കൃത്യമായ സമയത്ത് ശരിയായ സ്ഥലത്ത് തുടര്‍ച്ചയായി പ്രഹരിച്ചാല്‍ ഹിന്ദുവിന്റെ മനോവീര്യം നിലനില്‍ക്കില്ല”, പാക്കിസ്ഥാന് സൈനിക മേധാവിയും 1965ലെ ഭാരത-പാക് യുദ്ധകാലത്തെ പാക് പ്രസിഡന്റുമായിരുന്ന ജനറല്‍ അയൂബ് ഖാന് കരുതി.
1962ലെ ചൈനീസ് യുദ്ധത്തില്‍ പിന്മാറേണ്ടിവന്ന ഭാരത സൈന്യത്തെ തകര്‍ക്കാന്‍ പറ്റിയ സമയമാണിതെന്ന് പാക് വിദേശകാര്യമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ഉപദേശിച്ചു. എന്നാല്‍ 47കോടി ഭാരതീയരുടെ മുഴുവന്‍ ആശീര്‍വാദത്തോടെ യുദ്ധഭൂമിയിലേക്കിറങ്ങിയ എട്ടുലക്ഷത്തോളം വരുന്ന സൈന്യത്തിന് മുന്നില്‍ പാക്കിസ്ഥാന് പരാജയം രുചിച്ചിട്ട് അമ്പതാണ്ട്. 1965ലെ യുദ്ധവിജയത്തിന്റെ സ്മരണയിലാണ് രാഷ്ട്രം.
പാക് സൈന്യം ആരംഭിച്ച ഓപ്പറേഷന് ജിബ്രാള്‍ട്ടറിനെ നേരിട്ട കരസേനയുടെ 19 ഇന്‍ഫന്ററി ഡിവഷനും 68 ഇന്‍ഫന്ററി ബ്രിഗേഡും ചേര്‍ന്ന് കശ്മീരിലെ തന്ത്രപ്രധാന യുദ്ധമേഖലയായിരുന്ന ഹാജിപിര്‍ ബൈപ്പാസ് കരസേന പിടിച്ചടക്കിയത് ആഗസ്റ്റ് 28നാണ്. ‘ഓപ്പറേഷന് ബക്ഷി’ എന്ന പേരില്‍ അറിയപ്പെട്ട യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വെള്ളിയാഴ്ച ദല്‍ഹിയില്‍ നടന്നു. ദ്രാസും കാര്ഗിലുമുള്പ്പെടെയുള്ള തന്ത്രപ്രധാന ഭൂപ്രദേശങ്ങള്‍ ഭാരതത്തിന്റെ പക്കലെത്തിയതും ഹാജിപിര്‍ യുദ്ധവിജയത്തോടെയാണ്.
തക്കംപാര്‍ത്ത്
പാക്കിസ്ഥാന്റെ ആക്രമണം
1965ല്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടി. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകള്‍ക്ക് വിധേയമായി ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വം വിട്ടുവീഴ്ചകള്‍ക്ക് വിധേയരാവുകയും 350 ചതുരശ്ര കിലോമീറ്ററ് ഭൂപ്രദേശം പാക്കിസ്ഥാന് വിട്ടു നല്‍കേണ്ടിയും വന്നു. 1962ലെ ഭാരത-ചൈന യുദ്ധത്തിലെ പിന്മാറ്റം അന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിലുണ്ടാക്കിയ ശൂന്യതയും ദിശാബോധമില്ലായ്മയും പാക്കിസ്ഥാന് സമര്‍ത്ഥമായി മുതലെടുത്തു തുടങ്ങുകയായിരുന്നു.
ആഗസ്ത് അഞ്ച്: മേജര്‍ ജനറല്‍ അക്തര്‍ ഹുസൈന് മാലിക് നയിച്ച പാക് കരസേനയുടെ പന്ത്രണ്ടാം ഇന്‍ഫന്ററി ഡിവിഷന് 30,000 സൈനികരുടെ പിന്തുണയോടെ ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖ മറികടന്നു. ഇതോടെ കരയുദ്ധത്തിന് തുടക്കമായി. ഭാരതത്തിന്റെ 68 ഇന്‍ഫന്ററി ബ്രിഗേഡിനെയാണ് ഹാജിപിര്‍ സെക്ടറില്‍ വിന്യസിച്ചിരുന്നത്. പൂഞ്ചിനേയും പാക് അധീന കശ്മീരിലെ പാക് സൈന്യത്തിന്റെ ബേസ് ക്യാമ്പിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന മേഖലയായിരുന്നു ഹാജിപിര്‍. ബെഡോരി, ലെഡ്വാലി, സങ്ക് എന്നീ മൂന്ന് മലനിരകള്‍ പിടിച്ചടക്കിയ ഭാരത കരസേന ആഗസ്റ്റ് 28ന് രാവിലെ 10 മണിക്ക് ഹാജിപിര്‍ ബൈപ്പാസ് കൈവശമാക്കി. ജമ്മുകശ്മീര്‍ നേടിയെടുക്കുന്നത് ലക്ഷ്യമിട്ട് പാക് സൈന്യം ആരംഭിച്ച യുദ്ധത്തില്‍ ഹാജിപിര്‍ ഭാരതസേനയുടെ പക്കലായതോടെ ജമ്മുകശ്മീര്‍ മേഖലയിലെ മുന്നേറ്റം തടയപ്പെട്ടു.
ഇതിന് പിന്നാലെ കരസേനയുടെ പതിനൊന്ന്, ഒന്ന് കോര്പ്സുകള് പാക്കിസ്ഥാന്റെ ലാഹോര്‍,സിയാല്‍ക്കോട്ട് എന്നീ നഗരങ്ങള്‍ ലക്ഷ്യമിട്ട് മുന്നേറ്റം തുടങ്ങിയതോടെ ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി മേഖലയിലേക്ക് മുഴുവനും യുദ്ധം വ്യാപിച്ചു. ഭാരതത്തിന്റെ അപ്രതീക്ഷിത നടപടി പാക് സൈന്യത്തിന് വലിയ നഷ്ടമുണ്ടാക്കി.
സപ്തംബര്‍ ഒന്നിന് ജമ്മുവിലെ അകനൂര് ലക്ഷ്യമിട്ട് പാക്കിസ്ഥാന് ഓപ്പറേഷന് ഗ്രാന്‍ഡ് സ്ലാം ആരംഭിച്ചു. ഹാജിപിര്‍ നഷ്ടപ്പെട്ട ഓപ്പറേഷന് ഗിബ്രാള്‍ട്ടറിന്റെ പരാജയത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ വ്യോമസേനയുടെ സഹായത്തോടെ ഇതും തകര്‍ക്കാന്‍ ഭാരതത്തിനായി.
ലാഹോര്‍ വരെയെത്തിയ
കരസേന
സപ്തംബര്‍ ആറിന് അന്താരാഷ്ട്ര അതിര്‍ത്തി മറികടന്ന് ഭാരത സൈന്യം പാക്കിസ്ഥാനിലേക്ക് കടന്നു. രണ്ടാംലോകമഹായുദ്ധകാലത്തെ താരം മേജന്‍ ജനറല്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള 15-ാം ഇന്‍ഫന്ററി ഡിവഷന് ഇച്ചോഗില്‍ കനാല്‍ മറികടന്ന് ലാഹോറിന് കിഴക്ക് ബാര്‍കി ഗ്രാമം വരെയെത്തി. ഇതോടെ ലാഹോര്‍ വിമാനത്താവളം ഭാരത കരസേനയുടെ പരിധിക്കുള്ളിലെത്തിയിരുന്നു. ലാഹോറില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ സാവകാശം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഇടപെട്ട് താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെടുന്നതുവരെയെത്തി കാര്യങ്ങള്‍. ഇതേസമയം തന്നെ മൂന്നാം ജാട്ട് റെജിമെന്റ് ഇച്ചോഗില്‍ കനാല്‍ മറികടന്ന് പാക് നഗരമായ ബട്ടാപൂര് പിടിച്ചെടുത്തു.
സിയാല്‍ക്കോട്ട് മേഖലയിലായിരുന്നു അതിരൂക്ഷമായ കരയുദ്ധം നടന്നത്.
ഭാരത കരസേനയുടെ എക്കാലത്തേയും അഭിമാനമായ ഒന്നാം ആര്‍മ്ഡ് ഡിവിഷന് പാക്കിസ്ഥാന്റെ ആറാം ആര്‍മ്ഡ് ഡിവിഷനെ ഇവിടെ നേരിട്ടു. കനത്ത നഷ്ടമാണ് പാക്കിസ്ഥാനുണ്ടായത്. നൂറോളം പാറ്റണ് ടാങ്കുകള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. സപ്തംബര്‍ 10ന് ഖേംകരനില്‍ നടന്ന യുദ്ധത്തില്‍ പാക്കിസ്ഥാന്റെ കൈവശമുണ്ടായിരുന്ന 97 അമേരിക്കന്‍ നിര്‍മ്മിത ടാങ്കുകളാണ് തകര്‍ക്കപ്പെട്ടത്.
ഇതിനിടെ ഐക്യരാഷ്ട്രസഭ സപ്തംബര്‍ നാലിന് യോഗം ചേര്‍ന്ന് കാശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചു. 16ന് ഭാരത പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി യുദ്ധത്തിന്റെ പേരില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി. സപ്തംബര്‍ 22ന് പാക് വിദേശകാര്യമന്ത്രി സുള്‍ഫിക്കല്‍ അലി ഭൂട്ടോ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനത്തില്‍ അസംതൃപ്തരാണെന്നും പഴയ സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ജി. പാര്‍ത്ഥസാരഥി ഭാരതവും വെടിനിര്‍ത്തലിനോട് യോജിക്കുന്നതായി അറിയിച്ചു. സപ്തംബര്‍ 23ന് 3.30മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു.
നഷ്ടം ഇങ്ങനെ
പാക്കിസ്ഥാന്റെ 5259 സൈനികരും ഭാരതത്തിന്റെ 3000 സൈനികരുമാണ് യുദ്ധത്തില്‍ നഷ്ടപ്പെട്ടതെന്നാണ് കണക്ക്. പാക്കിസ്ഥാന്റെ 471 ടാങ്കുകള്‍ യുദ്ധത്തില്‍ തകര്‍ന്നു. 43 യുദ്ധവിമാനങ്ങളും ഭാരത സൈന്യം തകര്‍ത്തു. 765 ടാങ്കുകളുണ്ടായിരുന്ന പാക് കരസേനയുടെ മൂന്നില്‍ രണ്ട് ടാങ്കുകളും യുദ്ധത്തില്‍ നഷ്ടമായി. ഭാരതത്തിന്റെ മരുഭൂമിയിലെ 540 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ പാക് കൈവശമായി. എന്നാല്‍ ജമ്മുകശ്മീരിലും പഞ്ചാബിലും ഉള്‍പ്പെടെ 1840 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാക്കിസ്ഥാനില്‍ നിന്നും ഭാരത സൈന്യം പിടിച്ചെടുത്തു.
എന്നാല്‍ ഭാരതത്തിന്റെ വ്യോമസേനയ്ക്കും കനത്ത നാശനഷ്ടങ്ങളുണ്ടായി. 60 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് നഷ്ടമായത്. 700 യുദ്ധവിമാനങ്ങളുണ്ടായിരുന്ന ഭാരതസൈന്യത്തേക്കാള് കേവലം 250 യുദ്ധവിമാനങ്ങളുണ്ടായിരുന്ന പാക് വ്യോമസേനയ്ക്കായിരുന്നു നഷ്ടത്തിന്റെ വ്യാപ്തി കൂടുതല്‍. ഇതിന് പുറമേ അമേരിക്കന്‍ യുദ്ധവിമാനങ്ങളും ടാങ്കുകളും പാക്കിസ്ഥാന് ഉപയോഗിച്ചപ്പോള്‍ ഭാരതത്തിന്റെ കൈവശമുണ്ടായിരുന്നത് പഴയ ബ്രിട്ടീഷ് യുദ്ധവിമാനങ്ങളായിരുന്നു. ഈ പോരായ്മകള്‍ ആകാശ യുദ്ധത്തില്‍ നിഴലിച്ചു നിന്നു. ഭാരത വ്യോമസേനയുടെ ആധുനീകരണത്തിന് തുടക്കമിട്ട യുദ്ധം കൂടിയായിരുന്നു 1965ല്‍ നടന്നത്.
ഇതിലും പ്രധാനം കര-വ്യോമസേനകള്‍ തമ്മിലുള്ള ധാരണക്കുറവ് തന്നെയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അന്നത്തെ കരസേനാ മേധാവിയും വ്യോമസേനാ മേധാവിയും തമ്മിലുള്ള ചില പൊരുത്തക്കേടുകള്‍ യുദ്ധരംഗത്തും പ്രതിഫലിച്ചു. എങ്കിലും ഇതൊന്നും യുദ്ധഭൂമിയില്‍ ഭാരത സൈന്യത്തെ ബാധിച്ചതേയില്ല. അവര്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടുനല്‍കാതെയും പാക്കിസ്ഥാന്റെ ലാഹോര്‍ ജില്ലയുടെ പ്രധാന ഭാഗങ്ങളില്‍ ആധിപത്യം നിലനിര്‍ത്തിയും പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച തിരിച്ചടി 1965ല്‍ കരസേന കഴുകിക്കളഞ്ഞു.
1965ലെ യുദ്ധരംഗത്ത് സംഭവിച്ച വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട ഭാരത സൈന്യം 1971ല്‍ സാം മനേക്ഷായെന്ന യുദ്ധവീരന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായി, ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുകയും പാക്കിസ്ഥാനെന്ന രാഷ്ട്രത്തെ തന്നെ രണ്ടാക്കി മാറ്റുകയും ചെയ്തതും ചരിത്രം.
1965ലെ യുദ്ധത്തെപ്പറ്റി പാക് പ്രസിഡന്റ് അയൂബ് ഖാനോട് പ്രമുഖ മാധ്യമ പ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അയൂബ് ഖാന്റെ പ്രതികരണം ഇതായിരുന്നു. സുള്‍ഫിക്കല്‍ അലി ഭൂട്ടോയോട് ചോദിക്കൂ. ഭൂട്ടോയുടെ ഉത്തരം ഇപ്രകാരവും. ഭാരതത്തെ പരാജയപ്പെടുത്താനുള്ള ശരിയായ സമയം ഇതാണെന്ന് ഞാന്‍ കരുതി. എന്നാല്‍ അതു തെറ്റായിരുന്നെന്ന് മനസ്സിലായി.
പാറ്റണ് നഗറിലെ
അസ്സല് ഉത്തര്‍
പാക്കിസ്ഥാന് പരാജയം ഉറപ്പിച്ചത് സപ്തംബര്‍ 10ന് അമൃത്സര്‍ ജില്ലയിലെ ഖേംഖരനില് നടന്ന അസ്സല് ഉത്തര്‍(അസ്സല് ഉത്തരം) എന്നറിയപ്പെട്ട യുദ്ധത്തിലാണ്. വിഭജനത്തിന് മുമ്പ് ലാഹോര്‍ ജില്ലയുടെ ഭാഗമായിരുന്ന ഖേംഖരന്‍ ഇന്ന് പഞ്ചാബിലെ താന്‍തരണ്‍ ജില്ലയുടെ ഭാഗമാണ്. ഖേംഖരണ് ഇന്നറിയപ്പെടുന്നത് പാറ്റണ് നഗര്‍ എന്നാണ്. ടാങ്കുകളുടെ ശവപ്പറമ്പെന്നും ഇവിടെ വിശേഷിക്കപ്പെടുന്നു. പാക് സൈന്യത്തിന്റെ നൂറോളം ടാങ്കുകളാണ് ഇവിടെ കിടക്കുന്നത്.
അത്യാധുനിക എം-48 പാറ്റണ് ടാങ്കുകളുമായാണ് പാക് കരസേനയുടെ രണ്ട് ആര്‍മ്ഡ് ഡിവിഷനുകള്‍ ഖേംഖരനിലേക്ക് പ്രവേശിച്ചത്. ഭാരത കരസേനയുടെ നാലാം മൗണ്ടന്‍ ഡിവിഷനെപ്രതിരോധിക്കാന് വിന്യസിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പാറ്റണ് ടാങ്കുകള്‍ നേര്‍ക്കുനേര്‍ നടത്തിയ യുദ്ധമായിരുന്നു ഇത്.
ഒടുവില്‍ പാക്കിസ്ഥാന്റെ 97 ടാങ്കുകള്‍ തകര്‍ക്കപ്പെടുകയും പാക് കരസേനയുടെ ഒന്നാം ആര്‍മ്ഡ് ഡിവിഷന് തന്നെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കപ്പെടുകയും ചെയ്തു. ഭാരതത്തിന്റെ നാലാം മൗണ്ടന്‍ ഡിവിഷന്റെ 32 ടാങ്കുകളും നഷ്ടപ്പെട്ടു. യുദ്ധത്തില്‍ ഭാരത സൈന്യത്തിലെ ഹവീല്‍ദാര്‍ അബ്ദുള്‍ ഹമീദ് മൂന്ന് പാറ്റണ് ടാങ്കുകളാണ് വെടിവെച്ച് തകര്‍ത്തത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ആ ധീരസൈനികനെ രാഷ്ട്രം പരംവീരചക്ര നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: