പഞ്ചേന്ദ്രിയങ്ങളില്‍ സുപ്രധാന സ്ഥാനമാണ് കാതുകള്ക്കുള്ളത്. എന്നാല്‍ ഈ അവയവത്തിനു നാം എത്രമാത്രം പരിചരണം നല്‍കുന്നുണ്ട്. ശരിയായ പരിചരണം കാതുകള്‍ക്കും ആവശ്യമാണ്. കണ്ണും മൂക്കും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിനാല് അവയുടെ പരിചരണത്തിന് ഊന്നല്‍ നല്കുന്നതുപോലെ കാതുകളുടെ കാര്യത്തിലും ഒരു കരുതല്‍ വേണം. ഇല്ലെങ്കില്‍ നഷ്ടമാകുന്നത് കാതുകളുടെ ആരോഗ്യമാണ്. ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കില്‍ വേഗത്തില്‍ അണുബാധയുണ്ടാകുന്ന ശരീര ഭാഗമാണ് ചെവി. അതേസമയം അമിതപരിപാലനം വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
ചെവിക്കായം നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്ന പ്രവണത അത്ര നല്ലതല്ല. ബഡ്സിന്റെ ഉപയോഗത്താല്‍ കര്‍ണപുടത്തിന് ക്ഷതം പറ്റിയ സംഭവങ്ങളുമുണ്ട്. കുട്ടികളുടെ കാതില്‍ ബഡ്സ് ഉപയോഗിക്കുന്നത് ഡോക്ടര്‍മാരും പ്രോത്സാഹിപ്പിക്കുന്നില്ല.
ചെവിയില്‍ മുറിവേല്‍ക്കുകയോ മറ്റൊ ചെയ്താല്‍ അത് അണുബാധയ്ക്കുവരെ കാരണമായേക്കാം. ഈ അണുബാധ കേള്‍വിശക്തി നശിക്കുന്നതിനും ഇടയാക്കിയേക്കാം.
ചെവിക്കായം നീക്കം ചെയ്യുന്നതിനായി ബഡ്സും സേഫ്റ്റിപിന്നും, എന്തിനേറെ തീപ്പെട്ടിക്കൊലുപോലും ഉപയോഗിക്കുന്നുണ്ട്. ചെവിക്കായം അടിക്കടി നീക്കം ചെയ്യേണ്ട ആവശ്യം പോലുമില്ല.
ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഈ സ്രവം വാസ്തവത്തില്‍ കര്‍ണപുടത്തെ ചെറു പ്രാണികള്‍, പൊടിപടലങ്ങള്‍, മറ്റുമാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് തനിയെ ചെവിയില്‍ നിന്നും വെളിയിലേക്ക് പുറന്തള്ളപ്പെട്ടുകൊള്ളും. ബഡ്സിന്റെ ഉപയോഗത്താല്‍ ഇവ വീണ്ടും അകത്തേയ്ക്കുതന്നെ കുത്തി നിറയ്ക്കപ്പെടും. ചെവിയ്ക്കുള്ളില്‍ അസഹ്യമായ വേദന, ചൊറിച്ചില്‍ എന്നിവയുണ്ടായാല് മാത്രമേ ചെവിക്കായം നീക്കം ചെയ്യേണ്ട ആവശ്യമുള്ളു.
ചെവിയ്ക്കുള്ളില്‍ വെള്ളം കയറാന്‍ അനുവദിക്കരുത്. ഇത് അണുബാധയ്ക്ക് കാരണമാകും. കുട്ടികളേയും മറ്റും കുളിപ്പിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുളി കഴിഞ്ഞ് പരുത്തിത്തുണികൊണ്ട് ജലാംശം മുഴുവനായും ഒപ്പിയെടുക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചെവിയുടെ ആരോഗ്യം എന്നെന്നും കാത്തുരക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: