പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുബായ് പ്രസംഗത്തെ പുകഴ്ത്തി സംവിധായിക അഞ്ജലി മേനോന് രംഗത്ത് . തന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റിലാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ മോദിയുടെ പ്രസംഗത്തെ അഞ്ജലി മേനോന് പ്രശംസിക്കുന്നത്.
മോദിയുടെ ഇന്ത്യന്‍ പ്രസംഗത്തിന്റെ പ്രാധാന്യം എന്താണ് എന്നാണ് ലേഖനത്തിന്റെ തലക്കെട്ട് .ഒരു ഗള്‍ഫ് കുട്ടിയായാണ് വളര്‍ന്നതെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അഞ്ജലി മേനോന് പറയുന്നു.
യു.എ.ഇയുമായുള്ള തന്റെ ദീര്‍ഘകാലത്തെ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് അഞ്ജലിയുടെ കുറിപ്പ്. എണ്ണപ്പണം വരുന്നതിനു മുമ്പുള്ള യു.എ.ഇയില്‍ ഭാഗ്യാന്വേഷിയായി എത്തിയ പിതാവ് ടി.എം നായരുടെ കാലത്തുനിന്നും ഇന്നത്തെ സമ്പന്നമായ ദുബായിയുടെ പരിണാമത്തെ അവര്‍ വരച്ചു കാട്ടുന്നു. 1959ലാണ് അഞ്ജലിയുടെ പിതാവ് യു.എ.ഇയില്‍ എത്തിയത്.
യു.എ.ഇയിലെ മലയാളി സമൂഹത്തെക്കുറിച്ചും അവര്‍ തമ്മിലുള്ള ഗാഢമായ ബന്ധങ്ങളെ കുറിച്ചും അഞ്ജലി എഴുതുന്നു. അതിസമ്പന്നമായ ഇന്നത്തെ ദുബൈയെമാത്രം കണ്ടവര്‍ക്ക് മനസ്സിലാവാത്തതാണ് പഴയ കാലം. അന്നത്തെ ഇന്ത്യക്കാരില്‍ ചിലര്‍ എങ്കിലും മോദിയുടെ പ്രസംഗം കേട്ടിരിക്കാമെന്നും അവര്‍ ഏറെ നാളായി കേള്‍ക്കാന്‍ ആശിക്കുന്ന അംഗീകാരത്തിന്റെ വാക്കുകളാണ് മോദിയില്‍ നിന്നുണ്ടായതെന്നും അഞ്ജലി എഴുതുന്നു.
പിതാവ് ഉണ്ടായിരുന്നുവെങ്കില്‍, അത് അദ്ദേഹത്തിന് എത്രമാത്രം വിലപ്പെട്ടതായിരിക്കുമെന്ന് തനിക്ക് അറിയാമെന്നും അവര്‍ എഴുതുന്നു.
‘കാലം മാറിയതിനനുസരിച്ച് പ്രവാസികളും മാറി. വിവിധ രാജ്യങ്ങളിലെ സംസ്കാരം മനസ്സിലാക്കാനും അതുമായി ഇഴുകിച്ചേരാനും പ്രവാസികള്‍ പഠിച്ചു. പുതുതലമുറ ജനിക്കുന്നത് തന്നെ അറിവിന്റെ വെള്ളിക്കരണ്ടിയുമായാണ്. എന്നാല്‍ പഴയ യുഎഇയുടെ ചരിത്രം അവര്‍ക്ക് അഞ്ജാതമായിരിക്കാം. അച്ഛനില്‍ നിന്നും പകര്ന്ന്് കേട്ട അറിവുവച്ചാണ് ഞാന്‍ ഇതെഴുതുന്നത്.
യുഎഇയിലെ പ്രവാസി സമൂഹത്തിന് ഇതിന് മുന്‍പ് എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ലഭിച്ചിരുന്നില്ല എന്നത് എന്നെ അന്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്ക് സന്തോഷമുണ്ട്.
മോദിയുടെ പ്രസംഗം കേട്ട പ്രവാസികളില്‍ പഴയതലമുറയില്‍ നിന്നുള്ളവരും ഉണ്ടാകും. ഈ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നവരും അവര്‍ തന്നെ. അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ് ഈ അംഗീകാരം. പിതാവ് ഉണ്ടായിരുന്നുവെങ്കില്‍, അത് അദ്ദേഹത്തിന് എത്രമാത്രം വിലപ്പെട്ടതായിരിക്കുമെന്ന് തനിക്ക് അറിയാമെന്നും അഞ്ജലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: