വിഘ്നേഷ് പുത്തൂര്‍
ഉടന്‍ പച്ചക്കറി സംഭരിക്കാന്‍ പറ്റാതെ വന്നാല്‍ അരക്കോടിയോളം രൂപയുടെ പച്ചക്കറി ചീഞ്ഞുപോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മറയൂര്‍ : പച്ചക്കറി ശേഖരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് എത്താത്തതിനാല്‍ കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ പച്ചക്കറികള്‍ ചീഞ്ഞ് തുടങ്ങി. രണ്ട് മൂന്ന് ദിവസത്തിനകം കര്‍ഷകരുടെ പച്ചക്കറി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമായ ഹോര്‍ട്ടി കോര്‍പ്പ് തയ്യാറായില്ലെങ്കില്‍ അരക്കോടിയോളം വിലവരുന്ന പച്ചക്കറി ചീഞ്ഞുപോകുമെന്നതാണ് സ്ഥിതി. ക്യാരറ്റ്
കൃഷിയിറക്കിയ കര്‍ഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. വിളവെടുക്കാന്‍ പാകമായിട്ടും വിളവെടുക്കാത്തതിനെത്തുടര്ന്ന് ക്യാരറ്റ് ചീഞ്ഞ് തുടങ്ങിയതായി കാന്തല്ലൂരിലെ കര്ഷകന് വിജയന് പറയുന്നു. വിജയന്റെ കൃഷിയിടത്തിലെ ക്യാരറ്റ് ചീഞ്ഞ് തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ക്യാരറ്റ് പാകമായാല്‍ പത്ത് മുതല്‍ പതിനഞ്ച് ദിവസം വരയേ കാത്തിരിക്കാനാകൂ. ഇതിന് ശേഷവും വിളവെടുത്തില്ലെങ്കില്‍ ചീയാന്‍ തുടങ്ങും. ഓണക്കാലത്ത് ഹോര്‍ട്ടി കോര്‍പ്പ് നാമമാത്രമായി പച്ചക്കറി ശേഖരിച്ചിരുന്നു. ഒരു കിലോ ക്യാരറ്റിന് 21 രൂപയ്ക്കാണ് എടുത്തത്. ഹോര്‍ട്ടി കോര്‍പ്പ് എത്താതിരുന്നതോടെ പച്ചക്കറി മൊത്തവ്യാപാരികള്‍ തീര്‍ത്തും വില ഇടിച്ച് പച്ചക്കറി വാങ്ങാന്‍ തയ്യാറെടുക്കുകയാണ്. കൃഷി വകുപ്പ് പ്രശ്നം അറിഞ്ഞമട്ടേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: