തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള ഓണവില്ലുകള്‍ ഒരുങ്ങിത്തുടങ്ങി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിര്‍മിച്ച ശില്പ്പികളുടെ കുലപരമ്പരയില്പ്പെട്ടവരാണ് പള്ളിവില്ല് എന്നറിയപ്പെടുന്ന ഓണവില്ല് നിര്‍മിച്ച് സമര്‍പ്പിച്ചുവരുന്നത്.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തോളം പഴക്കമുള്ളതാണ് ഓണവില്ലിന്റെയും ചരിത്രം. കൊല്ലവര്‍ഷം 677-ാമാണ്ടില്‍ ഓണവില്ല് സമര്‍പ്പണം പുനരാരംഭിച്ചതായി മതിലകം രേഖകളിലുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അധികാരമേറ്റ് ചരിത്രപ്രസിദ്ധമായ തൃപ്പടിദാനം നടത്തി തൊട്ടടുത്തവര്‍ഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി മുമ്പ് നിലവിലിരുന്ന ആചാരങ്ങള്‍ പുനസ്ഥാപിച്ചു. അതില്‍പ്പെടുന്നതാണ് ഓണവില്ല് സമര്‍പ്പണവും. തിരുവനന്തപുരം നഗരത്തിന്റെ കിഴക്കേ കവാടമായ കരമനയ്ക്ക് സമീപമുള്ള മേലാറന്നൂരിലെ വാണിയംമൂല വിളയില്വീട്ടിലെ മൂത്താശാരിമാര്ക്കാണ് രാജകല്പ്പന അനുസരിച്ച് ഈ വില്ലുകള്‍ സമര്‍പ്പിക്കാനുള്ള പരമ്പരാഗതമായ അവകാശം. ഈ കുടുംബത്തില്‍പ്പെട്ട മൂത്താശാരിമാരാണത്രെ പദ്മനാഭസ്വാമിക്ഷേത്രത്തിലെ ശില്‍പ്പചാതുരിക്ക് നേതൃത്വം നല്‍കിയത്. ഓണവില്ല് കുടുംബം എന്നറിയപ്പെടുന്ന ഈ കുടുംബത്തിലെ മൂത്ത അംഗമായ ബിനുകുമാറിന്റെ നേതൃത്വത്തിലാണ് ഏതാനും വര്‍ഷങ്ങളായി ഓണവില്ലുകള്‍ സമര്‍പ്പിക്കുന്നത്.
ചിങ്ങം ഒന്നിനു തന്നെ ഈ കുടുംബത്തിലെ മൂത്ത അംഗത്തിന്റെ നേതൃത്വത്തില്‍ ആറുജോടി വില്ലുകള്‍ (12 എണ്ണം) തയ്യാറാക്കുന്ന പ്രവര്‍ത്തനം ആരംഭിക്കും. 41 ദിവസത്തെ വ്രതശുദ്ധിയോടെ കാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ അല്‍പ്പം പോലും വീഴ്ചവരുത്താതെയാണ് ഇവര്‍ വില്ലുകള്‍ നിര്‍മിക്കുന്നത്. നാടിന്റെ സര്‍വൈശ്വര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് ഇവര്‍ ഓണവില്ലുകള്‍ ഒന്നാം ഓണദിനമായ ഉത്രാടത്തിന് ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്നത്. അന്ന് കിഴക്കേ ഗോപുരനടയില്‍ രാവിലെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ക്ഷേത്ര അധികാരികളും പുരോഹിതന്മാരും പാണിവിളക്കുമേന്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഓണവില്ലുമായെത്തുന്ന മൂത്താശാരി കുടുംബത്തെ സ്വീകരിക്കും. തുടര്‍ന്ന് ശീവേലിപ്പുരയിലെത്തുന്ന കുടുംബാംഗങ്ങള്‍ അവിടെയുള്ള ആദ്യശിലയ്ക്കുമുന്നില് മനസാനമസ്കരിച്ച് അനുവാദം വാങ്ങി വില്ലുകള്‍ സമര്‍പ്പിക്കും.
ഈ ശിലയില്‍ ഒരു മുഴക്കോല് കൊത്തിയിട്ടുണ്ട്. ആ മുഴക്കോലിന്റെ അളവ് പെരുക്കി അതനുസരിച്ചായിരുന്നു തിരുവിതാംകൂറിലെ വീടുകള്‍ രാജഭരണകാലത്ത് നിര്‍മിച്ചിരുന്നത്. ഈ ശിലയില്‍ ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്ന ശില്പ്പിയുടെ ബിംബം കൊത്തിയിട്ടുണ്ട്. ഇവിടെ വച്ച് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് വില്ലുകള്‍ ഏറ്റുവാങ്ങുന്നത്. തുടര്‍ന്ന് മൂത്താശാരി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പ്രസാദവും ദക്ഷിണയും നല്‍കും. ഓണക്കോടി നിലത്തുവിരിച്ച് വില്ലുകള്‍ ഭഗവാനെ കാണിച്ച് അതില്‍ വയ്ക്കും. വീണ്ടും നമസ്കരിച്ചശേഷം ശാന്തിമാര്‍ക്ക് കൈമാറും. വില്ലുമായി ശീവേലിപ്പുര ഒരുവലതു ചുറ്റി കിഴക്കേഗോപുരത്തിനുള്ളില് കടന്ന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി അഭിശ്രവണ മണ്ഡപത്തിലെ പള്ളിപ്പലകയില്‍ വില്ലുകള്‍ വയ്ക്കും. കുഞ്ചലം, കുരുത്തോല എന്നിവ അലങ്കരിച്ച് വില്ലുകളില്‍ ഞാണ്കെട്ടും. ഇവിടെ നിന്ന് അനന്തശായിയായി പള്ളികൊള്ളുന്ന ശ്രീപദ്മനാഭവിഗ്രഹത്തില് ചാര്‍ത്താനുള്ള പ്രധാനവില്ല് ശാന്തിക്കാരന് എടുത്തുകൊണ്ടുപോയി പദ്മനാഭസ്വാമിയുടെ ഉദരഭാഗത്ത് ചാര്‍ത്തും. ഈ വില്ലില്‍ ദശാവതാരങ്ങളുടെ ചിത്രങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നരസിംഹം, ശ്രീരാമന്, ശ്രീകൃഷ്ണന്, വിനായകന്, ശാസ്താവ് എന്നീ ഉപദേവതകള്‍ക്കുള്ള വില്ലുകളും അതത് ശാന്തിക്കാര്‍ ഏറ്റുവാങ്ങി വിഗ്രഹങ്ങളില്‍ ചാര്‍ത്തും. ഓണവില്ല് ചാര്ത്തിയാല് ആദ്യം കണ്ടുതൊഴാനുള്ള അവകാശവും മൂത്താശാരി കുടുംബാംഗങ്ങള്‍ക്കാണ്. തിരുവോണം, അവിട്ടം, ചതയം എന്നീ മൂന്നുദിവസങ്ങളില്‍ ഓണവില്ല് ചാര്‍ത്തിയായിരിക്കും പൂജകള്‍ നടക്കുക. നാലാംദിനം ഈ വില്ലുകള്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ പൂജാമുറിയിലേക്ക് മാറ്റി സൂക്ഷിക്കും. ഇതിലൂടെ നാടിനും ജനങ്ങള്‍ക്കും എല്ലാവിധ ക്ഷേമൈശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
മഞ്ഞക്കടമ്പിന്റെയോ മഹാഗണിയുടെയോ തടി കൊണ്ടാണ് വില്ലുകള്‍ നിര്‍മിക്കുന്നത്. പ്രധാനവില്ലിന് നാലര അടി നീളവും ആറിഞ്ചുവീതിയും ഉണ്ടാകും. ഇടത്തരം വില്ലുകള്‍ക്ക് നാലടി നീളവും അഞ്ച് അര അടി വീതിയും ചെറിയ വില്ലുകള്‍ക്ക് മൂന്നര അടി നീളവും നാലടി വീതിയുമുണ്ടാകും. എല്ലാ വില്ലുകള്‍ക്കും മുക്കാലിഞ്ച് കനമായിരിക്കും. പ്രധാനവില്ലൊഴിച്ച് മറ്റുള്ളവയില്‍ മഹാവിഷ്ണുവിന്റെ സൗമാവതാരങ്ങളായ ശ്രീരാമകഥയും ശ്രീകൃഷ്ണലീലയുമാണ് വരയ്ക്കുന്നത്. 2009 മുതല്ക്കാണ് ശാസ്താവിനും വിനായകനും വില്ലു സമര്‍പ്പണം ആരംഭിച്ചത്.
ആദ്യം രേഖാചിത്രം തയ്യാറാക്കിയ ശേഷം അതില്‍ കളമെഴുതുന്ന പൊടികളുപയോഗിച്ച് തയ്യാറാക്കുന്ന വര്‍ണങ്ങള്‍ നിറയ്ക്കും. ഒരു വില്ല് തയ്യാറാക്കാന്‍ കുറഞ്ഞത് രണ്ടുദിവസമെടുക്കും. തുടര്‍ന്ന് മിഴിതുറക്കല്‍ ചടങ്ങ് നടത്തി കുടുംബക്ഷേത്രത്തില്‍ പൂജിച്ചശേഷമാണ് വില്ലുകള്‍ ശ്രീപദ്മനാഭന് സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: