ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ വയാഗ്രയോ ലൈംഗികോത്തേജനത്തിനായുള്ള മരുന്നുകളോ എണ്ണകളോ ക്രീമുകളോ കൈയില്‍ കരുതരുതെന്ന് ഹജ്ജ് കമ്മറ്റി നിര്‍ദ്ദേശം നല്‍കി. ഇത്തരം വസ്തുക്കള്‍ തീര്‍ഥാടകര്‍ കൊണ്ടുവരുന്നത് സൗദി കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ക്കായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ ഹജ്ജ് കമ്മറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ വര്‍ഷങ്ങളില്‍ പരിശോധനയ്‌ക്കിടെ തീര്‍ഥാടകരില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും നിര്‍ദ്ദേശം ഗൗരവത്തിലെടുക്കണമെന്നും ഹജ്ജ് കമ്മറ്റി വ്യക്തമാക്കുന്നു. ഖാഷ്ഖാഷ്, ഗുട്ക, ഖഐനി. ഗുല്‍ പിപര്‍ മിന്റ് പോലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. രാഷ്‌ട്രീയപരമായ ചിത്രങ്ങള്‍ എന്നിവയ്‌ക്കും വിലക്കുണ്ട്. ഇത്തരം സാധനങ്ങള്‍ ആരെങ്കിലും ഉപയോഗിച്ചതായി കണ്ടാല്‍ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം.
പെട്ടന്ന് തീ പിടിക്കുന്ന മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയ വസ്തുക്കളും പാചകത്തിന് ഉപയോഗിക്കുന്ന സ്റ്റൗ ഉള്‍പ്പെടെയുളള സാധനങ്ങളും കൈയ്യില്‍ കരുതരുതെന്ന് നിര്‍ദ്ദേശങ്ങളിലുണ്ട്. പാകം ചെയ്തതോ അല്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കള്‍ കൈയ്യില്‍ കരുതുന്നതിനും നിയന്ത്രണമുണ്ട്.
ആഗസ്റ്റ് 16നാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ പുറപ്പെട്ടു തുടങ്ങിയത്. എല്ലാ തീര്‍ഥാടകരും മെനിഞ്ചെറ്റിസ് പ്രതിരോധ കുത്തിവയ്‌പെടുക്കണമെന്നും നിര്‍ദേശമുണ്ട്.
ഈ വര്‍ഷം ഒരു ലക്ഷം ഇന്ത്യാക്കാര്‍ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. 36,000 പേരാണ് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി ഹജ്ജിനെത്തുന്നത്. സെപ്തംബര്‍ 22നാണ് പരിശുദ്ധ കര്‍മം നടക്കുക.
















