തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാതാ വികസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി ചെയര്മാന് പി. ഗോപിനാഥന് നായര്‍. ദേശീയപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കല്‍ സ്തംഭിച്ചതിനെതിരെ കരമന-കളിയിക്കാവിള ദേശീയ പാത വികസന ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി എത്രയും വേഗം ഏറ്റെടുത്ത് റോഡ് നിര്‍മാണം തുടരണം. അലൈന്‍മെന്റിനനുസരിച്ച് റോഡുപണി എത്രയും വേഗം ആരംഭിക്കണം. ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. ഇതിനായി തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും ഗോപിനാഥന് നായര്‍ ആവശ്യപ്പെട്ടു.
ദേശീയപാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന് പര്‍ച്ചേസിംഗ് കമ്മറ്റി ചേര്‍ന്ന് ഭൂ ഉടമകളില്‍ നിന്ന് സമ്മതപത്രം വാങ്ങിയിട്ട് രണ്ടരമാസമായി. എന്നാല്‍ തുടര്‍ നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് കുറ്റപ്പെടുത്തി. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂമിക്ക് കളക്ടര്‍ നിശ്ചയിച്ച തുക കൂടിപ്പോയെന്നാണ് ചീഫ്സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മറ്റിയുടെ നിലപാട്. കമ്മറ്റി ഭൂമിഏറ്റെടുക്കല്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. വിഴിഞ്ഞം കരാര്‍ ഒപ്പുവച്ചതോടെ ഇനിയും പരിസരപ്രദേശങ്ങളില്‍ ഭൂമിക്ക് വില കൂടും. ഇത് മനസിലാക്കാതെയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റടുക്കുന്നത് നിര്‍ത്തി വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനം ശരിയായ രീതിയില്‍ നടക്കുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്നും അഡ്വ എസ്. സുരേഷ് കുറ്റപ്പെടുത്തി.
ധര്‍ണയില്‍ മുന്‍മന്ത്രി ഡോ നീലലോഹിതദാസന്‍ നാടാര്‍, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ എ.എസ്. മോഹന്‍ കുമാര്‍, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, രക്ഷാധികാരി അഡ്വ വി. അനിരുദ്ധന് നായര്‍, ബിജെപി ദേശീയ സമിതി അംഗം കരമന ജയന്, കെപിസിസി സെക്രട്ടറി ആര്. വത്സലന്‍, എം. വിന്‍സന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ആര്.എസ്. ശശികുമാര്‍, എസ്.എസ്. ലളിത്, നേമം ജബ്ബാര്‍, വൈ.കെ. ഷാജി, കെ.പി. ഭാസ്കരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: