം റോഡില്‍ ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിന് മുന്നില്‍വെച്ച്. വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ ഉണ്ടായ രക്തം പുരണ്ട തുണിയെടുത്ത് ഇടത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍. തുടര്‍ന്ന് വ്യാപകമായ പ്രചരണവും സിപിഎം ആരംഭിച്ചു. റംസാന് മാസത്തിലെ പെരുന്നാളിന് തലേദിവസം ഫസല്‍ എന്ന മുസ്ലീം യുവാവിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രചരണം. പ്രചരണം നടത്തിയത് സിപിഎം. മാത്രമല്ല അവരുടെ ചെലവില്‍ത്തന്നെ സിപിഐ, കോണ്‍ഗ്രസ് എസ്, പിഡിപി, എന്‍ഡിഎഫ്, ജനതാദള്‍, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ പ്രത്യേകമായും കൂട്ടമായും തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ ആര്‍എസ്എസിനെതിരെ പൊതുയോഗങ്ങള്‍ നടത്തി. മാസങ്ങള്‍ പിന്നിട്ടതിന് ശേഷം എന്‍ഡിഎഫുകാര്‍ പ്രത്യേക പൊതുയോഗത്തിലൂടെ ഫസലിന്റെ കൊലപാതകത്തിന്റെ പിന്നില്‍ പുരോഗമനവാദികളാവരുതേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഫസല്‍ കൊലചെയ്യപ്പെട്ട 2006 ഒക്ടോബര്‍ 22 ന് രാവിലെ തന്നെ അന്നത്തെ സിപിഎം ഏരിയാ സെക്രട്ടറി കാരായി രാജന് ഫസലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതായും പാര്‍ട്ടിയുടെ പ്രതിഷേധം അറിയിക്കുന്നതായും എന്നാല്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ മുഴുവന്‍ ആളുകളും സംയമനം പാലിക്കണമെന്നും ആര്‍എസ്എസിന്റെ ഗൂഡതന്ത്രത്തില്‍ വീണുപോകരുതെന്നും പ്രസ്താവനയെഴുതി പത്ര ഓഫീസുകളില്‍ എത്തിച്ചുകൊടുത്താണ് പ്രചരണം തുടങ്ങിയത്. അന്നുതന്നെ കാലത്ത് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച, കോടിയേരിയുടെ വീട്ടിനടുത്ത തന്നെ താമസിക്കുന്ന ഫസലിന്റെ മൃതദേഹം കാണാനെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും എന്‍ഡിഎഫുകാരും ഫസലിന്റെ കൊലപാതകത്തിന്റെ പിതൃത്വം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കുകയും ചെയ്തു.
എന്നാല്‍ അന്ന് തലശ്ശേരിയില്‍ നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രിയുടെയും സിപിഎമ്മിന്റെയും വാക്കുകളും പ്രചരണവും മുഖവിലക്കെടുത്തില്ലെന്ന് മാത്രമല്ല, സത്യസന്ധമായി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. അതിന്റെ ഫലമായി ഒരു പോലീസ് ഓഫീസറെ സ്ത്രീവിഷയം ആരോപിച്ചുകൊണ്ട് സിപിഎമ്മുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവവുമുണ്ടായി. അവസാനം ഫസലിനെ കൊലപ്പെടുത്തി കൃത്യം ഒരുവര്‍ഷം പിന്നിട്ട 2007 റംസാന് മാസത്തില്‍ത്തന്നെ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ യഥാര്‍ത്ഥ പ്രതികളായ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാന്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നിര്‍ബന്ധിതനാവുകയായിരുന്നു. അങ്ങിനെ ഒരു വര്‍ഷക്കാലം മുഴുവന്‍ ഫസലിന്റെ കൊലക്കേസ് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള സിപിഎം ശ്രമം തകരുകയായിരുന്നു. കൂടാതെ അന്ന് ഈ കേസ് ആര്‍എസ്എസിന്റെ കണക്കില്‍പ്പെടുത്താനും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനും പ്രസ്താവനയിറക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും പ്രചരണം നടത്താന്‍ നേതൃത്വം കൊടുക്കുകയും ചെയ്ത അന്നത്തെ സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജനും ഫസലിന്റെ വീട് ഉള്‍ക്കൊള്ളുന്ന സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും ഫസല്‍ കൊലപാലകക്കേസില്‍ ഗൂഡാലോചനാക്കുറ്റത്തിന് റിമാന്റിലാവുകയും ജയില്‍വാസമനുഷ്ഠിക്കേണ്ടി വരികയും ചെയ്തു. ഇപ്പോള്‍ ഇന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പോലുമാകാതെ നാടുകടത്തപ്പെട്ടിരിക്കുകയുമാണ്.
ഇതേ രീതിയിലാണ് ഇപ്പോള്‍ കോടിയേരിയില്‍ തന്നെ നങ്ങാറത്ത് പീടികയില്‍ പഴയ ഒരു നക്സലൈറ്റുകാരന്റെ അധീനതയിലുണ്ടായിരുന്ന ശ്രീ മുദ്ര കലാ സാംസ്കാരികകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ആര്‍എസ്എസുകാര്‍ തകര്‍ത്തു എന്ന് പറഞ്ഞുകൊണ്ട് പ്രചണ്ഡമായ പ്രചരണം നടത്തിവരുന്നത്. എന്നാല്‍ ഇപ്പോള്‍ സിപിഎം നിയന്ത്രണത്തിലുളള ഈ സാംസ്കാരിക കേന്ദ്രത്തില്‍ ഗുരുദേവന്റെ പ്രതിമ വന്നത് എങ്ങിനെയാണെന്നോ ഈ പ്രതിമക്ക് മുന്നില്‍ ആരാണ് വിളക്കു കത്തിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നതെന്നോ ആ നാട്ടുകാര്‍ക്കും അറിയില്ല. കൂടാതെ സിപിഎം നിയന്ത്രണത്തില്‍ തലശ്ശേരിയിലും പരിസരത്തുമുള്ള എത്ര ക്ലബ്ബുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പാര്‍ട്ടി ഓഫീസുകളിലുമാണ് ശ്രീനാരായണ പ്രതിമ സ്ഥാപിച്ച് ആരാധന നടത്തുന്നതെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിക്കുന്നത് പോലും ആര്‍എസ്എസിനെ വെള്ളപൂശാനാണ് എന്ന് വരട്ടുവാദമാണ് സിപിഎം നടത്തിവരുന്നത്. മറ്റൊരുകാര്യം, ആര്‍എസ്എസുകാര്‍ ഈ കേന്ദ്രത്തില്‍ കയറി ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മാത്രമാണത്രെ തകര്‍ത്തത്. ഇവിടെയുള്ള മറ്റൊരു വസ്തുവും, പ്രത്യേരിച്ച് സിപിഎം നേതാക്കളുടെ ഒരു പടം പോലും തകര്‍ത്തതായി ഒരാരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ല. റോഡിലുണ്ടായിരുന്ന ഈരുവിഭാഗത്തിന്റെയും കൊടിയും സ്തൂപങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്.
ഈ പ്രതിമ തകര്‍ക്കല്‍ വിവാദത്തിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ ഗൂഡാലോചനയാണ് വ്യക്തമാകുന്നത്. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം തളിപ്പറമ്പില്‍ സിപിഎം നടത്തിയ ഘോഷയാത്രയിലെ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയ പ്ലോട്ട് കാരണമുണ്ടായ പ്രതിഷേധവം നാണക്കേടുമാണ്. മറ്റൊന്ന് എസ്എന്‍ഡിപി ആര്‍എസ്എസിന്റെ പാളയത്തിലേക്ക് അടുക്കുന്നു എന്ന ഭയപ്പാടും. ഈ രണ്ട് വിഷയങ്ങളില്‍ നിന്നും മുഖം രക്ഷിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള കുത്സിത ശ്രമമാണ് ഇപ്പോള്‍ സിപിഎം നടത്തിവരുന്നത്. ഫസല്‍ കൊക്കേസ് പോലെ ഈ കേസും സത്യസന്ധമായി അന്വേഷിച്ചാല്‍ സിപിഎം നേതാക്കള്‍ തന്നെ കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: