രാജേഷ്ദേവ്
തിരുവനന്തപുരം: ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ഭസ്മത്തിനും ചന്ദനത്തിനും ക്ഷാമം.പ്രസാദത്തിന്റെ പേരില്‍ പകല്‍കൊള്ള. നിരവധി ഭക്തരാണ് വാവുബലി ദിവസമായ ഇന്നലെ നെറ്റിയില്‍ ഭസ്മകുറി ചാര്‍ത്താനോ ചന്ദനം തൊടാനോ കഴിയാതെ രോഷാകുലരായത്.
ക്ഷേത്രത്തിനുള്ളില്‍ വന്‍ തിരക്കായതുകാരണം പുറത്തെ മണ്ഡപങ്ങളില്‍ ബലിതര്‍പ്പണം നടത്തിയവര്‍ക്കാണ് പ്രസാദം ലഭിക്കാത്തത്. സാധാരണയായി തിരക്കുള്ള ദിവസങ്ങളില്‍ പ്രസാദം പുറത്ത് വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്നലെ അതുണ്ടായില്ല. പ്രസാദത്തിനുവേണ്ടി ദേവസ്വം ഓഫീസുമായി ബന്ധപ്പെടാന്‍ നടത്തിയ ശ്രമവും വിഫലമായി. ക്ഷേത്രത്തിന്റെ നടയില്‍ നിന്നു വിതരണം ചെയ്യുന്ന പ്രസാദത്തിന്റെ പേരില്‍ ബോര്‍ഡ് പകല്‍കൊള്ള നടത്തുകയായിരുന്നു.
ക്ഷേത്രത്തില്‍ നിന്നു വിതരണം ചെയ്ത ഒരു പാക്കറ്റ് ഉണ്ണി യപ്പത്തിന് നിശ്ചയിച്ച വില 30രൂപയാണ്. എന്നാല്‍ വിപണിയില്‍ ഒരു രൂപക്ക് വില്‍ക്കുന്ന ചെറിയ പത്ത് ഉണ്ണിഅപ്പങ്ങള്ക്കാണ് ഒരു കവറിന് 30 രൂപ നിശ്ചയിച്ചത്. എന്നാല്‍ പ്രസാദം വാങ്ങാന്‍ എത്തിയ ഭക്തജനങ്ങള്‍ക്ക് രണ്ടുകവറില് കുറഞ്ഞ് ഉണ്ണിയപ്പം നല്‍കാനാവില്ലെന്ന നിലപാടാണ് ദേവസ്വം സ്വീകരിച്ചത്. മിക്കപേരും ഉണ്ണിയപ്പം വാങ്ങാതെ മടങ്ങുകയായിരുന്നു.
ബലിയര്പ്പിക്കാനെത്തുന്നവര്ക്കുള്ള പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളൊന്നും ബോര്‍ഡ് ഒരുക്കിയിരുന്നില്ല. പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ എത്തിയവരാണ് പ്രതിസന്ധിയിലായത.് സേവാഭാരതിയുടെ നേതൃത്വത്തില്‍ തിരുവല്ലം ആറിന് മറുവശത്തുള്ള ലങ്കയില്‍ വിശ്രമകേന്ദ്രവും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യവും ഒരുക്കിയത് ആശ്വാസകരമായി. പലരും അന്വേഷിച്ചറിഞ്ഞാണ് സേവാഭാരതിയുടെ സേവന കേന്ദ്രത്തിലെത്തിയത്. ക്ഷേത്ര ഡ്യൂട്ടിയിലുള്ള ഫയര്‍ഫോഴ്സ് ജീവനക്കാരും പോലീസുകാരും വിശ്രമ സങ്കേതം കണ്ടെത്തിയതും ഇവിടമായിരുന്നു.
ഓരോ വാവുബലിക്കും ലക്ഷങ്ങളുടെ വരുമാനം ദേവസ്വം ബോര്‍ഡിന് ഉണ്ടായിട്ടും ഭക്തജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാത്തത് വിശ്വാസികളോട് കാണിക്കുന്ന കടുത്ത അവഗണനയാണെന്ന് ക്ഷേത്രസംരക്ഷണ സമിതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: