പ്രശാന്ത്ആര്യ
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങ് അലങ്കോലമാക്കാന്‍ ഒരുകൂട്ടം കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. വേദിയിലിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഗണിച്ചാണ് കോണ്‍ഗ്രസുകാര്‍ ശശി തരൂര്‍ എംപിക്ക് ജയ് വിളിയുമായി കേന്ദ്രമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. തരൂരിന് മുദ്രാവാക്യം വിളിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാര്‍ അവസാനം ദേശീയഗാനം ആലാപനം തടസ്സപ്പെടുത്തി അപമാനിക്കുകയും ചെയ്തു.
ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ ശിലാസ്ഥാപന ചടങ്ങ് കഴക്കൂട്ടത്ത് സംഘടിപ്പിച്ചത് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയാണ്. ഉദ്ഘാടകന്‍ കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയും അദ്ധ്യക്ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായിരുന്നു. കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണനായിരുന്നു മുഖ്യാതിഥി. പത്തുവര്‍ഷം യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി ഭരിച്ചിട്ടും ബൈപ്പാസ് നാലുവരിയാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. രണ്ടുവരിയില്‍ ബൈപ്പാസ് നിര്‍മിക്കാന്‍ വേണ്ട പണം അനുവദിച്ചത് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരായിരുന്നു. തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാരുകളും എംപിമാരും ഈ ബൈപ്പാസിനെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു.
തിരുവനന്തപുരത്തു നിന്ന് എംപിയെ ലഭിക്കാതിരുന്നിട്ടും അധികാരമേറ്റ ഉടന്‍ നാലുവരിപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാനഘടകം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെയും സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെയും ഇടപെടലായിരുന്നു ബൈപ്പാസ് നാലുവരിയാക്കാന്‍ കാരണം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ പാത നാലുവരിയാക്കാന്‍ അനുമതി ലഭിച്ചെന്ന അവകാശവാദവുമായി ശശിതരൂര്‍ നഗരത്തിലെമ്പാടും ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിനിടെയും എംപി നിരര്‍ഥകമായ വാദങ്ങള്‍ നിരത്തി തന്റെ മിടുക്കുതെളിയിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മറ്റുഭാഗങ്ങളില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പണം കൊടുത്ത് ഇറക്കി ജയ് വിളിപ്പിച്ച് ചടങ്ങ് അലങ്കോലമാക്കുകയായിരുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ പരിശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വേദിയിലിരുത്തി അപമാനിച്ചുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ശശി തരൂരിന് ജയ് വിളിച്ചത്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിലെ റോഡ് വികസനത്തിനുള്ള ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും കോണ്‍ഗ്രസുകാര്‍ ശശി തരൂരിന് ജയ് വിളിച്ചുകൊണ്ടിരുന്നു. ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുദ്രാവാക്യം വിളിച്ചിരുന്നവരില്‍ ഒട്ടനവധിപേരെ കോണ്‍ഗ്രസ് ജില്ലാ-മണ്ഡലം നേതാക്കള്‍ക്ക് അറിയുകപോലുമില്ലായിരുന്നു. എന്നാല്‍ സദസ്സിലുണ്ടായിരുന്ന ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നവരായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ നിറഞ്ഞ കയ്യടിയോടെയാണ് അവര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസുകാരുടെ നാണംകെട്ട പ്രവൃത്തി ഒരുഘട്ടത്തില്‍ മുഖ്യമന്ത്രിയെപ്പോലും ലജ്ജിപ്പിച്ചു. ചടങ്ങ് അവസാനിപ്പിച്ച് ദേശീയഗാനം ആലപിച്ചിരുന്നപ്പോഴും ഘോരശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ച് ഒരുകൂട്ടം കോണ്ഗ്രസ്സുകാര് സംഘര്‍ഷത്തിന് ശ്രമിച്ചു. ബൈപ്പാസിന്റെ നിര്‍മാണം ആരംഭിച്ചത് കേവലം തന്റെ മാത്രം മിടുക്കുകൊണ്ടാണെന്ന് തെളിയിക്കാനായിരുന്നു തരൂര്‍ ഈ നാടകം കളിച്ചതെന്ന് സദസ്യര്‍ അടക്കം പറയുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: