അത്യന്തം ആവേശവും പ്രചോദനവും നല്കിയ ആഴ്ചയാണ് ഇക്കഴിഞ്ഞത്. കേരളത്തിലെ മുതിര്‍ന്ന സംഘ സ്വയംസേവകരില്‍പ്പെട്ട, പഴയ പ്രചാരകന് പെരച്ചേട്ടന്റെ ഒന്നാം ഓര്‍മദിനത്തിന് അദ്ദേഹത്തെ അനുസ്മരിക്കാന്‍ കോഴിക്കോട്ടെ പ്രൗഢശാഖകളുടെ ഒരു സമാഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം സിദ്ധിച്ചവരുടെ ഒരു കൂട്ടായ്മയായിരുന്നു അത്. നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ജനസംഘ ചുമതലയുള്ള പ്രചാകരനായി കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന കാലത്തെ എന്റെ സഹപ്രവര്‍ത്തകര്‍ തന്നെയായിരുന്നു അവരിലേറെയും.
പെരച്ചേട്ടന്‍ അനന്വയാലങ്കാരം പോലെയാണ്. അദ്ദേഹത്തോടു താരതമ്യം ചെയ്യാന്‍ മറ്റാരുമില്ല. അദ്ദേഹത്തിന്റെ ജീവിതം ആദ്യവസാനം സമരം തന്നെയായിരുന്നു. സംഘത്തിന്റെ ശക്തിയും പ്രഭുതയും സ്ഥാപിക്കാന്‍ വേണ്ടിയുള്ള സമരം. അവസാനത്തെ ഏതാനും വര്‍ഷങ്ങള്‍ പ്രമേഹരോഗവുമായി കൂടിയുള്ള സമരമായിരുന്നുവെന്നു പറയാം.
ഒരിക്കല്‍ കണ്ട് സംസാരിച്ചാല്‍ തന്നെ ആ വ്യക്തിത്വവും മമതയും നമ്മെ കീഴടക്കുമായിരുന്നു. താന്‍ പ്രചാരകനായിരുന്ന വിദൂരസ്ഥലങ്ങളിലെ പലരും ഇന്നും അദ്ദേഹത്തെക്കുറിച്ചോര്ക്കുന്നു. അവരുടെ വീടുകളിലേക്കെത്താനുള്ള വളഞ്ഞുപുളഞ്ഞ ഇടവഴികളദ്ദേഹത്തിന്റെ മനസ്സില്‍ എന്നും തെളിഞ്ഞുനിന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട്ടെ കാര്യാലയത്തില്‍ ചെന്നു കണ്ടപ്പോള്‍ പെരുമ്പാവൂരിലെയും മൂവാറ്റുപുഴയിലേയും ഉള്‍പ്രദേശത്തെ ഊടുവഴികളിലൂടെ ചെല്ലാറുണ്ടായിരുന്ന ചില വീടുകളെയും അവിടത്തെ വ്യക്തികളെയും അന്വേഷിച്ചു.
എന്റെ സഹോദരീ പുത്രിയുടെ വിവാഹാലോചനയുമായി പട്ടാമ്പിക്കടുത്ത് നെല്ലിക്കാട്ടിരിയില്നിന്ന് അല്‍പ്പം മാറിയുള്ള സ്ഥലത്തുനിന്നും വീടു കാണാന്‍ വന്ന മുതിര്ന്നരുമായി സംസാരിക്കുന്നതിനിടെ, ഞാന്‍ പഴയ സംഘപ്രവര്‍ത്തകനാണെന്നു പരിചയപ്പെടുത്തി. അതിലൊരാള്‍ പണ്ട് ‘പെരച്ചേട്ടന്‍’ ഞങ്ങളുടെ നാട്ടില്‍ വന്ന് ശാഖ നടത്തിയിരുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ട് അക്കാലത്തെ അനുഭവങ്ങള്‍ വിവരിച്ചു. അന്നാട്ടുകാര്‍ക്ക് അദ്ദേഹം സ്വന്തം കുടുംബത്തെപ്പോലെയായിരുന്നു. അവിടെ ഒരു പഴയതറവാടു വീട്ടില്‍ അടിയന്തരാവസ്ഥക്കാലത്തു ജനസംഘത്തിന്റെ സംസ്ഥാനസമിതി രഹസ്യയോഗം ചേര്‍ന്നതും ആ രാത്രിയില്‍ അവിടെ താമസിച്ചതും പറഞ്ഞപ്പോള്‍ തങ്ങളുടെ തറവാടുതന്നെ ആയിരുന്നുവെന്നായി അവര്‍.
പട്ടാമ്പിക്കാര്‍ക്ക് എന്നും ആവേശമായിരുന്നു അദ്ദേഹം. സംഘത്തിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കാനായി വളരെ വര്‍ഷങ്ങള്‍ കമ്മ്യൂണിസ്റ്റ് മുസ്ലിം കൂട്ടായ്മ നടത്തിയ നിരന്തരമായ ആക്രമണങ്ങളുടെ ചരിത്രം തന്നെയുണ്ടല്ലൊ. അവിസ്മരണീയനായ ശ്രീകൃഷ്ണ ശര്‍മാജി ആ ആക്രമണങ്ങളുടെ രക്തസാക്ഷിയായി ജീവിച്ച ആളായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിനുമുമ്പ് രാമന് നമ്പീശന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണം കമ്മ്യൂണിസ്റ്റുകളെ കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
പിന്നീട് പെരച്ചേട്ടനും ജില്ലാ പ്രചാരകനായിരുന്ന എ.വി.ഭാസ്കര്‍ജിയും വല്ലപ്പുഴയില്‍വെച്ച് മാരകമായി ആക്രമിക്കപ്പെട്ടു. അതു സംഘത്തില്‍നിന്ന് ബഹിഷ്കൃതരായ ചിലരാലായിരുന്നെന്നു മാത്രം.
ഞാന്‍ കണ്ണൂരില്‍ പ്രചാരകനായി 1958 ല്‍ എത്തിയതിന് മാസങ്ങള്‍ മുമ്പുവരെ അദ്ദേഹം അവിടെയുണ്ടായിരുന്നു. സ്വയംസേവകരെ മാത്രമല്ല, സമീപവാസികളെയെല്ലാം അദ്ദേഹം ആകര്‍ഷിച്ചിരുന്നു.പെരച്ചേട്ടന്റെ കഥാകഥന രീതി ആരെ യും വിശേഷിച്ച് കുട്ടികളെ ആവേശം കൊള്ളിക്കുമായിരുന്നു. കഥ ശിവാജിയുടെയോ പഴശ്ശിരാജാവിന്റെയോ റാണാപ്രതാപന്റെയോ ഗുരുഗോവിന്ദ സിംഹന്റെ മക്കളുടെതോ കട്ടബൊമ്മന്റെതോ ആകട്ടെ, ശ്രോതാക്കള്‍ക്ക് ആ വീരന്മാര് കണ്മുന്നില് നില്ക്കുന്ന പ്രതീതി അദ്ദേഹം സൃഷ്ടിച്ചു. അവര്‍ ചിരിക്കുകയും കരയുകയും ആര്‍ത്തുല്ലസിക്കുകയും ചെയ്യുമായിരുന്നു.
സംഘശിബിരങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങള്‍ അവസ്മരണീയങ്ങള് ആയി. ”പോവുക, പോവുക” എന്നാരംഭിക്കുന്ന സഞ്ചലനഗാനം ആലപിക്കവേ മുഴുവന്‍ പേരും ചുറ്റുംകൂടി നൃത്തംവെക്കുമായിരുന്നു.
പെരച്ചന് എന്ന പേര് പലര്‍ക്കും പുതുമയായി അനുഭവപ്പെട്ടു. എസ്.കെ.പൊറ്റക്കാട്ടിന്റെ കഥകളില്‍ ആ പേരുള്ള പാത്രങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. എന്താണാപേരിന്റെ താല്‍പ്പര്യം എന്ന് വിസ്മയിച്ചിട്ടുണ്ട്. പരമേശ്വരന്റെ ലോപമായിരിക്കുമെന്നു വിചാരിക്കുകയാണ്. ആദ്യത്തെ സംഘപ്രചാരകനും പൂജനീയ ഡോക്ടര്‍ജിയുടെ സുഹൃത്തുമായിരുന്ന ബാബാ സാഹിബ് ആപ്ടേജി അദ്ദേഹത്തെ പരേശാന്‍ എന്ന് വിളിക്കുമായിരുന്നു. ഹിന്ദിയിലെ പരേശന്‍ എന്നാല്‍ പരവശന് എന്നാണല്ലൊ താല്‍പ്പര്യം. പക്ഷേ പെരച്ചേട്ടന്‍ ഒരിക്കലും പരവശനായില്ലെന്നതാണ് സത്യം.
പെരച്ചേട്ടനുമായി എനിക്കു മാത്രമായുള്ള ബന്ധമുണ്ടായിരുന്നു. 1975 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് ഞങ്ങളെ രണ്ടിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഒരേ കേസില്‍ രാജ്യരക്ഷാ നിയമം ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്. എനിക്കു മര്ദ്ദനമേല്ക്കേണ്ടിവന്നില്ല, അദ്ദേഹത്തെ പോലീസുകാര്‍ ഇടിച്ചുപിഴിഞ്ഞുപായസമാക്കിയെന്ന വ്യത്യാസമുണ്ട്. ജയിലില്‍ ഒരേ മുറിയില്‍ കഴിയുകയും കോടതിയിലേക്ക് വിലങ്ങില്‍ പോകുകയും ചെയ്തു. ആഹ്ലാദകരമായിരുന്നു ആ നാലുമാസക്കാലം. ജയില്‍ ലൈബ്രറിയില്‍നിന്നും പുറത്ത്, സെന്‍ ഗുപ്താ ലൈബ്രറിയില്‍നിന്നും ധാരാളം പുസ്തകങ്ങള്‍ കിട്ടിയിരുന്നത് അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കുമായിരുന്നു. ഒരു അവധിക്ക് ശേഷം ജയിലിലേക്കുകൊണ്ടുവരാനുള്ള വാന്‍ വരാത്തതിനാല്‍ ഞങ്ങളെ വിലങ്ങുവെച്ചു നടത്തിയാണ് കൊണ്ടുവന്നത്. വഴിമധ്യേ അതുകണ്ട ചില പരിചയക്കാരും സ്വയംസേവകരും അന്തംവിട്ടുപോയി.
നവരാത്രിക്കാലത്ത് ഞങ്ങള്‍ ഭജന ചൊല്ലുമായിരുന്നു. പെരച്ചേട്ടന്‍ അതിലും വിദഗ്ദ്ധനായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് പ്രമേഹ ചികിത്സക്കായി എറണാകുളത്തുവന്നപ്പോഴും പ്രാന്തകാര്യാലയത്തില്‍ ഞങ്ങള്‍ ഒരു മുറിയില്‍ അടുത്തായി വാസം.
ഔപചാരികമായ അക്കാദമി വിദ്യാഭ്യാസം സംഘപപ്രവര്ത്തകന് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് അനിവാര്യമല്ല എന്നതിന് ഒരുദാഹരണം കൂടിയായിരുന്നു പെരച്ചേട്ടന്‍. ധാരാളം ഉത്തമരായ അത്തരം കാര്യകര്‍ത്താക്കളെ സംഘം സൃഷ്ടിച്ചിട്ടുണ്ടല്ലൊ. ഔചിത്യബോധവും പ്രത്യുത്പന്ന മതിത്വവും ഹൃദയംഗമതയും ആത്മീയതയും നിറഞ്ഞ സമീപനവുംകൊണ്ട് ഏതുനിലയിലും അതിപ്രഗത്ഭരായ ധാരാളംപേരെ സംഘത്തിലേക്കാനയിച്ച അത്തരം കാര്യകര്‍ത്താക്കള്‍ കേരളത്തില്‍ എങ്ങും കാണാം.
കോഴിക്കോട് യാത്രയില്‍ പഴയ ധാരാളം കുലകൂടസ്ഥരെ ഒരിക്കല്‍ കൂടി കാണാന്‍ അവസരമുണ്ടായി. കുടുംബസഹിതമുള്ള യാത്രയില്‍, ശിവരാമകൃഷ്ണന് എന്ന മുതിര്‍ന്ന സ്വയംസേവകന്റെ അതിഥിയായിരുന്നു. ആഴ്ചവട്ടത്ത്, ആദ്യശാഖ നടന്ന സ്ഥലത്തിന്റെ പരിസരത്ത്, ഭരതേട്ടന്റെയും മാര്‍ത്താണ്ഡേട്ടന്റെയും ജന്മഭൂമിയുടെ മാതൃകാപ്രചരണാലയത്തിന്റെ ഏഴു സ്പോണ്സര്മാരില് ഒരാളായിരുന്ന വി. സി. അച്യുതേട്ടന്റെയും പരിമളം പ്രസരിച്ച ഭാഗത്തെ വളയനാട് ഹിന്ദുസേവാസമിതിയുടെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മറ്റൊരു സ്പോണ്‍സറായിരുന്ന എ. പി. ചാത്തുക്കുട്ടിയുടെ സ്ഥലവും സമീപത്തുതന്നെയായിരുന്നു.
ജനസംഘത്തിന്റെ കോഴിക്കോട്ട് രണ്ടാം മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്ന എം. സി. ശ്രീധരനും വന്ദ്യവയോധികനായ വരായി ബാലന് മാസ്റ്ററും അടുത്തുതന്നെ മാസ്റ്ററെ വീട്ടില്‍ചെന്നു കണ്ടത്, ഒരനുഭൂതി തന്നെ ആയി. അദ്ദേഹത്തിന്റെ പഠനമേശപ്പുറത്ത്, മനോഹരമായി അടുക്കി അട്ടിയിട്ട ജന്മഭൂമിയുടെ ലക്കങ്ങള്‍ ഒരപൂര്‍വ്വദൃശ്യം തന്നെ. പത്രം മുടങ്ങാതെ വായിക്കുന്നുണ്ട് എന്നും മാസ്റ്റര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം സുല്‍ത്താന്‍ ബത്തേരിയില്‍ എഇഒ ആയിരുന്നപ്പോള്‍, ചെന്നു കണ്ടതും ഒരുമിച്ചു സവാരി നടന്നതും മാസ്റ്റര്‍ ഓര്‍ത്തു തൊണ്ണൂറ്റി നാലാം വയസ്സിലും പറയത്തക്ക അസുഖമൊന്നും കൂടാതെ മാസ്റ്റര്‍ കഴിയുന്നത്.
ജന്മഭൂമിയുടെ തുടക്കം മുതല്‍ പത്തുവര്‍ഷക്കാലം അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച പുത്തൂര്‍മഠം ചന്ദ്രനേയും ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസിനെയും അടുത്തുകിട്ടിയ മണിക്കൂറുകളായിരുന്നു അത്. ചന്ദ്രന് ജന്മഭൂമിയുടെ ന്യൂസ് എഡിറ്ററായിരുന്നപ്പോഴാണ് നിലയ്ക്കല്‍ സമരം നടന്നതും ഞങ്ങളിരുവരെയും കാര്യാലയത്തില്‍നിന്ന് പോലീസ് പിടികൂടിയതും. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ ഞാന്‍ അകത്തും ചന്ദ്രന് പുറത്തുമായിരുന്നു.
1984 ല്‍ ഫൈസാബാദില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ ദേശീയ സമ്മേളനത്തില്‍ അദ്ദേഹം പ്രതിനിധിയായിരുന്നു ഫൈസാബാദിനുടുത്താണയോധ്യയെന്നും അതു സംബന്ധമായ വിവരങ്ങള്‍ സമ്പാദിക്കണമെന്നും ഓര്മിപ്പിച്ചതിനെ തികച്ചും ചന്ദ്രന് പ്രയോജനപ്പെടുത്തി. ഉത്തര്‍പ്രദേശ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ‘സാകേത്’ എന്ന പുസ്തകം സമ്പാദിച്ചുകൊണ്ടുവന്നു. രാമജന്മഭൂമിയില്‍ ജയിലിലടച്ചതുപോലത്തെ വിഗ്രഹങ്ങളുടെ ചിത്രം കൊണ്ടുവന്നു. പിന്നീട് സ്ഫോടകമായിത്തീര്ന്ന അയോധ്യാപ്രശ്നം അക്കാലത്ത് സങ്കല്‍പ്പത്തില്‍പ്പോലുമില്ലായിരുന്നു. മടങ്ങിവന്ന അദ്ദേഹം ജന്മഭൂമിയില് 36 ലേഖനങ്ങള്‍ എഴുതി. മലയാളത്തില്‍ ഇത്ര വിശദമായ വിവരങ്ങള്‍ നല്കിയ ഒരു പരമ്പര ഉണ്ടായിട്ടില്ല. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിയമനം കിട്ടി, ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം മാതൃഭൂമിയില്‍ ജോലി ചെയ്യുകയാണദ്ദേഹം. ഏതാനും മണിക്കൂറുകള്‍ പഴയ ഓര്മ പങ്കുവെക്കാന്‍ കഴിഞ്ഞത് അതിയായ ആഹ്ലാദമുണ്ടാക്കി.
പെരച്ചേട്ടന്റെ അനുസ്മരണം അങ്ങനെ ഒട്ടേറെ ഓര്‍മകള്‍ പുതുക്കാനുള്ള അവസരമായി. അനന്വയാലങ്കാരമായി അദ്ദേഹം നിലനില്‍ക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: