ഷീന സതീഷ്
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അഭിമാനമായ കനകക്കുന്ന് കൊട്ടാരവും കൊട്ടാരവളപ്പും പുനരുദ്ധരിക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലേക്ക്. രാജഭരണകാലത്ത് ഉണ്ടായിരുന്ന പടവുകള്‍ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കാലക്രമേണ ഇല്ലാതാവുകയായിരുന്നു. 36 ഏക്കര്‍ വിസ്തൃതിയുള്ള കനകക്കുന്നിന്റെ തനിമ നഷ്ടപ്പെടുത്താതെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
ഇതിന്റെ ഭാഗമായി നിശാഗന്ധി ആഡിറ്റോറിയത്തിലും നവീകരണം പുരോഗമിക്കുന്നു. സിനിമാ പ്രദര്‍ശനമുള്‍പ്പെടെ പരമാവധി സാംസ്കാരിക പരിപാടികളും പ്രദര്‍ശനങ്ങളും ഇനി മുതല്‍ സൂര്യകാന്തി ആഡിറ്റോറിയത്തിലായിരിക്കും നടക്കുക. കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് നവീകരണത്തിന്റെ നിര്മാണച്ചുതല. കൊട്ടാരംവളപ്പില് നിലവിലുള്ള മരങ്ങള്ക്കുപുറമെ പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും ഓണാഘോഷത്തിന് കനക്കുന്ന് തുറന്നുകൊടുക്കേണ്ടതിനാല് രണ്ടാംഘട്ടത്തിലാകും മരങ്ങള്‍ വച്ചുപിടിപ്പിക്കുക.
ഇപ്പോള്‍ ആധുനിക പുല്‍ത്തകിടികളും പൂന്തോട്ട നവീകരണവും കുഴിപ്പളം ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. പുല്‍ത്തകിടികള്‍ ബംഗളൂരുവില്‍നിന്നാണ് കൊണ്ടുവന്നത്. നിശാഗന്ധിയില്‍ ഇരിക്കാനായി നിര്‍മിക്കുന്ന പടിക്കെട്ടുകളുടെ ഗ്രാനൈറ്റുകള്‍ ബംഗളൂരുവിലെ ജിഗിനിയില്നിന്നെത്തിക്കുകയായിരുന്നു. പ്രവേശന കവാടത്തില്‍നിന്നുള്ള പുതിയ പടവുകള്‍ക്ക് ഫ്ളൈയിംഗ് ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനകവാടത്തിനുസമീപം സ്ഥാപിച്ച രണ്ട് സ്തൂപങ്ങള്‍ തമിഴ്നാട്ടിലെ മയിലാടിയില്‍ നിന്നും നടപ്പാത തിരുപ്പതിയില്‍ നിന്നുമെത്തിച്ചു.
നിലവിലെ കല്‍പ്പടവുകള്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ചരിവുമാറ്റിപണിതു. തുടക്കത്തില്‍ 3.3കോടി രൂപയായിരുന്നു അടങ്കല്‍ത്തുക. അധിക ജോലികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ടൂറിസം വകുപ്പ് ഡയറക്ടറുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അടങ്കല്‍ തുക അഞ്ച് കോടി രൂപയായി വര്‍ധിപ്പിച്ചു. പ്രധാനകവാടത്തിനു നടുവിലായി പ്രൗഢഗംഭീരമായ മറ്റൊരുകവാടം നിര്‍മിച്ച് അതുമുതല്‍ കൊട്ടാരംവരെ പരമ്പരാഗത ശൈലിയിലെ കല്‍പ്പടവുകളുടെ നിര്‍മാണം, വരാന്ത, ഗ്രാനൈറ്റ് നടപ്പാത, ലാന്ഡ്സ്കേപ്പിംഗ്്, ഇരിപ്പിടങ്ങള്‍, പ്രവേശന കവാടം, ഫഌഗ് പോസ്റ്റിന് ചുറ്റും പ്ലാറ്റ്ഫോം, അരഭിത്തി, ജലസേചന സൗകര്യം,നിശാഗന്ധി നവീകരണം, ടോയ്ലറ്റ് നന്നാക്കല്‍, ഇലക്ട്രിക് ജോലികള്‍,നിശാവിളക്കുകളും ദിശാബോര്‍ഡുകളും സ്ഥാപിക്കല്‍, പാര്‍ക്കിംഗ് ഏരിയ വികസനം എന്നിവയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയത്. വൈദ്യുതീകരണത്തിന് മാത്രം 75ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
രണ്ടു മാസമായി 350 ല്‍ പരം തൊഴിലാളികള്‍ രാപകലില്ലാതെ മോടിപിടിപ്പിക്കല്‍ ജോലിയിലാണ്. 99 ശതമാനവും മലയാളികള്‍ ജോലിചെയ്യുന്നെന്ന പ്രത്യേകതയും ഉണ്ടെന്ന് കരാറുകാരായ പി.ടി. മാത്യുവും ബി. രാധാകൃഷ്ണനും വി. മാധവന് നായരും പറയുന്നു. നടപ്പാതയുടെ ഇരുവശത്തും നട്ടുവളര്‍ത്തിയ 65 ഫോക്സ്സ്റ്റൈല് ഫാമുകള്‍ പൂന്തോട്ടത്തിന് പുതുസൗന്ദര്യമേകും. അതിനൂതന സാങ്കേതികമികവില്‍ തനതുരീതിക്ക് മാറ്റം വരാതെയാണ് ടെക്സ് വാസ്തുശില്പാലയ നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം 25ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: