തിരുവനന്തപുരം: ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും സംബന്ധിച്ച് കുടുംബശ്രീ കോവളത്ത് സംഘടിപ്പിച്ച അന്തര്ദേശീയസമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ മാധ്യമപ്രവര്ത്തകന് പി. സായിനാഥ് തെരഞ്ഞെടുത്ത സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുമായി സംവദിച്ചു. സംവാദത്തില്‍ സംസ്ഥാനത്തെ മദ്യനിരോധനം, സ്ത്രീകളുടെ നേതൃപരമായ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.
കുടുംബശ്രീ പ്രവര്‍ത്തകരോട് ചില ചോദ്യങ്ങള്‍ ചോദിച്ചാണ് സായിനാഥ് ചര്‍ച്ച സജീവമാക്കിയത്. മദ്യനിരോധനം എങ്ങനെ സ്ത്രീകള്‍ക്ക് ഗുണകരമായി എന്നായിരുന്നു ആദ്യചോദ്യം. തങ്ങള്‍ മദ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതും വ്യാജവാറ്റ്, മദ്യവില്പന തുടങ്ങിയവ നിര്‍ത്താന്‍ വിവിധ മേഖലകളിലും കോളനികളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ വിജയം കണ്ടതിന്റെ നിരവധി ഉദാഹരണങ്ങളും അവര്‍ ഉയര്‍ത്തിക്കാട്ടി. കുടുംബശ്രീയിലെ നേതൃപരമായ പങ്ക് തങ്ങളുടെ വ്യക്തിത്വം ഉയര്‍ത്താന്‍ ഏറെ സഹായിച്ചതായും അവര്‍ പറഞ്ഞു.
സമൂഹത്തിലും കുടുംബത്തിലും ഇപ്പോള്‍ അംഗീകാരവും പ്രാധാന്യവും ലഭിക്കുന്നുണ്ട്. തൊഴിലാളി, രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതാണ് നിയമസഭയില്‍ ഉള്‍പ്പെടെ സ്ത്രീസാന്നിധ്യം കുറയാന്‍ കാരണമെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ സംവാദത്തില്‍ ചൂണ്ടിക്കാട്ടി. മന്ത്രി ഡോ എം.കെ. മുനീര്‍, മാധ്യമപ്രവര്‍ത്തകരായ സി. ഗൗരീദാസന്‍ നായര്‍, ജോണ്‍ മുണ്ടക്കയം, സിമി സാബു എ ന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: