ഹരിപ്പാട് വെളളംകുളങ്ങര ഗവ. അപ്പര്പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകനായ മുതുകുളം ഉണ്ണികൃഷ്ണന് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ തിരക്കാണെപ്പോഴും. മാസാരംഭത്തില്‍ ശമ്പളബില്ല് ട്രഷറിയില്‍ കൊണ്ടുപോയി പാസാക്കിയെടുത്ത് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കണം, ഉച്ചഭക്ഷണ രജിസ്റ്റര്‍ കണക്കെഴുതി മാസാമാസം മേലാപ്പീസിലെത്തിക്കണം, സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണം, അധ്യാപകരുടെ പിഎഫ് ബില്ല് പാസാക്കി കൊടുക്കണം, കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുക്കണം, പലതരം റിപ്പോര്‍ട്ടുകള്‍ എഴുതണം, അങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ – ഇതിനിടയില്‍ കുട്ടികളെ പഠിപ്പിക്കുകയും വേണം. എന്നാല്‍ ഈ തിരക്കുകള്‍ക്കൊന്നും ഉണ്ണികൃഷ്ണന്റെയുള്ളില്‍ ജ്വലിക്കുന്ന കവിതയുടെ തീക്ഷ്ണ പ്രഭയെ കെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല.
ഉറക്കമില്ലാത്ത രാവുകളില്‍, ലോകം ഉറങ്ങുമ്പോള്‍ കവിതയുടെ ഈറ്റില്ലത്തില്‍ നിന്ന് ഊതിക്കാച്ചിയെടുത്ത പിറവിയുടെ ചിറകടി ഒച്ചകള്‍ ഉയരുന്നു. ആനുകാലികങ്ങളില്‍ ഉണ്ണികൃഷ്ണന് മുതുകുളം എഴുതിക്കൊണ്ടിരിക്കുന്ന അസംഖ്യം കവിതകള്‍ തന്നെ ഇതിന് നേര്‍സാക്ഷ്യം.
തുടക്കത്തില്‍ പാരമ്പര്യബോധത്തില്‍ നിന്ന് ഉള്‍ക്കൊണ്ട താളബദ്ധമായ കവിതകള്‍ എഴുതിക്കൊണ്ടിരുന്ന കവി പിന്നീട് ചുവടുമാറ്റുകയും രൂപപരമായ പരീക്ഷണങ്ങള്‍ക്കും ഭാവതീവ്രമായ കവിതകളിലൂടെ വ്യത്യസ്തമായ മനുഷ്യാവസ്ഥകളെയും അവയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ചിന്താപരവും വൈകാരികവുമായ തലങ്ങളെയും ദാര്‍ശനികമായ വെളിച്ചത്തില്‍ നിര്‍ദ്ധാരണം ചെയ്തു തുടങ്ങി. അക്ഷരങ്ങളില്‍ അഗ്നി പടര്‍ത്തി ആളിക്കത്തിച്ച് പൊങ്കാല അടുപ്പുകളിലെന്നപോലെ മനുഷ്യഹൃദയങ്ങളിലേക്ക് പകര്‍ന്നു പകര്‍ന്നു പോകുന്ന കവിതകള്‍, ആ കവിതകളില്‍ ഗാര്‍ഹിക പീഡനം, ലൈംഗിക ചൂഷണം, സ്ത്രീകളെ ഉപഭോഗ വസ്തുവാക്കുന്ന സാമൂഹിക അരാജകത്വം, പെണ്‍വാണിഭങ്ങളുടെ വ്യത്യസ്ത തലങ്ങള്‍, മുതലായ കാലിക പ്രാധാന്യമുളള വിഷയങ്ങള്‍ കവിതയുടെ വിനയായി മാറുന്നു.
പല കവിതകളിലും ജീവിതമെന്ന സമസ്യക്ക് മുന്നില്‍ അന്ധാളിച്ചു നില്ക്കുന്ന കവിയെ കാണാന്‍ കഴിയും. മറക്കാന്‍ ശ്രമിക്കുന്ന പലതിനെയും ഓര്‍മ്മിപ്പിച്ചെത്തുന്ന ഫോണ്‍കോളുകള്‍ ഒരു കൊട്ട തീ നെഞ്ചില്‍ പടരുന്നതിനെ ചുരുങ്ങിയ വാക്കുകളില്‍ ആവിഷ്കൃതമാകുന്നു. കുഞ്ഞിന്റെ പനിച്ചൂട്, വായ്പ മുടങ്ങുന്നത്, പണയം ഇളക്കി വെയ്ക്കുന്നത്… വായനക്കാരനിലും ആധിയോടെ വിറങ്ങലിച്ചെത്തുന്നു.
ചുവന്നു തുടുത്തും കറുത്തു നരച്ചതുമായ കാലം, അതിന്റെ വഴിത്താരയില്‍ ചിതറികിടക്കുന്ന കുഞ്ഞു നക്ഷത്ര പൊട്ടുകളെ പെറുക്കിയെടുത്ത് കവി അക്ഷരപ്പൊരുളാക്കുന്നു.
അമ്മയുടെ മരണവും ശേഷക്രിയകളും ഏല്‍പ്പിച്ച കടുത്ത ആഘാതം, മകനെന്ന നിലയില്‍ മാതാവിനോടുളള കടമയും കര്‍ത്തവ്യവും പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞോ?
ഓര്‍ത്തില്ല എന്ന കവിത നോക്കു
ഓര്‍ത്തില്ല
അത്തിക്കമ്പുകൊണ്ട്
ചിതയില്‍ ചികഞ്ഞ്
പാളയില്‍ വെച്ചപ്പോള്‍
ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളെന്ന്
ഓര്‍ത്തില്ല
ചുവന്ന പട്ടില്‍
പൊതിഞ്ഞപ്പോള്‍
കത്തിയമര്‍ന്ന
ബുദ്ധിശക്തിയുടെ
അമേയ പിണ്ഡങ്ങളാണെന്ന്
ഓര്‍ത്തില്ല
നിറ പുഞ്ചിരിയും
നിറകണ്ണീരും സമ്മാനിച്ച
രാപകലുകളുടെ അംശങ്ങളാണെന്ന്
സ്വാഭാവികമായ കൗതുകവും കണ്ടെത്തലുകളും കാഴ്ചകളെ മറികടന്നു പോകുന്ന പ്രകാശമായി പരിണമിക്കുന്ന ഇടങ്ങളില്‍ ഉണ്ണികൃഷ്ണന്റെ കവിത വേറിട്ട രൂപഭാവങ്ങള്‍ ആര്‍ജിക്കുന്നു.
അറിവ് ചുരന്നെടുക്കുന്ന ആന്തരിക വാങ്ങ്മയ ശോഭ വായനക്കാരന് ലഭിക്കുന്ന ഒട്ടേറെ കവിതകള്‍ എഴുതാന്‍ പറ്റാത്ത ചിലതില്‍ ഉണ്ട്.
ഈ ദേശം നിന്റേതാണെന്ന് പറയുന്ന കവി
നിലാവ്, നീല വെളിച്ചം
രാത്രി, പ്രഭാതം
വെയില്, മഴ
ഇതെല്ലാം തന്റെതാണെന്ന് വിശ്വസിക്കുന്നില്ല.
അതേസമയം തന്റെതെന്ന് വിശ്വസിക്കാവുന്ന ചിലതിനെപ്പറ്റി പറയുന്നത് നോക്കൂ. ആശാന്തമായ
മനസ്സിന്റെ കൂടെ പിറപ്പുകളാണ് ഇവയൊക്കെ…
ഭീതിയുടെ പണയം വെയ്ക്കാത്ത
ഇരുട്ട്, ആലസ്യം, നെടുവീര്‍പ്പുകള്‍
പൊട്ടാത്ത ചങ്ങലകള്‍
നിലയ്ക്കാത്ത ഗര്‍ജ്ജനങ്ങള്‍
ഇനിയുമാണ് എഴുതാന്‍ പറ്റാത്ത ചിലതുളളത്. ദുര്‍ബലനും, ആര്‍ത്തനും, നിസ്സഹായനും ഇപ്പോഴും ചങ്ങലയില്‍ കൊരുത്തുകിടക്കുന്നവനുമായ ഒരു ഭാരത പൗരന്റെ തനിസ്വരൂപം ഈ കവിതയില്‍ പ്രത്യക്ഷപ്പെടുന്നു.
പത്തോളം പുസ്തകങ്ങള്‍ കൈരളിക്കു സമ്മാനിച്ച ഉണ്ണികൃഷ്ണന് മുതുകുളം ഇരുട്ടില്‍ അരണി കടഞ്ഞ് തീപ്പൊരികള്‍ സൂക്ഷിച്ച് അഗ്നി പടര്‍ത്തി മനുഷ്യമനസ്സിലെ മാലിന്യ കൂമ്പാരങ്ങളിലേയ്ക്ക് പകര്‍ന്നു കൊണ്ട് എഴുതപ്പെടാത്ത കവിതയുടെ ഈറ്റുനോവുമായി നാട്ടുജീവിതത്തിന്റെ ഇടവഴികളിലൂടെ യാത്ര തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: