ന്യൂദല്‍ഹി : യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുപത് ഭാരതീയര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ഭാരതീയര്‍ കൊല്ലപ്പെട്ടതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
13 പേര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഏഴു പേരെ കുറിച്ച് വിവരങ്ങളില്ല. ഇവര്‍ മരിച്ചെന്ന സ്ഥിരീകരണവും വഭിച്ചിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഭാരതീയര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹുദൈദ് തുറമുഖത്ത് ഇന്ധന കള്ളക്കടത്തുകാര്‍ക്കെതിരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഭാരതീയര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു സൗദിയുടെ ആക്രമണം. 15 പേരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വ്യോമാക്രമണത്തില്‍ രണ്ട് ബോട്ടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
















