ഹരിപ്പാട്: ബാലഗോകുലം പോലുള്ള ദേശീയപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചത് കൊണ്ട് കുട്ടികളില്‍ ദേശീയബോധം വളരുവാനും ആത്മീയാചാര്യന്മാരുടെയും നവോത്ഥാന നായകന്മാരുടെയും ജീവചരിത്രം മനസിലാക്കുവാനും സാധിക്കുകയും അതുവഴി ആത്മീയ നവോത്ഥാനത്തിന് കാരണമാവുകയും ചെയ്തതായി ഭാരതീയവിചാരകേന്ദ്രം ജില്ലാസെക്രട്ടറി ജെ.മഹാദേവന്‍ പറഞ്ഞു.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം കരുവാറ്റായില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സംരക്ഷണ സമിതിയുടെയും ബാലഗോകുലത്തിന്റെയും പ്രവര്‍ത്തനത്തിലൂടെ ക്ഷേത്രങ്ങള്‍ ഉദ്ധരിക്കുവാനും ഭഗവത്ഗീതയും പുരാണങ്ങളും കുട്ടികള്‍ക്ക് പഠിക്കുവാനും സാധിക്കുന്നു.
ഒരു കാലത്ത് ക്ഷേത്രങ്ങളിലേക്ക് പോകാതെയിരുന്ന കേരളീയജനത ഇന്ന് ആവേശപൂര്‍വ്വം ക്ഷേത്രങ്ങളിലേക്ക് പോകുന്നത് കാണുവാന്‍ സാധിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ ആവശ്യപ്രകാരം പൊതുഒഴിവ് ദിനമായി സര്‍ക്കാര്‍ അംഗീകരിച്ചു. ശ്രീകൃഷ്ണനെയും ശ്രീരാമനെയും മാതൃകാഭരണകര്‍ത്താക്കളായി അംഗീകരിച്ചുകഴിഞ്ഞു.
ഇന്ന് രാഷ്‌ട്രീയഭേദമന്യേ മുഴുവന്‍ സമൂഹവും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുവാന്‍ തയ്യാറായതും അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.അര്‍ജ്ജുനന്‍ ചെട്ടിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വ്യാപാരിയായ തോട്ടുവേലില്‍ ചെല്ലപ്പന്‍ നായര്‍, കാട്ടാളത്ത് ശങ്കരന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
തോട്ടപ്പള്ളി സുഭാഷ്ബാബു ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. എം. ഉത്തമന്‍, കുഞ്ഞുമോന്‍, ഹരികൃഷ്ണന്‍, ജെ.ദിലീപ്, കുട്ടന്‍, എ.പ്രകാശ്, എന്‍.പത്മകുമാര്‍, കെ.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മധുരപലഹാര വിതരണം നടത്തി.
















