ബരാസാത്: പശ്ചിമബംഗാളില്‍ പൊതുസ്ഥലത്തു വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കളെ കരാട്ടെക്കാരിയായ പെണ്‍കുട്ടി കൈകാര്യം ചെയ്തു. 16 വയസുകാരിയായ പെണ്‍കുട്ടിയാണു പൂവാലന്‍മാരെ ഇടിച്ചുനിരപ്പാക്കി നാട്ടില്‍ താരമായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കരാട്ടെ ക്ലാസ് കഴിഞ്ഞു പെണ്‍കുട്ടി വീട്ടിലേക്കു പോകുമ്പോള്‍ മദ്യപിച്ചു ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍ പെണ്‍കുട്ടി ധൈര്യം കൈവിടാതെ ശല്യക്കാരെ നേരിടാന്‍ തീരുമാനിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ തിരിച്ചുള്ള കരാട്ടെ പ്രയോഗത്തില്‍ യുവാക്കളുടെ മൂക്കില്‍ നിന്നു രക്തം വരെ പുറത്തു വന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പെണ്‍കുട്ടിയെ അവിടെ നിന്നും വലിച്ച് നീക്കാന്‍ ശ്രമിച്ചു.
ഇതോടെ താന്‍ അവരുടെ മുഖത്ത് ശക്തമായി ഇടിച്ചെന്നും വേദനിക്കുന്ന സ്ഥലം നോക്കി ചവിട്ട് നല്‍കിയെന്നും പെണ്‍കുട്ടി പറഞ്ഞു.അവരുടെ വായില്‍ നിന്നും ചോര ഒഴുകി വരുന്നതി താന്‍ കണ്ടു. അവര്‍ തന്നെ ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ് താനവരെ തിരിച്ച് അടിച്ചു നിലത്തിട്ടു. സംഭവം കണ്ടുകൊണ്ട് നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും സഹായത്തിനായി എത്തിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് താന്‍ കരാട്ടേ പഠിച്ച് തുടങ്ങിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. ”ഞാന്‍ താമസിക്കുന്ന പട്ടണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഞാനും ലൈംഗികമായി പീഡിപ്പിക്കപ്പെടുമോ എന്ന ഭയത്തെ തുടര്‍ന്നാണ് കരാട്ടെ പഠിക്കാന്‍ തീരുമാനിച്ചത്.
എനിക്ക് സ്വയം പ്രതിരോധിക്കാനാകണം എന്നായിരുന്നു ആഗ്രഹം. അതിന് സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്” . താന്‍ കരാട്ടെ പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്റെ വീട്ടുകാര്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നില്ലെന്നും ഇനി അവര്‍ തന്നെ പിന്തുണയ്‌ക്കുമെന്ന് ഉറപ്പാണെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
















