തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി തിരുവനന്തപുരത്ത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ബിജെപി നഗരസഭാകക്ഷി നേതാവ് പി. അശോക്കുമാര് കൗണ്‍സിലില്‍ ആവശ്യമുന്നയിച്ചു. ഈ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ കൗണ്‍സിലില്‍ ഉറപ്പുനല്‍കി. സ്മാര്ട്ട്സിറ്റിക്കുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അര്‍ഹത തിരുവനന്തപുരത്തിനാണ്. നിര്‍ദേശിച്ച മാനദണ്ഡമനുസരിച്ച് തിരുവനന്തപുരത്തിന് 86 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചപ്പോള്‍ കൊച്ചിക്ക് 81 ശതമാനം മാത്രമാണ് ലഭിച്ചത്. 2011 ലെ സെന്‍സസ് അനുസരിച്ച് തിരുവനന്തപുരത്തിന് 7 ലക്ഷത്തിലധികം ജനസംഖ്യയുള്ളപ്പോള്‍ കൊച്ചിക്ക് 6 ലക്ഷത്തിലധികം ജനസംഖ്യമാത്രമേയുള്ളൂ.
കോര്പ്പറേഷന് പരിധിയിലെ നൂറു വാര്‍ഡുകളിലും എല്‍ഇഡി സ്ഥാപിക്കാനുള്ള 152.92 കോടി രൂപയുടെ പദ്ധതി പൊതുമേഖലാ സ്ഥാപനമായ സിഡ്കോയെ എല്പ്പിക്കാന് തീരുമാനിച്ചു. കൗണ്‍സിലിന്റെ സമ്മതമുണ്ടെന്ന് കാണിക്കാനായി എണ്ണമെടുക്കുന്നതിന് മുമ്പ് അജണ്ട പാസായതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ കൗണ്‍സില്‍ യോഗം പിരിച്ചു വിടുന്നതായി പ്രഖ്യാപിച്ച് മേയര്‍ തടിതപ്പി. പദ്ധതി സിഡ്കോയെ എല്‍പ്പിക്കാനുള്ള ഭരണസമിതി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ അറിയിച്ചു.
പദ്ധതിക്കായി താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ 13 കമ്പനികള്‍ പങ്കെടുത്തു. അവസാന പട്ടികയില്‍ കെല്‍ട്രോണും സിഡ്കോയുമാണ് ഇടംപിടിച്ചത്. ടെക്നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും പരിശോധിച്ചപ്പോള്‍ സിഡ്കോയുടെ നിര്‍ദേശങ്ങള്‍ മികച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഉറപ്പിക്കുന്നതിന് കൗണ്‍സിലിന്റെ അനുമതി തേടിയത്.
എല്‍ഇഡി ലൈറ്റുകള്‍ സിഡ്കോ നിര്‍മിക്കുന്നില്ലെന്ന് യുഡിഎഫിലെ ജോര്‍ജ് ലൂയിസ് ചൂണ്ടിക്കാട്ടി. ഊര്‍ജ സമിതി അംഗമായ താന്‍ പോലും പദ്ധതിയുടെ വിശദാംശങ്ങളെ കുറിച്ച് അറിഞ്ഞില്ലെന്ന് മോഹനന്‍നായര്‍ പറഞ്ഞു. അജണ്ട പാസാക്കാന്‍ തക്ക ഭൂരിപക്ഷം ഭരണസമിതിക്ക് ഇല്ലായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മേയര്‍ കെ. ചന്ദ്രിക പറഞ്ഞു. 37 നെതിരേ 45 പേരുടെ സമ്മതത്തോടു കൂടിയാണ് അജണ്ട പാസാക്കിയതെന്ന് മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: