ഭാര്യയും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി
ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
രാജാക്കാട് : നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി വീട് തകര്‍ന്നു. ഭര്‍ത്താവും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 65 ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് രാജാക്കാട് കലുങ്കുസിറ്റിയില് മൈലക്കുഴിയില്‍ ജോസിന്റെ സ്റ്റേഷനറി കടയോടു കൂടിയ വീട്ടിലേക്ക് ലോഡുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാര്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജോസിന്റെ ഭാര്യ വീടിന് പുറത്തുള്ള ബാത്ത് റൂമില്‍ പോയ സമയത്താണ് വണ്ടി ഇടിച്ചുകയറിയത്. ഇഷ്ടിക വീണ് ജോസിന് നെറ്റിയില്‍ പരിക്കേറ്റിട്ടുണ്ട്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് വളവില്‍ സമീപത്തെ വീടും കടയും നശിപ്പിച്ച് ഇടിച്ചുകയറുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്. തങ്ങളുടെ ആകെയുള്ള സമ്പാദ്യം തകര്‍ന്നതിലുള്ള മനോവിഷമത്തിലാണ് ജോസും ഭാര്യയും. ഇനി എന്തുചെയ്യുമെന്നറിയാതെ വിലപിക്കുകയാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: