ഗാലെ: കയ്യെത്തും ദൂരത്തുണ്ടായിരുന്ന വിജയം ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ പ്രകടനത്തിലൂടെ ഇന്ത്യ കൈവിട്ടു. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 63 റണ്‍സിനാണ് ടീം ഇന്ത്യ തോറ്റത്. 69-ാം സ്വാതന്ത്ര്യദിനത്തിലായിരുന്നു ഉറപ്പായിരുന്ന ജയം കൈവിട്ട് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പകുത്തിയത്.
രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 176 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയെ വെറും 112 റണ്‍സിന് എറിഞ്ഞിട്ടാണ് ശ്രീലങ്ക ഐതിഹാസിക ജയം സ്വന്തമാക്കിയത്. സ്പിന്നര്‍ ഹെറാത്തിന്റെ മാസ്മരിക പന്തുകള്‍ക്ക് മുന്നിലാണ് കടലാസിലെ കരുത്തരായ ടീം ഇന്ത്യ മുട്ടുമടക്കിയത്. 21 ഓവര്‍ എറിഞ്ഞ ഹെറാത്ത് വെറും 48 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ തരിന്‍ഡു കൗശലും സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സില്‍ 192 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തി വീണത്. സ്കോര്‍ ചുരുക്കത്തില്‍: ശ്രീലങ്ക 183, 367, ഇന്ത്യ 375, 112. ലങ്കന്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ (162 നോട്ടൗട്ട്) ദിനേശ് ചണ്ഡിമലാണ് മാന്‍ ഓഫ് ദി മാച്ച്. വിജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി.
ഒന്നിന് 23 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ടീം ഇന്ത്യക്ക് വേണ്ടി ഒരാള്‍ക്കുപോലും അര്‍ദ്ധസെഞ്ചുറി തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല. 89 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യ ഒമ്പത് വിക്കറ്റുകളും വലിച്ചെറിഞ്ഞ് തോല്‍വി ഏറ്റുവാങ്ങിയത്. 36 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. രഹാനെക്ക് പുറമെ ശിഖര്‍ ധവാന് 28 റണ്‍സുമെടുത്തു. ഇരുവര്‍ക്കും പുറമെ രണ്ട് പേര് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. അമിത് മിശ്ര (15), ഇഷാന്ത് ശര്‍മ്മ (10) എന്നിവരാണ് രണ്ടക്കം കടന്നത്.
ലോകേഷ് രാഹുല്‍ (5), രോഹിത് ശര്‍മ്മ (4), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (3), വൃദ്ധിമാന്‍ സാഹ (2), ഹര്ഭജന് (1), ആര്. അശ്വിന് (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഒരു റണ്‍സുമായി വരുണ്‍ ആരോണ്‍ പുറത്താകാതെ നിന്നു. ഹെറാത്തിന്റെയും കൗശലിന്റെയും കുത്തിത്തിരഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ ബാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ടീം ഇന്ത്യയുടെ പരാജയത്തിന് മുഖ്യകാരണം. നിലയുറപ്പിച്ച് കളിക്കുന്നതിന് പകരം അലക്ഷ്യമായി കളിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ചെറിയ പിഴവുകളാണ് പരാജയത്തിന് കാരണമായതെന്ന് നായകന് വിരാട് കോഹ്ലി മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്ത മത്സരത്തില്‍ ഇന്ത്യ വിജയത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
















