ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി ബോട്ട് സര്‍വ്വീസ് നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. ഓണക്കാലത്ത് ചില ബോട്ട് സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിലെ അപാകതയാണ് രണ്ടാഴ്ചയായി ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴയിലേയ്‌ക്കുള്ള ഏക ബോട്ട് സര്‍വ്വീസ് നിലച്ചതിന് കാരണമെന്ന് പരാതി ഉയരുന്നു. ബോട്ട് സര്‍വ്വീസ് നിലച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസേന നൂറിലധികം യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്നും രാവിലെ 9.30ന് പുറപ്പെട്ട് കാവാലം വഴി ആലപ്പുഴയിലെത്തുന്ന സര്‍വ്വീസാണ് പ്രധാനമായും മുടങ്ങിയത്. ഇതോടൊപ്പം തന്നെ ആലപ്പുഴയില്‍ നിന്നും തിരികെ കാവാലത്തേയ്‌ക്കുള്ള സര്‍വ്വീസും മുടങ്ങി. ഇതോടെ ആലപ്പുഴയില്‍ ഷിഫ്റ്റ് ക്ലാസുകളില്‍ എത്തേണ്ട കാവാലത്തേയും കായല്‍മേഖലകളിലേയും വിദ്യാര്‍ത്ഥികള്‍ ക്ലേശത്തിലായി. ഈ പ്രദേശങ്ങളിലുള്ള ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനറല്‍ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പോകേണ്ടവരും ഇതോടെ ദുരിതത്തിലായി.
എ 9-ാം നമ്പര്‍ ബോട്ടാണ് ഈ സര്‍വ്വീസ് നടത്തിയിരുന്നത്. രാവിലെ 7.30ന് കാവാലം ലിസ്യൂവില്‍ നിന്നാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. കിടങ്ങറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ലിസ്യൂ, കാവാലം, വെളിയനാട് പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമായിരുന്നു ഈ ബോട്ട് സര്‍വ്വീസ്.
കാവാലം തട്ടാശ്ശേരിയിലുള്ള ക്ഷീരസംഘത്തില്‍ പാലളക്കുന്നതിന് ലിസ്യൂ, സിഎംഎസ്, ജെട്ടി പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകരും സര്‍വ്വീസ് പ്രയോജനപ്പെടുത്തിയിരുന്നു. കായല്‍നിലങ്ങളില്‍ പണിക്ക് പോകേണ്ട തൊഴിലാളികള്‍ക്കും ഈ ബോട്ട് സര്‍വ്വീസ് നിര്‍ത്തലാക്കിയത് ഏറെ ബുദ്ധിമുട്ടിലാക്കി. എന്നാല്‍ യാത്രാ ദുരിതത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്നും പഴയരീതിയില്‍ ബോട്ട് സര്‍വ്വീസുകള്‍ പുനക്രമീകരിക്കുമെന്നും ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.
















