തിരുവനന്തപുരം: കരമന പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറുന്നു. ഇതുമൂലം സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും വഴിനടക്കാന്‍ സാധിക്കുന്നില്ല.
വിവിധ കേസുകളില്‍ കരമന പോലീസ് പിടിച്ചെടുത്ത് കരമനപാലത്തിനു സമീപം ദേശീയപാതയില്‍ നിറുത്തിയിട്ടിരുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് കരമന സ്കൂള്‍ റോഡിലേക്ക് മാറ്റിയത്. ഗേള്‍സ് ഹൈസ്ക്കൂളിലെയും ബോയിസ് ഹൈസ്ക്കൂളിലെയും വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത് ഈ റോഡ് വഴിയാണ്. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഓട്ടോറിക്ഷ മുതല്‍ ടിപ്പര്‍ ലോറിവരെയുണ്ട്. പിടിച്ചെടുത്ത മണലുമായാണ് ലോറികള്‍ നിറുത്തിയിട്ടിരിക്കുന്നത്.
വാഹനങ്ങളില്‍ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നതോടെ ചെറിയ കുറ്റിക്കാടിന്റെ പ്രതീതിയാണ് ഈ പ്രദേശത്ത്. ഇതോടെയാണ് ഇഴജന്തുക്കള്‍ വാഹനങ്ങളുടെ ഉള്‍ഭാഗം വാസസ്ഥലമാക്കിയത്. വിദ്യാര്‍ത്ഥികള്‍ നടന്നുപോകുമ്പോള്‍ ഇഴജന്തുക്കളെ റോഡില്‍ കാണാറുണ്ട്. പലപ്പോഴും സമീപവാസികള്‍ എത്തി പാമ്പുകളെ ഓടിച്ചശേഷമാണ് വിദ്യാര്‍ത്ഥികളെ കടത്തിവിടുന്നത്. റോഡിനു സമീപത്തായാണ് കരമന ഗണപതിക്ഷേത്രവും. വിദ്യാര്‍ത്ഥികളുടെ അവസ്ഥ തന്നെയാണ് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കും. ഇഴജന്തുക്കള്‍ സമീപത്തെ വീടിനുള്ളില്‍ കയറുന്നതും പതിവാകുന്നു. കുറ്റിക്കാടായതിനാല്‍ രാത്രികാലങ്ങളില്‍ ചപ്പുചവറുകളും ഇവിടെ നിക്ഷേപിക്കുന്നു. ഇതോടെ നായക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.
കരമന പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത് വാടകകെട്ടിടത്തിലാണ്. പോലീസ് വാഹനം പോലും സ്റ്റേഷനു മുന്നില്‍ നിറുത്തിയാടാന് സാധിക്കാതെ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ ഇതു വഴി പോകുന്നവര്‍ക്ക് മുന്നറിയിപ്പായി നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് സമീപം പാമ്പുവളര്‍ത്തല്‍ കേന്ദ്രമെന്ന് ബോര്‍ഡും വച്ചു. സ്കൂള്റോഡില് നിന്നു വാഹനങ്ങള്‍ മാറ്റിയിടണമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി ഗണപതി ക്ഷേത്രം പ്രസിഡന്റ് കരമന അജിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: