കാഞ്ഞങ്ങാട്:’കഴിഞ്ഞ ദിവസം സിപിഎം ക്രിമിനലുകള്‍ കായക്കുന്നില്‍ നടത്തിയ തേര്‍വാഴ്ചയില്‍ ബിജെപി പ്രവര്ത്തകന് വി.കെ.വിജയന്റെ ഓടു മേഞ്ഞ വീട് പൂര്‍ണമായും തകര്‍ത്തു. തിരുവോണ ദിവസം കായക്കുന്നിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ ഒത്താശയോടെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതില്‍ തെരുവിലായത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ വിഷ്ണു എന്ന പത്തൊമ്പതുകാരനും അച്ചനും അമ്മയും സഹോദരിയും ഉള്‍പ്പെട്ട കുടുംബമാണ്.
കായക്കുന്നില്‍ ബിജെപി പ്രവര്‍ത്തകനായ വിജയന്റെ മകനാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ വിഷ്ണു. കായക്കുന്നിലെ സജീവ ബിജെപി പ്രവര്‍ത്തകനായ വിജയന് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. വിജയന്റെ പ്രവര്‍ത്തനത്തിന് തടയിടാന്‍ സിപിഎം ക്രിമിനലുകള്‍ പലപ്രാവശ്യം ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. തിരുവോണ ദിവസം ആസൂത്രിതമായി വിജയനെ അക്രമിക്കാന്‍ വീട്ടിലെത്തുകയും കൊലവിളി നടത്തുകയുമായിരുന്നു. ആ സമയം വിജയനും ഭാര്യ സുമയും മകന് വിഷ്ണുവും എരളാലിലെ തറവാട്ടില്‍ ഓണാഘോഷത്തിലായിരുന്നു. കൊലവിളി നടത്തവെ സ്ഥലത്തെത്തിയ വിജയന്റെ സഹോദരന് പുഷ്പരാജിനെ അക്രമിക്കുകയും കുത്തുകയുമായിരുന്നു. ഈ സംഘര്‍ഷത്തിനിടയ്ക്കാണ് അക്രമി സംഘത്തില്‍പ്പെട്ടയാള്‍ മരണപ്പെടുന്നത്. വയറിനും നെഞ്ചിനും ഏഴോളം കുത്തേറ്റ പുഷ്പരാജ് മംഗലാപുരത്ത് ചികിത്സയിലാണ്. തുടര്‍ന്ന് സംഭവ സ്ഥലത്തുപോലുമില്ലാതിരുന്ന വിജയന്റെ വീട് പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. കൂടാതെ പുതിയ വീട് വെയ്ക്കാനായി പണിത തറയും തകര്‍ത്തു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് വീട് തകര്‍ത്തതെന്ന് ആശുപത്രിയില്‍ അനുജനെ പരിചരിക്കുന്ന വിജയന് പറഞ്ഞു. എരളാളിലെ തറവാട് വീടിന് നേരെയും അക്രമം നടന്നിട്ടുണ്ട്. വാഹനവും തകര്‍ത്തു.
രണ്ടര വര്‍ഷം മുമ്പാണ് വിജയന് കായക്കുന്നില്‍ താമസം വരുന്നത്. സിപിഎമ്മിന്റെ മദ്യപാന കേന്ദ്രമായിരുന്ന സ്ഥലമാണ് വിജയന് വിലയ്ക്കെടുത്ത് താമസം വരുന്നത്. പ്രദേശത്തെ സിപിഎമ്മുകാരായ മദ്യപാന സംഘത്തിനെതിരെ വിജയന് പ്രതികരിച്ചിരുന്നു. നേരത്തെ വിജയന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി വീട് ഉപേക്ഷിച്ചു പോകണമെന്ന് ഭീഷണി മുഴക്കിയിരുന്നതായും വിജയന് പറഞ്ഞു. സിപിഎം ക്രിമിനലുകളുടെ വിളയാട്ട കേന്ദ്രമാണ് കായക്കുന്ന് പ്രദേശം. ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയും അക്രമവും ഭയന്നാണ് പലരും പ്രതികരിക്കാത്തത്. പോലീസില്‍ പരാതി പറഞ്ഞാല്‍ ചില പോലീസുകാര്‍ തന്നെ അക്രമി സംഘത്തിന് പരാതിക്കാരുടെ വിവരം കൈമാറുന്നു. വീട് തകര്‍ക്കപ്പെട്ടതോടെ വര്‍ഷങ്ങളായി അസുഖബാധിതനായ മകനെയും കുടുംബത്തെയും ഇനി എവിടെ താമസിപ്പിക്കുമെന്ന ആധിയിലാണ് വിജയന്. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന അനുജന് കുട്ടിരിക്കാനുള്ളതിനാല് മകനെയും ഭാര്യയെയും തറവാട് വീട്ടിലാക്കിയിരിക്കുകയാണ്. പുതിയ വീട് വെയ്ക്കാനുള്ള തറ പോലും അവര്‍ തകര്‍ത്തുകളഞ്ഞെന്ന് വിജയന് വിലപിക്കുന്നു. വീടിന് ചുറ്റിലും വിജയന് അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷിക വിളകള്‍ മുഴുവനും വെട്ടിനശിപ്പിച്ചിട്ടുണ്ട്. ഇതൊന്നും ഒരു മുഖ്യധാരാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ലെന്നും വിജയന് വേദനയോടെ പറഞ്ഞു.
കഴിഞ്ഞ ദിവസം കായക്കുന്നില്‍ സിപിഎം അക്രമികള്‍ പൂര്‍ണമായും തകര്‍ത്ത ബിജെപി പ്രവര്ത്തകന് വി.കെ.വിജയന്റെ വീടും കൃഷിത്തോട്ടവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: