കൊച്ചി : സരിത എസ് നായര്‍ ജോപ്പനും ജിക്കുമോനും ഒപ്പം ഓഫീസില്‍ വന്നിരുന്നുവോയെന്ന് ഒരിക്കല്‍പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷ വിഭാഗത്തിലെ വനിതാ ഓഫീസര്‍മാരായ ഷീജ ദാസും നസീമ ബീഗവും സോളാര്‍ കമ്മീഷന് മൊഴിനല്‍കി. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ചെങ്ങന്നൂര്‍ പോലീസ് ഓഫീസറും സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടുണ്ടോ എന്ന് ചോദിച്ചിട്ടില്ല.
ശ്രീധരന്‍ നായരും ശെല്‍വരാജ് എംഎല്‍എയും ഒന്നിച്ച് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും ഷീജ സോളാര്‍ കമ്മീഷനോട് പറഞ്ഞു. ഷീജ ദാസ് നാലര വര്‍ഷമായി മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫില്‍ അംഗമാണ്. മുഖ്യമന്ത്രിയുടെ ക്യാബിന് പുറത്ത് ഓഫീസ് സ്റ്റാഫിനെ കാണുന്ന വിധത്തിലാണ് ഷീജ ദാസ് ഇരിക്കുന്നത്. ഡ്യൂട്ടി ഉള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവരെ നേരില്‍ കാണാറുണ്ട്. തട്ടിപ്പുകേസില്‍ പ്രതിയായിരുന്ന സരിതാ നായര്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയില്‍ പ്രസവിച്ചു കിടന്നപ്പോള്‍ സര്‍വൈലന്‍സ് ഡ്യൂട്ടിയുടെ ഭാഗമായി അവരെ കണ്ടിട്ടുണ്ട്. അതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ടപ്പോള്‍ മനസിലാക്കാനാകാത്തവിധം മാറിപ്പോയി. ലക്ഷ്മി നായര്‍ എന്നാണ് അന്ന് പേര് പറഞ്ഞത്. പിന്നീടാണ് സരിത നായരും ലക്ഷ്മി നായരും ഒന്നാണെന്ന് മനസിലായത്. അവര്‍ തട്ടിപ്പുകേസിലെ പ്രതിയാണെന്നും സൂക്ഷിക്കണമെന്നും ജോപ്പനോട് പറഞ്ഞിരുന്നു. തന്റെ ഡ്യുട്ടിക്ക് ശേഷം എത്തുന്ന നസീമ ബീഗത്തോടും കാര്യങ്ങള്‍ വിവരിച്ചിരുന്നതായും ഷീജ ദാസ് മൊഴിനല്‍കി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി മൊഴിയെടുത്തപ്പോള്‍ ഇതൊന്നും ചോദിച്ചില്ല. തന്റെ ഡ്യൂട്ടിക്ക് ശേഷം ജോലിക്കെത്തിയ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ സുജയുടെ മൊഴിയും എടുത്തിട്ടില്ല.
സരിതാ നായരെ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നപ്പോള്‍ എസ്എടിയിലും പൂനെയിലും കൊണ്ടുപോയിട്ടുണ്ടെന്നും സരിതയെ സൂക്ഷിക്കണമെന്ന് ഷീജ പറഞ്ഞതായും നസീമ ബീഗം മൊഴി നല്‍കി. നിയമസഭയില്‍ വെച്ചും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചും ജോപ്പനോടൊപ്പം സരിതാ നായരെ കണ്ടിട്ടുണ്ടെന്നും നസീമ ബീഗം പറഞ്ഞു.
















