നേരൂഹന്‍പത്രം (അതെന്താണെന്ന് നേരത്തെ നമ്മള് അറിഞ്ഞിട്ടുണ്ട്) ഇപ്പോള്‍ ഇസ്ലാമബാദ് എഡിഷനും പുറത്തിറക്കുന്നുണ്ടെന്ന് തോന്നുന്നു. എന്താണ് അങ്ങനെയൊരു തോന്നലിന് കാരണമെന്നാണ് ചോദ്യമെങ്കില്‍ ആഗസ്ത് 23ന്റെ പത്രം കാണുക.
ദേശാഭിമാനം, ദേശവികാരം, രാഷ്ട്രതാല്‍പ്പര്യം, രാജ്യസ്നേഹം, അസ്തിത്വം, അസ്മിത ഇത്യാദികാര്യങ്ങള്ക്ക് അവരുടേതായ ഒരു നിലപാട് ഉണ്ടെന്ന് വ്യക്തമാണെങ്കിലും ഇമ്മാതിരി ദേശദ്രോഹ കാഴ്ചപ്പാട് അടുത്തിടെയാണ് ശക്തമായത്. അതിന്റെ കാരണം എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണമേറിയതിനുശേഷം നമ്മുടെ നേരൂഹന്‍ പത്രം (വൈകി വായിക്കുന്നവര്‍ അറിയാനായി, അത് ദേശാഭിമാനിയാണ്) വെട്ടൊന്ന് മുറി രണ്ട് സ്റ്റൈലിലാണ്. പാക്കിസ്ഥാനുമായുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മേപ്പടി പത്രം തെന്നിത്തെന്നി പോവുകയാണ്.
ഇസ്ലാമബാദില്‍ നിന്ന് ഒരു പത്രം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ എങ്ങനെയുണ്ടാവുമെന്ന് അറിയണോ? ഈ പത്രത്തിന്റെ ആഗസ്ത് 23ലെ ലക്കം പാക്കിസ്ഥാനുവേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. ഭാരതവുമായി എന്നും കൊമ്പുകോര്‍ക്കുന്ന ആ രാജ്യം പലപ്പോഴും പറഞ്ഞ വാക്കു വിഴുങ്ങും. എന്നിട്ട് തീവ്രവാദികള്‍ക്ക് തീതുപ്പുന്ന ആയുധങ്ങള്‍ നല്കി പറഞ്ഞുവിടും. ഇത് എങ്ങനെയും അവസാനിപ്പിക്കാന്‍ ഭാരതം കഠിനപ്രയത്നം നടത്തുമ്പോള്‍ ഇവിടെയിതാ ഒരു പത്രം അവര്‍ക്ക് വേണ്ടി ഒളിയുദ്ധം നടത്തുന്നു.
ഭാരതവുമായി ചര്‍ച്ചയാകാമെന്ന് നരേന്ദ്രമോദിക്ക് ഉറപ്പുകൊടുത്ത അയല്‍രാജ്യം വാക്കുമാറി തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നമ്മുടെ കേന്ദ്രഭരണകൂടം ശക്തിമായി മുന്നോട്ടുപോയി. ചര്‍ച്ച തന്നെ റദ്ദാക്കി. പാക്കിസ്ഥാന് തീവ്രനിലപാടുകാരുമായി സംസാരിക്കാനൊരുങ്ങിയപ്പോള്‍ തീവ്രവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ആണത്തമെന്തെന്ന് പാക്കിസ്ഥാന് കാണിച്ചുകൊടുത്തു. അപ്പോള്‍ ദാ മേപ്പടി പത്രം നരേന്ദ്രമോദി സര്‍ക്കാറിനു നേരെ കൊഞ്ഞനം കുത്തുന്നു. നോക്കുക അവരുടെ തലക്കെട്ട്: ഉപാധികള്‍ സ്വീകാര്യമല്ലെന്ന് പാക്കിസ്ഥാന്- ഇന്ത്യാ-പാക് ചര്‍ച്ച മുടങ്ങി.
പത്രപ്രവര്‍ത്തനം ആത്യന്തികമായി വസ്തുകകള്ക്കൊത്തവിധത്തിലാവണമെന്ന് പറയുമ്പോള്‍ പത്രപ്രവര്‍ത്തകന്റെ സ്വന്തം രാജ്യതാല്‍പ്പര്യത്തിന് എതിരാവണമെന്ന് എവിടെയും ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നാല്‍ നേര് ഊഹിച്ച് എഴുതുന്ന പത്രത്തിന് ഭാരതവിരുദ്ധ വികാരത്തിലാണ് താല്‍പ്പര്യമെന്ന് വരുമ്പോള്‍ മുമ്പത്തെ ആ പരാമര്‍ശം ഒന്ന് ഓര്‍ത്തുവെക്കുക. അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും പറയുന്ന ഭൂപ്രദേശം. എങ്ങനെയുണ്ട് ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്ക്.
ആദ്യത്തെ സംശയത്തിലേക്കു തന്നെ വരാം. ഇതു വായിക്കുമ്പോള്‍ ഒരു ഇസ്ലാമബാദ് ചുവ വരുന്നില്ലേ? നരേന്ദ്രമോദി ഭാരതം ഭരിക്കുമ്പോള്‍ തങ്ങള്‍ പാക്കിസ്ഥാന് മാത്രമേ ജയ്വിളിക്കൂ എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയല്ലേ അവര്‍? എന്നും അവര്‍ അങ്ങനെയായിരുന്നു എന്ന കാര്യം ഒരിക്കല്‍ക്കൂടി തെളിഞ്ഞസ്ഥിതിക്ക് നമുക്കെന്ത് ചെയ്യാനാവും. ഇവിടെ ഒരു ഫ്ളാഷ്ബാക്ക്: കാര്‍ഗില്‍ യുദ്ധകാലം. കോഴിക്കോട് ടൗണിനടുത്ത മാനാരിയിലെ വീരജവാന് വിക്രമന് ഭാരതാംബയ്ക്കുവേണ്ടി ജീവന് ബലിയര്‍പ്പിച്ചു. ഔദ്യോഗിക ചടങ്ങുകളോടെ ഭൗതികദേഹം വീട്ടിലെത്തിച്ചു. അതിന്റെ പിറ്റേന്ന് വെള്ളിമാടുകുന്ന് പത്രം പത്രാധിപക്കുറിപ്പെഴുതി. അതില്‍ ഇങ്ങനെ ഒരു വരി: വിക്രമന്റെ ഭൗതികദേഹം ഇവിടേക്ക് പെട്ടിയില്‍ കൊണ്ടുവന്നതുപോലെ ഒരുപാട് ജഡങ്ങള്‍ ഇസ്ലാമബാദിലേക്കും കൊണ്ടുപോയിട്ടുണ്ട്. നാം അതും ഓര്‍ക്കണം. മാനവികതയ്ക്കുവേണ്ടി നിലകൊള്ളുന്ന പത്രം അങ്ങനെയല്ലേ പറയേണ്ടത് എന്നാണ് ചോദ്യമെങ്കില്‍ നേരത്തെ പാക്കിസ്ഥാനുവേണ്ടി വക്കാലത്തേറ്റെടുത്ത പത്രത്തിന്റെ നിലപാടും ശരിവെക്കേണ്ടിവരില്ലേ.
ഇത്തരം ശരികളല്ലേ അതിര്‍ത്തിയില്‍ ചുരമാന്തി നമ്മുടെ ഭടന്മാരുടെയും പ്രദേശവാസികളുടേയും ജീവനൊടുക്കുന്നത്. നാമതിന് വഴങ്ങിക്കൊടുക്കണോ?
കുട്ടികള്‍ക്ക് സംസ്കാരം വീട്ടില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ പിന്നെ എവിടുന്ന് കിട്ടും. നാട്ടില്‍ നിന്നോ കാട്ടില്‍ നിന്നോ? രണ്ടിടത്തുനിന്നും കിട്ടിയാല്‍ എന്താവും സ്ഥിതിയെന്ന് മലപ്പുറത്തെ എടക്കരയിലെ തസ്നി ബഷീറിന്റെ ഉമ്മയോടും ബാപ്പയോടും ബന്ധുക്കളോളും ചോദിച്ചാല്‍ മതി. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് കാമ്പസില്‍ അമിതാശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനിയെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് ബൈക്കിടിച്ചുകൊന്നതെങ്കില് 2015ല്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് തസ്നിയുടെ ജീവനെടുത്തത് എന്ന വ്യത്യാസമേയുള്ളൂ. ഏകാംഗ അക്രമിയില്‍ നിന്ന് അക്രമിക്കൂട്ടങ്ങളിലേക്കുള്ള ക്രൗര്യത്തിന്റെ പരകായ പ്രവേശം.
അതിനിടെ അടൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജിലെ ഓണാഘോഷം അതിരുകടന്നെങ്കിലും എന്തുകൊണ്ടോ ആളപായമുണ്ടായില്ല. ഫയര്‍ഫോഴ്സ് വാഹനവും ജെസിബിയും ഉള്‍പ്പെടെയുള്ളവ ഓണാഘോഷം പൊലിപ്പിക്കാന്‍ ന്യൂജന്‍ പിള്ളാര് ഉപയോഗപ്പെടുത്തി. മക്കള്‍ക്ക് ആവശ്യത്തിലധികം പണം കൊടുക്കുന്നതും പുതുപുത്തന്‍ വാഹനങ്ങള്‍ വാങ്ങി നല്കുന്നതുമാണ് വാത്സല്യം എന്നു കരുതുന്ന രക്ഷിതാക്കള്‍ ഓര്‍ക്കണം, തസ്നി ബഷീറിന്റെയും അമിതാശങ്കറിന്റെയും അച്ഛനമ്മമാര്‍ തങ്ങളുടെ പൊന്നോമനകളുടെ ഓര്‍മ്മയുടെ കണ്ണീരില്‍ നീന്തിത്തളരുകയാണ്. ശുദ്ധതെമ്മാടിത്തത്തിന് ലൈസന്‍സ് കിട്ടിയാലെന്നപോലെയാണ് വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം പെരുമാറുന്നത്. ഇത് മാറേണ്ടതല്ലേ? മാറ്റേണ്ടതല്ലേ?
വിദ്യാഭ്യാസമെന്നാല്‍ എന്ത് അഭ്യാസവും കാട്ടാനുള്ളതാണെന്ന ആഭാസത്തിന് തടയിട്ടേ തീരൂ.
എന്തുകൊണ്ടാണ് ഇന്നത്തെ കുട്ടികള്‍ ഇങ്ങനെ ആയിത്തീരുന്നതെന്നതിനെക്കുറിച്ച് കവിതയുടെ ശില്പചാതുര്യം കരളില്‍ പകുത്തുവെച്ച മധുസൂദനന് നായര്‍ പറയുന്നതു കൂടി കേള്‍ക്കുക: രണ്ടര വയസ്സുതൊട്ട് വീട്ടിലടച്ചും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അടച്ചുമാണ് കുട്ടികളെ വളര്‍ത്തുന്നത്. അവര്‍ക്ക് സമൂഹബോധമില്ല. നമ്മുടെ സംസ്കാരങ്ങളുമായും ഭൂമിയുമായും പ്രത്യക്ഷബന്ധമില്ല. സമൂഹബന്ധം കൊണ്ടാണ് ഒരു സംസ്കാരം ഉറയ്ക്കുന്നത്.
അത്തരം സമൂഹബന്ധമില്ലാത്തവര് എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് തിരുവനന്തപുരത്തും അടൂരും നാം കണ്ടു. മധുസൂദനന് നായരെ പോലുള്ള ഗുരുക്കന്മാരില് നിന്ന് വിദ്യ പകര്‍ന്നുകിട്ടിയ ശിഷ്യര്‍ക്ക് ഒരിക്കലും ഇത്തരം അധപ്പതനമുണ്ടാവില്ല. തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം ഹിന്ദുവിശ്വ മാസിക (ആഗസ്റ്റ്- സെപ്തംബര്‍) യിലൂടെ വെളിപ്പെടുത്തുന്നു. സി. എന്‍. ഗംഗാധരന് മധുസൂദനന് നായരുമായി നടത്തുന്ന സുന്ദരമായ അഭിമുഖം ഒമ്പതു പേജില്‍ ഗംഗാവിശുദ്ധിപോലെ ഒഴുകുന്നു. തലക്കെട്ട് ഇങ്ങനെ: കവിത ആത്മശുദ്ധീകരണത്തിന്റെ കല.
അടുത്തിടെ കോഴിക്കോട് ടൗണ്‍ഹാളില്‍ ശ്രദ്ധേയമായ ഒരു അവര്ഡ്ദാനം നടന്നു. ചില്ല സാഹിത്യമാസികയുടെ പ്രതിഭാപുരസ്കാരം.
അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയ്ക്ക് ഗവര്‍ണര്‍ പി. സദാശിവമാണ് പുരസ്കാരം സമ്മാനിച്ചത്. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ അനുമോദനമര്‍പ്പിച്ചു. തന്റെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞു: രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശ്രീധരന്‍പിള്ള എഴുത്തും തുടരുന്നു എന്നത് വലിയ കാര്യമാണ്. എന്തെഴുതുമ്പോഴും എന്തു ചെയ്യുമ്പോഴും സമൂഹത്തില്‍ ഏറ്റവും സാധാരണക്കാരന്റെ വിവശമായ മുഖം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഇത് തന്നെയാണ് ഗാന്ധിജി പറഞ്ഞതും. എം. ടി. വാസുദേവന്‍ നായരുടെ വിലയിരുത്തല്‍ ഇങ്ങനെ: ഇത്രമാത്രം തിരക്കുപിടിച്ച ജീവിതത്തിനിടയിലും എഴുത്തിന് സമയം കണ്ടെത്തുന്ന ശ്രീധരന്‍പിള്ളയോട് എനിക്ക് ആദരവ് തോന്നിയിരുന്നു.
ആ എഴുത്തിലെ മാനവികത എടുത്തുപറയേണ്ടതാണ്. അര്‍ഹതയ്ക്ക് അംഗീകാരം കിട്ടുമ്പോള്‍ പുരസ്കാര ജേതാവിനൊപ്പം അദ്ദേഹത്തെ സ്നേഹിക്കുന്നവരും അദ്ദേഹത്തിന്റെ സംഘടനയെ ഇഷ്ടപ്പെടുന്നവരും അതില്‍ പ്രവര്‍ത്തിക്കുന്നവരും അഭിമാനപുളികതരാവുന്നില്ലേ? അമ്പതിനോടടുത്ത ഗ്രന്ഥങ്ങളുടെ രചനാകുശലതയ്ക്ക് ഇതില്‍പ്പരം എന്ത് ബഹുമതി വേണം. ആ അഭിമാനത്തില്‍ കാലികവട്ടവും പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: