ബാങ്കോക്ക്: ബാങ്കോക്കിലെ ബ്രഹ്മക്ഷേത്രത്തിനു സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ഇന്ത്യക്കാരെ തായ് പോലീസ് ചോദ്യം ചെയ്തു. തായ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഇവര്‍ക്ക് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ പരിചയമുണ്ടെന്ന കാരണത്താലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്തവരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നവരാണ് പിടിയിലായ രണ്ടുപേര്‍.
നേരത്തെ അറസ്റ്റിലായവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും ബോംബ് നിര്‍മ്മാണത്തിനുള്ള സാമഗ്രികളും പാസ്‌പോര്‍ട്ടുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞമാസമുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















