ഇന്ന് ആധുനിക വൈദ്യശാസ്ത്രം സമ്മതിക്കുന്ന ഒരു വലിയ അറിവുണ്ട്. അര്‍ബുദരോഗം (ക്യാന്‍സര്‍) കൂടുതലും പിരിമുറുക്കജന്യമായിട്ടാണ് ഉണ്ടാകുന്നത് എന്ന്. ഈ അടുത്തകാലം വരെ അര്‍ബുദം വിഷമയമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ മൂലവും, പാരമ്പര്യജന്യമായും ഉണ്ടാകുന്ന രോഗമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ചിട്ടയായ ഭക്ഷണരീതിയിലൂടെ, വിളമുക്തമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മാത്രം കഴിക്കുന്ന പാശ്ചാത്യരില്‍, ക്യാന്‍സര്‍ അത്ഭുതകരമാം വിധം വര്‍ധിക്കുന്നത് കണ്ട് നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഈ വലിയ സത്യം കണ്ടെത്തിയത്.
ക്യാന്‍സറിനു കാരണമായ പിരിമുറുക്കത്തിന് ഉത്തമ പരിഹാരമാണ് യോഗ. ആത്മജ്ഞാന സാക്ഷാത്കാരത്തിലൂടെ എങ്ങനെ മനശ്ശാന്തിയോടുകൂടി ഈ ഭൗതിക ലോകത്തു ജീവിക്കാം എന്ന് യോഗ നമ്മെ പഠിപ്പിക്കുന്നു. ധ്യാനത്തിലൂടെ ലഭിക്കുന്ന അനിര്‍വചനീയമായ ആനന്ദം എല്ലാ പിരിമുറുക്കങ്ങളേയും ഇല്ലാതാക്കി മനസ്സിനെ ശക്തവും ദൃഢവും ആക്കുന്നതോടൊപ്പം ദൈനംദിന പ്രശ്നങ്ങളെ ശുഭാപ്തിവിശ്വാസത്തോടുകൂടി നേരിടുന്നതിന് നമ്മെ സജ്ജരാക്കുന്നു.
ധായാനമാകുന്ന ഏഴാമത്തെ പടിയിലേക്കുള്ള ചവിട്ടു പടികളാണ് അഞ്ചും ആറും പടികളായ പ്രത്യാഹാരവും ധാരണയും. ധ്യാനത്തിലേക്കുള്ള ഒരു പാലമാണിത്. കടിഞ്ഞാണില്ലാത്ത ഇന്ദ്രിയങ്ങളെ ഭൗതിക സുഖങ്ങളില്‍ സ്വീകരിക്കേണ്ടവയും ത്യജിക്കേണ്ടവയും തിരിച്ചറിഞ്ഞ്, ശുഭാശുഭങ്ങളില്‍ വ്യാപരിപ്പിക്കുന്നതിന് പരിശീലിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഇവ. ഈ വിദ്യകള്‍ സ്വായത്തമാക്കുന്ന ഒരാള്‍ ഉത്തമമായ ധ്യാനപ്രക്രിയയ്ക്ക് അര്‍ഹനാകുകയും അയാള്‍ക്ക് വേഗംതന്നെ പരമാത്മയോഗവും അനിര്‍വചനീയമായ ആനന്ദാനുഭൂതിയും ലഭ്യമാകുന്നു.
യോഗ സ്വായത്തമാക്കുന്നതോടുകൂടി നമ്മില്‍ ഓരോരുത്തര്‍ക്കും ഭൗതിക ജീവിതത്തില്‍ തന്നെ യോഗികളെപ്പോലെ, അതിന്റേതായ അര്‍ത്ഥതലത്തില്‍ ജീവിതത്തെ ആസ്വദിച്ച്, കര്‍മ്മ നിബന്ധരായി, സ്വസ്ഥ ചിത്തരായി, സാമൂഹിക പ്രതിബന്ധതയുള്ളവരായി ജീവിക്കാന്‍ സാധിക്കും.
യോഗയുടെ പരമമായ എട്ടാമത്തെ മാര്‍ഗ്ഗമാണ് സമാധി. യോഗീവര്യന്മാരായ ശ്രീരാമകൃഷ്ണപരമഹംസന്, രമണമഹര്‍ഷി എന്നിവര്‍ സമാധിയിലൂടെ ഇഹലോകവാസം വെടിഞ്ഞവരാണെന്ന് ചരിത്രം പറയുന്നു. യോഗയിലൂടെ പരമാത്മ ചൈതന്യലബ്ധി നേടിയ ഒരു വ്യക്തിക്ക് തന്റെ ആഗ്രഹങ്ങളെല്ലാം നിഷ്പ്രയാസം സാധ്യമാക്കാന്‍ കഴിയും. ഇത്തരം വ്യക്തികള്‍ക്ക് സ്വാഭാവികമായും അത്യാഗ്രഹങ്ങള്‍ ഉണ്ടാകില്ല. ആഗ്രഹം തോനുന്ന പക്ഷം ഇവര്‍ക്ക് പരമമായ ധ്യാനത്തിലൂടെ തന്റെ ആത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ച് ജഡശരീരം വിട്ട് മോക്ഷം നേടാം.
നമ്മില്‍ ഓരോരുത്തരും സത്യത്തില്‍ ആഗ്രഹിക്കുന്നത് ഇത് തന്നെയല്ലേ? വാര്‍ദ്ധക്യകാലത്ത് ഒരു ദിവസം പോലും കിടന്നുപോകാതെ ആഗ്രഹത്തിനൊത്ത് ദൈവത്തെ പ്രാപിക്കാന്‍ കഴിയണമെന്നാണ് നമ്മള് ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നത്. യോഗയിലൂടെ നിഷ്പ്രയാസം ഇത് സാധിക്കാം. യോഗ ഒരു മതാധിഷ്ഠിത ശാസ്ത്രമല്ല. യോഗയിലെ നിയമം എന്ന രണ്ടാം മാര്‍ഗ്ഗത്തില്‍ ദൈവവിശ്വാസത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നു. അവരവരുടെ വിശ്വാസത്തിനനുസരിച്ച് മന്ത്രം, ജപം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ നടത്താന്‍ യോഗയിലെ നിയമങ്ങള്‍ അനുശാസിക്കുന്നു. പ്രത്യേകിച്ച് ഒരു മതമല്ലാത്തതിനാല്‍ ഏതൊരു മതത്തോടും യോജിച്ചുപോകുന്ന ഒരു ചര്യയാണ് യോഗയിലുള്ളത്. ക്രിസ്തീയര്‍ക്ക് ആമേന്‍ എന്നും മുസല്മാന് അള്ളാ എന്നും ഹിന്ദുവിന് ഓം എന്നും ജപിച്ചുകൊണ്ട് തന്റെ ആരോഗ്യരക്ഷയ്ക്കായി യോഹ ആചരിക്കാവുന്നതാണ്.
മനുഷ്യന്റെ ശാരീരീകവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിന് ഒരു ഉത്തമ ഉപാധിയാണ് യോഗ. നമ്മുടെ തന്നെ പൈതൃകമായ ഈ മഹത്ശാസ്ത്രത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ് രണ്ടുകയ്യും നീട്ടി സ്വീകരിച്ച് ആരോഗ്യദൃഢഗാത്രമായ ഒരു നവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് ഒന്നിച്ച് പ്രതിജ്ഞയെടുക്കാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: