ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഊര്‍ജ്ജ സംരക്ഷണത്തിന് മാതൃകയായി നഗരത്തിലെ മുഴുവന്‍ തെരുവ് വിളക്കുകളും എല്‍ഇഡിയാകുന്നു.
നഗരത്തിലെ 8051 തെരുവ് വിളക്കുകളും എല്‍ഇഡി സാങ്കേതിക വിദ്യയിലേക്ക് മാറുന്നതോടെ ഒരു കോടിയിലേറെ രൂപ പ്രതിവര്‍ഷം വൈദ്യുതി നിരക്ക് ഇനത്തില്‍ നഗരസഭയ്‌ക്ക് ലാഭിക്കാനാകും. അറുപത് ശതമാനം ഊര്‍ജ്ജമാണ് ലാഭമുണ്ടാകുന്നത്. കേന്ദ്ര ഊര്‍ജ്ജ വകുപ്പിന്റെ കീഴിലുള്ള നാലു പൊതുമേഖലാ ഊര്‍ജ്ജസ്ഥാപനങ്ങളുടെ സംയുക്തസംരഭമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് എന്ന സംരഭം മുഖേനയാണ് കെഎസ്ഇബി പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മേഴ്‌സി ഡയാന മാസിഡോ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏഴു വര്‍ഷത്തേക്ക് അറ്റകുറ്റപണികള്‍ സൗജന്യമായിരിക്കും. പദ്ധതിക്ക് ഏഴുകോടി രൂപയുടെ അടങ്കലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ നിന്നും മൂന്നേമുക്കാല്‍ കോടി രൂപ കെഎസ്ഇബിയില്‍ നഗരസഭ അടച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ സി. അരവിന്ദാക്ഷന്‍, കെ. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















