മലപ്പുറം: ഭാരതത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈഫൈ നഗരസഭയായി മലപ്പുറം നഗരസഭ മാറിയെന്ന പ്രഖ്യാപനം തെറ്റാണെന്ന് പ്രതിപക്ഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടിസ്ഥാനപരമായ കാര്യങ്ങളൊന്നും ഉറപ്പുവരുത്താതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് ഭരണപക്ഷം ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വൈഫൈ പദ്ധതിക്ക് വേണ്ടി റെയില്‍ടെല്‍ എന്ന സ്ഥാപനം കുന്നുമ്മലിലും കോട്ടപ്പടിയിലും രണ്ട് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ടവറുകള്‍ ഉപയോഗിച്ച് നഗരസഭയിലെ നാല് വാര്‍ഡുകളില്‍ മാത്രമെ വൈഫൈ സംവിധാനം എത്തുകയുള്ളു. നഗരസഭ പൂര്‍ണ്ണമായും വൈഫൈ വല്ക്കരിക്കണമെങ്കില് സമാനമായ 30 ടവറുകള്‍ വേണ്ടിവരും. 5000 പേര്‍ക്ക് മാത്രമേ നിലവില്‍ സേവനം ലഭ്യമാകുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ ഏതാനും പേര്‍ക്ക് മാത്രമാണ് പാസ്വേര്ഡുകള് ഇപ്പോള്‍ നല്‍കിയിട്ടുള്ളത് ഇവരില്‍ നിന്ന് തന്നെ പരാതികള്‍ ഉയര്‍ന്ന് തുടങ്ങി.
നിലവില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് ടവറുകള്‍ക്ക് ഒരു കോടി രൂപയോളം ചിലവായിട്ടുണ്ട്. ഇങ്ങനെ നഗരസഭ മുഴുവന്‍ വൈഫൈ സംവിധാനം വരണമെങ്കില്‍ 15 കോടി രൂപയോളം ഇനിയും മുടക്കി ടവറുകള്‍ സ്ഥാപിക്കണം. കേവലം നാല് കോടി രൂപ മാത്രം വരുമാനമുള്ള നഗരസഭയുടെ മൂന്ന് വര്‍ഷത്തെ തനത് ഫണ്ട് പൂര്‍ണ്ണമായും നിര്‍വഹിച്ചാല്‍ മാത്രമെ ഇത് യാഥാര്‍ത്ഥ്യമാകൂ. നഗരസഭയില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ വൈഫൈയുടെ പുറകെ പോകുന്ന ഭരണപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോ സഹായമോ ഈ പദ്ധതിക്കില്ല.
നഗരസഭയുടെ ചട്ടമനുസരിച്ച് വാര്‍ഡ് സഭകളില്‍ നിന്നാണ് ഏതൊരു പദ്ധതിക്കും ഗുണഭോക്താക്കളെ കണ്ടെത്തുന്നത് പക്ഷേ വൈഫൈയുടെ കാര്യത്തില്‍ അതും അട്ടിമറിക്കപ്പെട്ടു.
ചെയര്‍മാനും സംഘവും ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്നും കൗണ്‍സിലുകളില്‍ ഒന്നും ആലോചിക്കാറില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ അനില്‍, സുനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: