നേമം : കരമന-കളിയിക്കാവിള പാതവികസനത്തോടനുബന്ധിച്ച് കൈമനം ബിഎസ്എന്‍എല്‍ ട്രെയിനിങ് സെന്റര്‍ വളപ്പില്‍ സ്ഥലമെടുപ്പ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു.പാപ്പനംകോട്ടെ ഖബര്സ്ഥാന് മാറ്റി സ്ഥാപിക്കാന്‍ വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂഅധികൃതര്‍ എത്തിയത്. വിവരം അറിഞ്ഞ് ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് പ്രവര്‍ത്തകര്‍ അകത്തും ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പുറത്തും തടസ്സവുമായെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടയില്‍ സ്ഥലം അളന്നുതിട്ടപ്പെടുത്തുന്നതിനായി കൊണ്ടുവന്ന ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ചുറ്റു മതിലിടിയുകയും മരം മറിഞ്ഞ് കരുമം ഇടഗ്രാമം റോഡിന് കുറുകെ മറിഞ്ഞ് കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്സിന്റെ മതിലില്‍ പതിക്കുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുത ബന്ധം തകരാറിലാവുകയും ചെയ്തു. മരം വീണതറിഞ്ഞ് ഫയര്‍ഫോഴ്സ് സംഘമെത്തിയെങ്കിലും സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മടങ്ങിപോയി. ഗതാഗത തടസ്സമുണ്ടായതും വൈദ്യുതി നിലച്ചതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അവര്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടികയറുകയും ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പണികള്‍ തുടങ്ങി കുറെ സമയത്തിനുശേഷമാണ് പ്രതിഷേധം തുടങ്ങിയത്. സംഭവമറിഞ്ഞ് കരമന എസ്ഐ രതീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും ബിഎംഎസ് പ്രവര്‍ത്തകരും റോഡിലിരുന്ന് മുദ്രവാക്യം വിളിച്ചു. ഒടുവില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍.വി.സാമുവല്‍ സ്ഥലത്തെത്തി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷിനോടും ഹിന്ദുഐക്യവേദി നേതാവ് തിരുമല അനിലിനോടും യൂണിയന് പ്രാദേശിക നേതാക്കളോടും സംസാരിച്ച് ഒന്നാം തീയതി വരെ ഈ സ്ഥലത്ത് ഒരു പ്രവര്‍ത്തനവും നടത്തില്ലെന്ന് ഉറപ്പ് കൊടുത്തതിനെ തുടര്‍ന്ന് ഒരു മണിയോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. ഉച്ചയ്ക്ക് മരം മുറിച്ചുമാറ്റിയ ശേഷം വാഹനം ഗതാഗതം പുന:സ്ഥാപിച്ചു. പ്രതിഷേധത്തിന് ബിജെപി നേമം മണ്ഡലം ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, കെ.അനില്‍കുമാര്‍, കരുമം ജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്ഥലമേറ്റെടുക്കലില്‍ പ്രതിഷേധിച്ച് വൈകുന്നേരം കൈമനം ജംഗ്ഷനില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: