ഇന്ന് അനിഴം. അഞ്ചാം നാളില്‍ പൂത്തിരുവോണം. എല്ലാ വായനക്കാര്‍ക്കും ആഹ്ലാദത്തിന്റെ ഒരായിരം പൊന്നോണാശംസകള്‍. എല്ലാ വര്‍ഷവും ഇങ്ങനെ ഓണമെത്തുന്നു. പൊയ്പ്പോയി എന്നു വിശ്വസിക്കുന്ന ഒരു കാലത്തിന്റെ മധുര മനോഹര നിമിഷങ്ങള്‍ നാം ഓര്‍ത്തുവെക്കുന്നു. ആ ഓര്‍മ്മകളില്‍ ഊഞ്ഞാല് കെട്ടുന്നു. വര്‍ണപ്പകിട്ടുള്ള സ്വപ്നങ്ങളെയും താലോലിച്ച് നാം അതില്‍ ആടുന്നു.
അല്പ നിമിഷത്തേക്കെങ്കില്‍ അത്ര, കുറേ വേണമെങ്കില്‍ അത്ര എങ്ങനെയും കൈകാര്യം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ഓണം നമ്മുടെ ഊഷ്മള വികാരമായി മാറുകയാണ്. സങ്കല്പ്പങ്ങളില്, വ്യാഖ്യാനങ്ങളില്‍, വിശകലനങ്ങളില്‍ സ്വരഭേദമുണ്ടാകാം. വൈജാത്യങ്ങളുണ്ടാവാം. എങ്കിലും നാം നമ്മുടെ ഹൃദയങ്ങളില്‍ വെച്ച് ആരാധിക്കുന്നു ഈ ഓണത്തെ. എന്നും ഓണമാവണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അങ്ങനെ ആയാല്‍ നമുക്കൊരുപക്ഷേ, ഉദാത്തമായ ഈ ഓണത്തെ ചേര്‍ത്തുവെച്ച് കാതില്‍ കിന്നാരം പറയാനാവില്ല. ഒരുമ്മ നല്കാന് പോലും പറ്റില്ല.
എന്തുകൊണ്ടെന്നാല്‍, എന്നും ഓണമായാല്‍ അതിലെന്തുണ്ട് രസം. ഒരോണത്തിന്റെ സകല സൗന്ദര്യങ്ങളിലേക്കും പടര്‍ന്നു കേറാന്‍ പാകത്തില്‍ നമുക്ക് നമ്മെ പരുവപ്പെടുത്തി എടുക്കേണ്ടതുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പരികല്‍പ്പനയുടെ വിശാല ഭൂമികയിലൂടെ നടക്കേണ്ടതുണ്ട്. കണ്ണാന്തളിയും അരിമുല്ലയും ഇറുത്തെടുക്കേണ്ടതുണ്ട്. തുമ്പപ്പൂവിന്റെ വിശുദ്ധമായ രൂപത്തെ വാത്സല്യത്തോടെ താലോലിക്കേണ്ടതുണ്ട്. ഓണത്തിന് എന്തുകൊണ്ടാണിങ്ങനെ അസുലഭസുന്ദരമായ ഒരു മുഖം ഉണ്ടാവുന്നത്. സൗന്ദര്യത്തിന്റെ നിലാവെളിച്ചം ഓണനാളുകളില്‍ മാത്രം പൂത്തുലയുന്നത് എന്തുകൊണ്ടാണ്? ആലോചിച്ചാല്‍ ഓരോരുത്തര്‍ക്കും കിട്ടുക ഓരോ ഉത്തരമായിരിക്കും.
പ്രകൃതിയും പുരുഷനും തമ്മിലുള്ള പാരസ്പര്യത്തിന്റെ നിറംകെടാത്ത ഒരു വര്‍ണച്ചിത്രം തെക്കിനിയിലെയോ വടക്കിനിയിലെയോ പത്തായപ്പുരയിലെയോ ഏതോ മൂലയില്‍ ഇരിപ്പില്ലേ? ഒന്ന് പുറകോട്ട് നോക്കൂ. പനമ്പട്ട കൊണ്ടോ തെങ്ങോല കൊണ്ടോ മുതിര്‍ന്നവര്‍ മെടഞ്ഞു തന്ന ഒരു പൂക്കുടയല്ലേ കഴുത്തില്‍ തൂങ്ങുന്നത്. അത്തം വരാന്‍ പ്രാര്‍ത്ഥിച്ചു നടന്ന വേള പൊടുന്നനെ ഒരു ചിണുങ്ങിത്തെറിക്കുന്ന മഴക്കൊപ്പം വരുമ്പോള്‍ ആര്ത്തുവിളിച്ചിട്ടില്ലേ? അത്തപ്പൂവേ പൊന്‍പൂവേ, എന്നുടെ വട്ടിയിലിത്തിരിനേരമിരിക്കാമോ, എന്നു ചോദിച്ചിട്ടില്ലേ? കൂട്ടം കൂട്ടമായി കലപിലകൂട്ടി നാട്ടിടവഴികളില്‍, കയ്യാലകളില്‍ ഒക്കെ പൂ തിരഞ്ഞു നടന്നിട്ടില്ലേ. ഒരുകൂട്ടം തുമ്പക്കുടങ്ങളെ കാണേണ്ട താമസം മത്സരിച്ച് പൂക്കുട നിറച്ചിട്ടില്ലേ? പൂവേ പൊലി, പൂവേ പൊലി പൂവേ, പൂവായ പൂവൊക്കെ പിള്ളേര് പറിച്ചേ, അവരുടെ പൂവൊക്കെ വാടിക്കരിഞ്ഞേ, എന്നൂടെ പൂവൊക്കെ മിന്നിത്തെളിഞ്ഞേ എന്ന് ഉച്ചത്തില്‍ പാടി നടന്നിട്ടില്ലേ. അതിനെതിര്‍പാട്ട് പാടിത്തിമിര്‍ക്കുന്ന സംഘത്തിനു നേരെ കോക്രി കാട്ടിയിട്ടില്ലേ?
ആര്‍ക്കാണ് കൂടുതല്‍ പൂകിട്ടുക, ആരുടെ സംഘമാണ് മുതിര്‍ന്നവരുടെ തലോടലിന് പാത്രമാവുക എന്നതിന് മത്സരിച്ചിട്ടില്ലേ? അത്തം മുതല്‍ ഓണം വലുതായി വലുതായി വരികയാണ്. ഒന്നാംപൂവ്, രണ്ടാംപൂവ്, മൂന്നാംപൂവ് അങ്ങനെയങ്ങനെ പൊന്നോണത്തിന് പത്തു പൂവായി വിടര്‍ന്നു വിലസുകയാണ്. ഓരോ മനസ്സിലും ഓണം വിശാലമായ ഒരു സങ്കല്പമാവുന്നത് ഇത്തരം ചെറിയചെറിയ സൂചകങ്ങളിലൂടെയാണ്. ഘോരഘോരമായ പ്രസംഗങ്ങളെക്കാള്‍, മഹദ്വചനങ്ങളേക്കാള് അത് കുട്ടികളെ സ്വാധീനിച്ചിരിക്കുന്നു.
ഓണത്തിന്റെ അദ്വൈതഭാവം സ്നേഹമാണ്, ദയയാണ്, മാനവികതയാണ്, പരസ്പരാശ്രയത്വമാണ്. ആരും അകറ്റപ്പെടേണ്ടവനല്ല, അകന്നു പോകേണ്ടവനല്ല എന്ന സന്ദേശമാകണം ഓണം തരുന്നത്. പഴയ തലമുറയ്ക്ക് അതു കൂടുതല്‍ അനുഭവവേദ്യമാകുന്നത് അതില്‍ ആണ്ടിറങ്ങിയതു കൊണ്ടാണ്. അത് ഏതെങ്കിലും മതത്തിന്റെ ബാലന്‍സ്ഷീറ്റില്‍ കുറിച്ചിടേണ്ടതല്ല. മനസ്സുകളുടെ ബാലന്‍സ്ഷീറ്റില്‍ നിറപ്പകിട്ടോടെ ചേര്ത്തുവെക്കേണ്ടതത്രേ അത്.
ഇന്ന് ഓണത്തിനും അതിന്റെ സന്ദേശത്തിനും കോട്ടം വന്നിട്ടുണ്ടോ എന്ന് നാം ആത്മപരിശോധന നടത്തണം. കൈമോശം വന്ന കൈമുതലായി അതനുഭവപ്പെടുന്നുവെങ്കില് വീണ്ടെടുക്കണം. ഇലക്ട്രോണിക്സ്-സ്വര്‍ണ-വസ്ത്രമേഖലയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇരിക്കാന്‍ വിധിക്കപ്പെട്ട ഒരു പാവം കോമാളിയല്ല മാബലി. സങ്കല്പവും ഐതിഹ്യവും കഥയും എന്തൊക്കെയായാലും നന്മയുടെ ഒരു പ്രകാശം മാബലി എന്ന പേരിലും അതിന്റെ പിന്നിലെ സങ്കല്പത്തിലുമുണ്ട്. അതിന്റെ സത്ത ഉള്‍ക്കൊള്ളുന്നതിലൂടെ ഓണത്തിന്റെ യഥാര്‍ത്ഥമുഖം സമൂഹത്തിന്റെ ഭിത്തിയില്‍ വരച്ചിടാന്‍ നമുക്കാവും. വാണിജ്യവ്യവസായ മേഖലയ്ക്ക് ഉണര്‍വുപകരുന്ന വേളയായി ഇന്നത്തെ ഓണം മാറുന്നുവെങ്കില്‍ അതില്‍ പരിഭവിച്ചിട്ട് ഒരു കാര്യവുമില്ല. അതിലേക്ക് സകലരേയും കൊണ്ടുവരാന്‍ കഴിയില്ലെങ്കിലും ഇത്തിരിയിത്തിരി സാന്ത്വനങ്ങളും കരുതിവെപ്പുകളും നല്കാന് കഴിഞ്ഞേക്കും. അത് എങ്ങനെ വേണമെന്ന് ചിന്തിച്ചാല്‍ ലഭിക്കാവുന്നതേയുള്ളൂ. എല്ലാം തള്ളിപ്പറയുന്നതിനു പകരം കൊള്ളിച്ചടുപ്പിക്കാനുള്ള അവസരമാണ് ഉണ്ടാക്കേണ്ടത്.
ഓണവികാരം വെറും കെട്ടുകാഴ്ചയ്ക്കപ്പുറമുള്ള ഉദാത്തസങ്കല്പമാണെന്ന് കാണിച്ചുകൊടുക്കാന്‍ കഴിയണം. മനുഷ്യന് പ്രകൃതിയെ അതിന്റെ സമ്പൂര്ണസൗന്ദര്യത്തോടെ കാണാനും ഇടപഴകാനും കഴിയുന്ന അവസരമായി ഓണത്തെ മാറ്റണമെങ്കില്‍ അക്കാലങ്ങളില്‍ ഉണ്ടായിരുന്ന എല്ലാ കാര്യങ്ങളുടെയും ഒരു പുനര്‍ രചന ആവശ്യമാണ്. സമൂഹത്തിന്റെ ഇരുള്വീഴ്ചയിലേക്ക് തെന്നിത്തെന്നിപ്പോകുന്ന കലാകാരന്മാരെയും പാരമ്പര്യത്തനിമയുടെ ഗുരുക്കന്മാരെയും കണ്ടെത്തി അവരില്‍ നിന്ന് അതൊക്കെ സ്നേഹവായ്പോടെ വാങ്ങണം. ആ അനുഗ്രഹത്തിന്റെ കാല്ക്കീഴില് സര്‍വ്വവും സമര്‍പ്പണം ചെയ്യണം.
ഭൂമിയും പാതാളവും സ്വര്‍ഗവും കഴിഞ്ഞാലും പിന്നെയും ഇടങ്ങള്‍ തേടുന്ന അവസ്ഥയുണ്ടാവണം. ആ ഇടങ്ങള്‍ സ്വച്ഛസുന്ദരമായ അനുഭവങ്ങള്‍കൊണ്ട് പൂക്കളമിടണം. നിറങ്ങളും നിഴലുകളും നിറഞ്ഞ അനുഭൂതിജന്യമായ ഒരിടം. ആദ്യം അത് മനസ്സില്‍ നിറയണം. മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക്. പിന്നെ വപുസ്സുകളിലേക്ക്. ഒരു നാളും മറക്കാതിരിക്കാനാവാത്തവിധം ഓര്‍മകള്‍ നമ്മെ വലയം ചെയ്യണം. എല്ലാ അനുഗ്രഹങ്ങള്‍ക്കും മഹദ്വചനങ്ങള്‍ക്കും മേലെ നമ്മുടെ ഓണം വര്‍ണക്കുട നിവര്‍ത്തി നില്‍ക്കണം. പ്രകൃതിയുടെ കാണാത്തഭാവങ്ങള്‍ തിരനോട്ടം നടത്തുന്നത് ഓണക്കാലത്താണെന്ന് നാം അറിയണം.
എന്താണ് ഓണം എന്നതിന് ഇക്കണ്ടതൊന്നും ഇപ്പറഞ്ഞതൊന്നും അല്ലെന്ന ഉത്തരമാണുണ്ടാവുക. മലയാളിയുടെ മനസ്സും ഓണത്തിന്റെ മനസ്സും ഒന്നാണ്. പകയില്ലാത്ത, ചതിവില്ലാത്ത, വിദ്വേഷമില്ലാത്ത എവിടെയും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു കാലമായി ഓണം മാറണമെങ്കില്‍ നാം കൂട്ടായി ഒരു പ്രതിജ്ഞയെടുത്തേ മതിയാവൂ. ഈ ഓണക്കാലം പോലെ നമുക്കെന്നും ആഹ്ലാദവാന്മാരായിരിക്കാം. അതിനെതിരുനില്‍ക്കുന്ന എന്തും നമുക്കൊന്നിച്ച് ഇല്ലായ്മ ചെയ്യാം. അങ്ങനെ ഒരു തീരുമാനം എടുക്കുന്ന നിമിഷം മുതല്‍ നമ്മുടെ ഹൃദയങ്ങള്‍ ഓണോത്സവത്തിന്റെ സൗന്ദര്യത്താല്‍ പ്രശോഭിതമാവും.
”ഓണമേ വരികരികില് നീ
ഓര്‍മയില്‍ നീയിട്ട പൂക്കളം,
നീകെട്ടിയോരൂഞ്ഞാല്
നിന്റെ കളിവണ്ടി, പൂക്കൂട
നീതന്നയുടുപ്പുകള്, മോഹങ്ങള്‍
മറക്കാതിരിക്കാന്‍, മറവിതന്‍
പാതാളദേശം കാണാതിരിക്കാന്‍
ഹൃദയംകൊണ്ടിതാ പൂക്കളം
തീര്‍ത്തു കാത്തിരിക്കുന്നെങ്ങള്”
എന്ന് എല്ലാവരും പാടിത്തിമിര്‍ക്കുക. നമ്മെ ഉല്ലാസവാന്മാരാക്കാന് വരാതിരിക്കില്ല പൊന്നോണം; നമ്മുടെ ആഗ്രഹങ്ങളിലേക്ക് ചന്നംപിന്നം പെയ്യുന്ന മഴയ്ക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: