കണ്ണൂര്‍: ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെ തലശ്ശേരി സെയ്ദാര്‍ പള്ളിയിയിലെ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ ഫസലിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തി ഒന്‍പത് വര്‍ഷം പിന്നിട്ടിട്ടും പാര്‍ട്ടി നേതൃത്വവും പാര്‍ട്ടി പത്രവും നുണപ്രചരണവുമായി രംഗത്ത്. ഒരു നുണ പലതവണ പറഞ്ഞാല്‍ ജനങ്ങള്‍ അത് വിശ്വസിക്കുമെന്ന ഫാസിസ്റ്റ് തന്ത്രമാണ് സിപിഎമ്മും പാര്‍ട്ടിയുടെ ജിഹ്വയായ ദേശാഭിമാനിയും അവലംബിക്കുന്നത്. ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച് അടക്കം സംസ്ഥാനത്തെ ആറ് വ്യത്യസ്ഥ അന്വേഷണ ഏജന്‍സികളും സിബിഐയും അന്വേഷിച്ച കേസില്‍ തലശ്ശേരിയിലെ രണ്ട് ക്രിമിനല്‍ നേതാക്കളടക്കം എട്ട് സിപിഎമ്മുകാരാണ് അറസ്റ്റിലായത്. സംഘടനാ വിരുദ്ധപ്രവര്‍ത്തനത്തിന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ കാല്‍കാശിന് വിലയില്ലാത്ത ഊച്ചാളികളായ ചില അവസരവാദികളുടെ ജല്പനങ്ങളെ വേദവാക്യമായെടുത്താണ് സിപിഎം പുതിയ നുണക്കഥകള്‍ മെനയുന്നത്. പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളഞ്ഞ ഇവരുടെ പ്രചരണങ്ങളെ ആവര്‍ത്തിച്ച് പറഞ്ഞ് വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയോരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഫസല്‍ വധക്കേസിലെ പ്രതികളെ പിടികൂടിയത്. കോടിയേരിയുടെ സാന്നിധ്യത്തില്‍ സിപിഎം ക്രിമിനലുകളായ കൊടി സുനിയുള്‍പ്പടെയുള്ള പ്രതികളെ 2007 സപ്തംബറില്‍ തലശ്ശേരി ഗസ്റ്റ് ഹൗസില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ അവരൊന്നും സിപിഎമ്മുകാരല്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം പറഞ്ഞത്. പിന്നീട് സിപിഎം ക്രമിനല്‍ നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അറസ്റ്റിലായതോടെയാണ് പാര്‍ട്ടി നേതൃത്വം പ്രതിക്കൂട്ടിലായത്. കൊലപാതകം നടന്നതു മുതല്‍ തന്നെ അന്വേഷണം വഴിതിരിച്ച് വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥരെ സിപിഎം നേതൃത്വം ഇടപെട്ട് സ്ഥലം മാറ്റുകയായിരുന്നു. യഥാര്‍ത്ഥ കൊലയാളികളെ പുറത്ത് കൊണ്ടുവന്ന അന്വേഷണ സംഘത്തിന്റെ തലവന്‍ ഡിവൈഎസ്പി ബാലകൃഷ്ണനെ തളിപ്പറമ്പില്‍ സദാചാര പ്രശ്നത്തില്‍ക്കുരുക്കി പാര്‍ട്ടിക്കാരെ ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഇപ്പോള്‍ ജനകീയ വിചാരണ നടത്തി ഫസല്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം പറയുമ്പോള്‍ അതിന് മറുപടിപറയേണ്ടത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി തന്നെയാണ്.
ഫസലിന്റെ ബന്ധുക്കള്‍ നടത്തിയ നിയമ പോരാട്ടമാണ് സിബിഐ അന്വേഷണത്തിന് വഴിവെച്ചത്. സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ അന്നത്തെ ഇടതു സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി സിബിഐ അന്വേഷണത്തിന് തടയിടാന്‍ സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ സിബിഐ അനേഷണം നടത്തി യഥാര്‍ത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്തതോടെയാണ് നേതൃത്വം പുതിയ നുണക്കഥകളുമായി രംഗത്ത് വന്നത്. കൊലയാളികള്‍ക്ക് ഒളിസങ്കേതമൊരുക്കിയതും ഉല്ലാസ യാത്രക്ക് സൗകര്യം ചെയ്ത് കൊടുത്തതും പാര്‍ട്ടിയുടെ ചെലവിലാണ്. കൊലപാതകത്തിന് ദൃക്സാക്ഷിയായ സമീപത്തെ വീട്ടുകാരെ സ്വാധീനിക്കാനും പാര്‍ട്ടി ശ്രമിച്ചിരുന്നു. കൊലപാതകത്തെ വര്‍ഗീയവല്‍ക്കരിച്ച് ജില്ലയില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാക്കി സമാധാനത്തിന്റെ അപ്പോസ്ഥലന്മാരായി രംഗത്ത് വരാമെന്നായിരുന്നു നേതാക്കന്മാരുടെ കണക്കുകൂട്ടല്‍. ആര്‍എസ്എസ് മണ്ഡല് കാര്യവാഹിന്റെ വീടിന് സമീപത്ത് ഫസലിന്റെ രക്തം പുരണ്ട തൂവാല കൊണ്ടിട്ടത് ഈ ഉദ്ദേശത്തോടെയാണ്.
ഫസല്‍ കൊല്ലപ്പെട്ട 2006 ഒക്ടോബര്‍ 22 ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സിപിഎം നേതാക്കള്‍ക്കൊപ്പം കൊലയാളികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമെത്തിയിരുന്നു. ഇത് സിപിഎം നേതൃത്വം തയ്യാറാക്കിയ കൃത്യമായ തിരക്കഥയുടെ ഭാഗമായിരുന്നു. സമാധാനത്തിന്റെ അപ്പോസ്ഥലന്മാരായി രംഗത്തെത്തിയ കാരായിമാരുടെ നേതൃത്വത്തിലാണ് പെരുന്നാള്‍ ദിവസം തന്നെ ഒരു മുസ്ലീം ചെറുപ്പക്കാരനെ അതിനിഷ്ഠൂരമായി വെട്ടിക്കൊന്നതെന്ന് തെളിഞ്ഞപ്പോള്‍ ഞെട്ടിപ്പോയത് കേരളീയ സമൂഹമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇരുവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ പുരോഗമനവാദികളെന്ന് മേനിപറഞ്ഞ് നടക്കുന്ന സിപിഎം നേതൃത്വം തന്നെയാണ് ഫസലിനെ കൊന്നതെന്ന് വെളിപ്പെട്ട സാഹചര്യത്തില്‍ അതില്‍ നിന്നുള്ള ജാള്യം മറച്ച് വെക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ കോമാളിക്കളി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: