കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരികി ശിക്ഷണ്‍ പ്രമുഖായിരുന്ന കെ.മനോജിനെ സിപിഎം സംഘം വെട്ടിക്കൊന്ന ഉക്കാസ് മൊട്ടയില്‍ മനോജിന്റെ ബലിദാനദിനമായ ഇന്നലെ മൂന്ന് തെരുവുനായ്ക്കളെ വെട്ടിക്കൊന്ന് കെട്ടിത്തൂക്കിയ സിപിഎമ്മിന്റെ മനുഷ്യത്വം മരവിച്ച നടപടിക്കെതിരെ ജില്ലയിലും സംസ്ഥാനത്താകമാനവും സമാധാനകാംക്ഷികളുടെയും മനുഷ്യസ്നേഹികളുടെയും ശക്തമായ പ്രതിഷേധം. കൊന്നിട്ടും കലിതീരാത്ത സിപിഎമ്മിന്റെ മനുഷ്യത്വ രഹിതമായ കാടത്തനടപടിക്കെതിരെ സോഷ്യല്‍ മീഡിയകളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അനുദിനം ഉപ്പുവെച്ച കലംപോലെ ഉടഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ട്ടി സമൂഹത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും കൂടുതല്‍ അകലുന്ന സ്ഥിതിയാണ് ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കണ്ണൂരിലെയും കതിരൂര്‍ മേഖലയിലെയും പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും ചില നേതാക്കള്‍ക്കിടയിലും പാര്‍ട്ടി നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ നടത്തുന്ന ഇത്തരം കൊടുംക്രൂരതകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നാടുമുഴുവന്‍ അക്രമവും കൊലപാതകവും നടത്തി ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമാക്കാനേ ഇത്തരം കാടത്ത നടപടികള്‍ വഴിയൊരുക്കൂ എന്ന് ചില നേതാക്കള്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ അറിയിച്ചതായാണ് വിവരം. മനോജിന്റെ മരണത്തില്‍പ്പോലും ഫേസ് ബുക്കിലുള്‍പ്പെടെ ആഹ്ലാദ ട്വീറ്റ് നടത്തി അര്മാദിച്ച പാര്‍ട്ടി നേതാക്കളുടെ അനുവാദത്തോടെ ഇതിലും ഇതിലപ്പുറവും നടന്നാലും അത്ഭുതമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എം.വി.രാഘവനോട് വിരോധം തീര്‍ക്കാന്‍ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ ചുട്ടുകൊന്ന പാര്‍ട്ടി ഇസ്ലാമിക ഭീകരവാദികളെപ്പോലും വെല്ലുന്ന തരത്തില്‍ തെരുവുനായ്ക്കളെ അറുകൊല ചെയ്ത് കെട്ടിത്തൂക്കി പ്രദര്‍ശിച്ച നടപടി മൃഗസ്നേഹികളിലും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മിണ്ടാപ്രാണികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തെക്കുറിച്ച് പോലീസും സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കൊന്നിട്ടും കലിതീരാത്ത സിപിഎം ആത്മാക്കളെപ്പോലും വെറുതെ വിടാന്‍ തയ്യാറല്ലെന്ന് ഈ നിഷ്ഠുരകൃത്യത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയേണ്ടി വരുമെന്നുറപ്പാണ്. പാര്‍ട്ടി പിന്തുടര്ന്നു വരുന്ന മനുഷ്യത്വ രഹിതവും ഹീനവുമായ ഇത്തരം നടപടികളാണ് കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്താകമാനം പ്രബുദ്ധരായ യുവാക്കളടക്കമുള്ള നിരവധി ആളുകള്‍ സിപിഎം വിട്ട് സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളില്‍ അണിചേരുന്നതെന്ന യാഥാര്‍ത്ഥ്യം ഇവര്‍ എന്ന് തിരിച്ചറിയുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: