നെടുമങ്ങാട്: നെടുമങ്ങാട് ടൗണിലെ വ്യാപാരികളുടെ ഓണം അധികൃത അനാസ്ഥമൂലം ഓടയില്‍. ടൗണില്‍ പൊതുമരാമത്ത് കച്ചവടസ്ഥാപനങ്ങള്‍ക്കു മുമ്പിലെ ഓടയുടെ സ്ലാബിളക്കിമാറ്റി പണി പാതിവഴിയിലുപേക്ഷിച്ചിരിക്കുകയാണ്. നവീകരണം തുടങ്ങിയിട്ട് പൂര്‍ത്തിയാക്കാതെ കരാറുകാരന് പണി മതിയാക്കിയത് വ്യാപാരികളുടെ ഓണക്കച്ചവടത്തെ സാരമായി ബാധിച്ചു. കടകളില്‍ കയറാന്‍ നടപ്പാതകളില്ലാതെ പാതയോരത്ത് വഴിവാണിഭക്കാര്‍ നിരത്തിയ സാധനങ്ങളും വാങ്ങി മടങ്ങുകയാണ് ജനങ്ങള്‍.
ഇതിനിടയില്‍ ധ്രുതഗതിയില്‍ റോഡ് ടാറിംഗ് നടത്തി പദ്ധതിപൂര്ത്തിയാക്കിയെന്ന വ്യാജേന ബില്ലും മാറി കരാറുകാരന് മുങ്ങിയമട്ടാണ്. ഓട മൂടുവാനായി വാര്‍ത്തിട്ട സ്ലാബുകള്‍ നിരത്താന്‍പോലും അധികാരികള്‍ തയാറാകാത്തത് വ്യാപാരികള്‍ക്ക് ഇരുട്ടടിയായി. സാധനം വാങ്ങാന്‍ വരുന്നവര്‍ക്ക് കടകളില്‍ കയറണമെങ്കില്‍ ഹൈജെംബും ലോംഗ്ജെംബും അറിയണം. സ്ലാബിനുവേണ്ടി ഇറക്കിയിട്ടുള്ള പ്ലേറ്റുകള്‍ നിരത്തിയാണ് വ്യാപാരികള്‍ കടകളിലേക്ക് താത്ക്കാലികപാത നിര്‍മിച്ചിരിക്കുന്നത്. പൊതുവെ ഗതാഗതക്കുരുക്കുള്ള ടൗണില്‍ നടപ്പാതയുടെ സ്ലാബുകള്‍ ഇളക്കിയിട്ടത് ഗതാഗതവും വാഹനപാര്‍ക്കിംഗും വളരെ ബുദ്ധിമുട്ടിലാക്കി. പാര്‍ക്കുചെയ്യുന്ന വാഹനങ്ങളാകട്ടെ ടാര്‍ കുഴിഞ്ഞ് വീഴുകയും ചെയ്യുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം അറുപതോളം ഇരുചക്രവാഹനങ്ങളാണ് ഇങ്ങനെ വീണത്. കൂടാതെ വയോവൃദ്ധര്‍ക്കും സ്ലാബില്‍ കാല്‍തട്ടി വീണുപരിക്കേല്ക്കുന്നുണ്ട്. ഓണത്തിരക്കേറിയതോടെ നെടുമങ്ങാട് ടൗണില്‍ കാല് നടയ്ക്കോ വാഹനം പാര്‍ക്ക്ചെയ്യാനോ കഴിയാത്തവിധമായി. ഇതോടെ നഗരസഭാ ലൈസന്‍സ് നേടി കച്ചവടം നടത്തുന്നവരുടെ ഓണക്കച്ചവടം നഷ്ടക്കച്ചവടമായിരിക്കുകയാണ്. നഗരവികസനത്തിന്റെ പേരില്‍ നെടുമങ്ങാടിന്റെ മുഖച്ഛായ മാറ്റാന്‍ എംഎല്‍എയുടെ പ്രഖ്യാപനമായിരുന്നു റോഡ്വീതികൂട്ടല്. എന്നാല്‍ പഴയഓടപൊളിച്ച് സ്ലാബ് നിര്‍മിക്കുക, പഴയവീതിയില് ടാറിംഗ് നടത്തുക എന്നിങ്ങനെ ജനങ്ങളുടെ കണ്ണി ല്പൊടിയിട്ടുള്ള പണിയാണ് നടത്തിയിട്ടുള്ളതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: