ചേര്‍ത്തല: യുവതിയെ വീട് കയറി ആക്രമിക്കുകയും വസ്ത്രാക്ഷേപത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാക്ഷേപം, എസ്എന്‍ഡിപി പ്രക്ഷോഭത്തിലേക്ക്.
എസ്എന്‍ഡിപി കുടുംബയൂണീറ്റ് മുന്‍ കണ്‍വീനറായിരുന്ന വരേകാട് കൊല്ലപ്പള്ളി ചാന്തുരുത്തില്‍ രജനി(40)യെയും, ഭര്‍ത്താവ് ഗോപി(45)യെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് വിമര്‍ശനം. കഴിഞ്ഞ 16 ന് വൈകിട്ടാണ് മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി രജനിയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തത്.
തടയാനെത്തിയ ഗോപിയെ അക്രമി സംഘം ചവിട്ടി വീഴ്‌ത്തി. നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതികളെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചെന്നാണ് ആക്ഷേപം. സംഭവം നിസാരവല്‍ക്കരിക്കുവാനാണ് ആദ്യഘട്ടത്തില്‍ അധികാരികള്‍ ശ്രമിച്ചതെങ്കിലും വിവിധ മേഖലകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് മര്‍ദ്ദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുവാന്‍ പോലീസ് തയ്യാറായത്. പീഡനശ്രമമുള്‍പ്പെടെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതേവരെ പിടികൂടാത്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത്മൂവ്‌മെന്റിന്റെയും വനിതാ സംഘത്തിന്റെയും നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തുവാന്‍ പ്രതിഷേധയോഗത്തില്‍ തീരുമാനിച്ചു.
യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ അനില്‍ ഇന്ദീവരം അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ഷേര്‍ളി പ്രേംകുമാര്‍, തുളസീഭായി വിശ്വനാഥ്, രേണുകാ മനോഹരന്‍ , പി. ജയകുമാര്‍, ബിജുദാസ് എന്നിവര്‍ സംസാരിച്ചു.
















