ഹനുമാന്‍ വിദ്യാഭ്യാസം നേടുന്നതിനായി അനുയോജ്യ ഗുരുവിനെ തേടിയായിരുന്നു യാത്ര. അതിബലവാനായ തനിക്ക് ഒരു വെറും വാനരനായി നിന്നാല്‍ മാത്രം പോരാ നല്ല അറിവും നേടണം എന്ന മോഹം തോന്നി. കാരണം പലരും അറിവുതേടുന്നതിനായി ഗുരുക്കന്മാരെ സമീപിക്കുന്നത് കണ്ടപ്പോള്‍ തനിക്കും അതുപോലെ അനുയോജ്യനായ ഗുരുവിനെ കിട്ടണമെന്ന് ആശിച്ചു. വനാന്തരത്തിലെ ഒരാശ്രമത്തില്‍ ചെന്ന് തൃണബിന്ദു എന്ന മുനിയെ വണങ്ങി.
‘എനിക്ക് അനുയോജ്യനായ ഗുരു അങ്ങാണ്. അതിനാല്‍ എനിക്ക് വിദ്യ പകര്‍ന്നുതരണം. എന്റെ അഭ്യര്‍ത്ഥന വെറും വാക്കായി തള്ളിക്കളയരുത്’ എന്ന് ഹനുമാന്‍ പറഞ്ഞ് നോക്കിയെങ്കിലും അതൊന്നും തൃണബിന്ദു ഉള്‍ക്കൊണ്ടില്ല.
ഒടുവില്‍ അദ്ദേഹം പറഞ്ഞു ‘ഞാന്‍ ഒട്ടനവധി പേരെ ശിഷ്യരായി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വെറും വാനരനായ നിന്നെ ഞാന്‍ ഒരിക്കലും ശിഷ്യനായി സ്വീകരിക്കില്ല. നീ ആരുതന്നെയായാലും വേണ്ടില്ല. മനുഷ്യര്‍ക്കേ വിദ്യ പകര്‍ന്നു നല്‍കൂ. വാനരന്‍ വിദ്യ നേടിയിട്ടും ഒരാള്‍ക്കും പ്രയോജനമില്ല. അതിനാല്‍ ആ സമയം വെറുതെയായിത്തീരും. എന്നില്‍നിന്ന് നീ ഒന്നും പ്രതീക്ഷിക്കേണ്ട’ എന്നുപറഞ്ഞ് ഹനുമാനെ ഒഴിവാക്കുകയായിരുന്നു തൃണബിന്ദു. ഈ ഭംഗിയായ ഒഴിവാക്കല്‍ ഹനുമാന്റെ മനസ്സില്‍ ആഴത്തില്‍ക്കൊണ്ടു. എന്തുതന്നെയായാലും വിദ്യ നേടാതെ തരമില്ല. അങ്ങനെ വിദ്യ സമ്പാദിക്കാന്‍ നല്ല ഗുരുവിനെ തിരഞ്ഞ് പിന്നെയും യാത്രയായി.
അപ്പോഴാണ് മുന്‍പ് അച്ഛന് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ വന്നത്. ഹനുമാന്റെ വിദ്യാഭ്യാസം താന്‍ തന്നെ നിര്‍വഹിച്ചുകൊള്ളാം എന്ന് സൂര്യദേവന്‍ കൊടുത്ത വാക്കിനെ പറ്റി ഓര്‍മ വന്നത്. അങ്ങനെ സൂര്യദേവന് അരികെ ചെന്നു ഞാന്‍ വായു പുത്രനായ മാരുതിയാണ്. അച്ഛന് അങ്ങ് ഒരു വാക്കു കൊടുത്തിട്ടുണ്ട് എനിക്ക് വേണ്ട വിദ്യ പകര്‍ന്നുനല്‍കാമെന്ന്. അതുപ്രകാരമാണ് അങ്ങയുടെ മുമ്പാകെ നാം എത്തിയത്. ദയവു ചെയ്ത് എന്റെ മോഹം സഫലീകരിക്കണം.
സൂര്യദേവന്‍ പറഞ്ഞു ഞാന്‍ വാക്കുമാറ്റുന്നില്ല. എന്തായാലും ഇത്രക്കു മോഹമുള്ള വിദ്യാര്‍ത്ഥിയായതിനാല്‍ പഠിപ്പിക്കാമെന്ന് ഏല്‍ക്കുകയാണ്. പക്ഷേ ഒന്നുണ്ട് ഒറ്റദിവസംകൊണ്ട് പഠനം പൂര്‍ത്തിയാക്കണം. അതു പകല്‍മാത്രമേ പഠിപ്പിക്കൂ രാത്രി പറ്റില്ല ഇതാണ് നിബന്ധന. ഹനുമാന്‍ സൂര്യദേവന്റെ പ്രയാണത്തിന് മുന്‍പില്‍ പിന്നോട്ടു നടന്ന് വിദ്യ നേടുകയായിരുന്നു. ഒരുദിവസംകൊണ്ട് നേടാവുന്ന മുഴുവന്‍ വിദ്യയും കരസ്ഥമാക്കുകയായിരുന്നു. ഇനി ഗുരുദക്ഷിണയുടെ സമയമായി. എന്താണ് അവിടേക്ക് ഞാന്‍ ദക്ഷിണ നല്‍കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ”എന്റെ പുത്രന്‍ സുഗ്രീവനും ശ്രീരാമനുമായി സഖ്യം ചെയ്യാന്‍ നീ വഴിയൊരുക്കണം.” അത് ആവുംവിധത്തില്‍ ഞാന്‍ ചെയ്തുതരാം എന്നുപറഞ്ഞാണ് ഹനുമാന്‍ പിന്‍വാങ്ങിയത്. വിദ്യ നേടിയതില്‍ സന്തോഷത്തോടെ വനാന്തരത്തില്‍ ആ വായുപുത്രന്‍ വിലസി നടന്നു.
തൃണബിന്ദുവിന്റെ ആശ്രമത്തിലും ചെന്നു. അങ്ങ് എനിക്ക് വിദ്യ തന്നില്ലെങ്കിലും അങ്ങയിലും വലിയ ഗുരുവിനെ എനിക്ക് ലഭിച്ചു. അര്‍ഹിക്കുന്ന വിധത്തില്‍ വിദ്യയും നേടിയെന്നു പറഞ്ഞു. തൃണബിന്ദു ഹനുമാനെ വെറുതെ വിട്ടില്ല. നീയേതായാലും ഇങ്ങനെ അഹങ്കരിക്കരുത്. ”നിന്റെ ശക്തി നിനക്കറിയാതെ പോട്ടെ എന്നുപറഞ്ഞായിരുന്നു തൃണബിന്ദു ശപിച്ചത്. ലങ്കയിലേക്ക് പോകാനുള്ള ശക്തിയെ ഹനുമാനെ ബോധ്യപ്പെടുത്തിയത് ജാംബവാനായിരുന്നു.
















