അമ്പലപ്പുഴ: ക്ഷേത്രഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടത്തില്‍ കോളേജ് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രസ്വത്തില്‍ സര്‍ക്കാര്‍ തൊടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കാകരുതെന്നും യോഗം ആവശ്യപ്പെട്ടു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പഴയ സര്‍വ്വെ 202/9 റീസര്‍വ്വേ 533/3ല്‍പ്പെട്ട 6ഏക്കര്‍ 50 സെന്റ് സ്ഥലംവരുന്ന പുത്തന്‍കുളമാണ് നികത്തി കെട്ടിടം നിര്‍മ്മിച്ചത്. സ്ഥലം ക്ഷേത്രഭൂമിയാണെന്നും ഇത് ക്ഷേത്രാനുഷ്ഠാനത്തിന്റെ ഭാഗമായിരുന്നുവെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡും ഭക്തജനങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് ഒരുവിഭാഗം രാഷ്‌ട്രീയ നേതാക്കള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഇളക്കിവിട്ട് തര്‍ക്കകെട്ടിതത്തില്‍ കോളേജ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം നിര്‍മ്മിക്കുന്ന ക്യൂകോംപ്ലക്‌സിന്റെയും മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സെന്ററിന്റെയും ശിലാസ്ഥാപനം നടത്തവേ ക്ഷേത്രസ്വത്തില്‍ സര്‍ക്കാര്‍ തൊടില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പുത്തന്‍കുളത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ കോടതിയിലുള്ള ഒഎസ് 6/2014 നമ്പര്‍ സിവില്‍ കേസിലെ ഒന്നാംപ്രതിയായ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിയമനിഷേധ പ്രോത്സാഹന നടപടി ഉണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ക്ഷേത്രഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവര്‍ ത്തനം മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് സമിതി ആവശ്യപ്പെട്ടു.
















