കൃഷ്ണഗിരി: പച്ചക്കുന്നുകള്‍ക്ക് നടുവില്‍ ആദ്യരാജ്യാന്തര മത്സരമെത്തിയതോടെ ആവേശത്തേരില്‍ കാണികള്‍. രാവിലെ മുതല്‍ സ്‌റ്റേഡിയത്തിലേക്ക് തുടങ്ങിയ പ്രവാഹം കളിയവസാനിക്കുന്നത് വരെ തുടര്‍ന്നു. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കാണാനായിരുന്നു കൂടുതല്‍ ആഗ്രഹമെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെയും കയ്യഴിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ കാണികള്‍ തയ്യാറായി. ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കക്കായതോടെ കാണികള്‍ അല്‍പം നിരാശരായി. എന്നാല്‍ പരിചയമുള്ള മുഖങ്ങളെ ഗ്രൗണ്ടില്‍ തൊട്ടടുത്ത് കണ്ടതോടെ കാണികളുടെ ആവേശം അണപൊട്ടി. ആദ്യ രാജ്യാന്തര മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
മെയിന്‍ കെട്ടിടത്തിന് മുകളിലും കിഴക്ക് വശത്തും താല്‍ക്കാലിക പവലിയന്‍ നിര്‍മ്മിച്ചിരുന്നു. മത്സരം കാണാന്‍ മൂവ്വായിരത്തോളം കാണികളാനെത്തി. കുടുംബങ്ങളായും കൂട്ടമായുമെത്തിയവര്‍ ഓരോ ബൗണ്ടറിയും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഇടക്ക് വിക്കറ്റ് വീഴുമ്പോള്‍ ആവേശം പരകോടിയിലെത്തി. രാവിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ കോച്ചും മുന്‍ ഇന്ത്യന്‍ കാപ്റ്റനുമായ രൂഹുല്‍ ദ്രാവിഡ് നിര്‍വ്വഹിച്ചു. മനോഹരമായ സ്‌റ്റേഡിയത്തില്‍ കൂടുതല്‍ മത്സരങ്ങള്‍ എത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജില്ലാ പോലീസ് ചീഫ് അജിതാ ബീഗം, ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















