അടിമാലി : അടിമാലി ടൗണില്‍ റോഡുകള്‍ തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടര്‍ന്ന് യാത്രാക്ലേശം രൂക്ഷമായി. കല്ലാര്‍കുട്ടി റോഡില്‍ പഞ്ചായത്ത് ആഫീസിന് സമീപവും, ബസ് സ്റ്റാന്‍ഡ് റോഡും പരിസരവും കുണ്ടുംകുഴിയുമായി വെള്ളത്തിലാണ്. സ്റ്റാന്‍ഡിന്റെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും എത്തുന്ന മലിനജലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പഞ്ചായത്ത് ആഫീസിന് മുന്‍വശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ റോഡിലാകെ ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്. പാല്‍കോ പമ്പിന് മുന്‍വശം താറുമാറായി കിടന്ന റോഡ് കോണ്‍ക്രീറ്റ് ടൈലുകള്‍ പാകിയപ്പോള്‍ ശേഷിക്കുന്ന റോഡ് താഴ്ന്നു കിടക്കുന്നതും മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതും റോഡില്‍ വെള്ളം കെട്ടിനില്ക്കാന് കാരണമായി. അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: