മുന്‍വര്‍ഷത്തെപ്പോലെതന്നെ മഴപെയ്യുമെന്നുറപ്പായിരുന്നു. എങ്കിലും ഏറ്റവും മികച്ച ഉടുപ്പും ട്രൗസറുംതന്നെ അവര്‍ ഇടുമായിരുന്നു. കൈയിലെ മൂവര്ണ്ണക്കൊടിയില്നിന്ന് മഴയത്ത് ഒലിച്ചിറങ്ങുന്ന ചുവപ്പുനിറം ഉടുപ്പില്‍ ഒരിക്കലും മായാതെ കിടക്കുമെന്നറിയാമായിരുന്നു. എങ്കിലും കൂട്ടരുമായി നിരനിരയായി പൊതു നിരത്തിലൂടെ
‘പോരാ പോരാ നാളില്‍നാളില്‍ ദൂരദൂരമുയരട്ടെ
ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകള്‍’ എന്ന് ക്ലാസദ്ധ്യാപകന്‍ ചൊല്ലിക്കൊടുത്തത് ഏറ്റുചൊല്ലി ഉല്ലസിച്ചു നടക്കുമായിന്നു. വഴിയോരത്ത് പരിചിതരെ കണ്ടപ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചിരുന്നു. പാലം കടക്കാന്‍ കൈപിടിക്കാന്‍ നിന്നവരില്‍ പണ്ടു പഠിച്ചു പോയ ചേട്ടന്മാര് കാണുമായിരുന്നു. സ്കൂള്‍ വളപ്പിനു പുറത്തിറങ്ങി നടന്ന് കൂട്ടമായി ആനന്ദിച്ച ആ സ്വാതന്ത്ര്യ ദിനാഘോഷം സമാപിക്കുന്നത് മധുരം നുണഞ്ഞായിരുന്നു. അന്ന് ‘ആണ്ടേയ്ക്കൊരിക്കല്‍ ഒരോഗസ്റ്റ് പതിനഞ്ചിന് അരുമയായി നുണഞ്ഞ മധുര’മായിരുന്നു ഭാരതം; വര്ണ്ണച്ചാറൊഴുക്കിയ മഴനനഞ്ഞുള്ള യാത്രയും.
പിന്നെ എപ്പോഴാണ് ആഗസ്റ്റ് പതിനഞ്ചിന്റെ ഈ ആഘോഷാവേശം സ്കൂള്‍ കാമ്പസില്‍നിന്നും പോയത്. വര്‍ണ്ണ ഉടുപ്പുകള്‍ക്കു പകരം യൂണിേഫാം വന്നപ്പോഴോ… സ്കൂള്‍ വളപ്പുകള്‍ക്ക് കൂറ്റന്‍ മതിലുണ്ടായപ്പോഴോ.. സ്കൂളുകള്‍ക്ക് ഒാഡിറ്റോറിയം ഉണ്ടായപ്പോഴോ… ഇംഗ്ലീഷ് മീഡിയം ഫാഷനായപ്പോഴോ… എയ്ഡഡ്-അണ് എയ്ഡഡ് ആധിപത്യം വ്യാപകമായപ്പോഴോ…ഒടിഞ്ഞ ബഞ്ചും ചെരിഞ്ഞ ബ്ലാക്ബോര്‍ഡും പോയി ക്ലാസുകള്‍ സ്മാര്ട്ടാകുന്നതിനും ഏറെ മുമ്പേ സ്വാതന്ത്ര്യത്തിന്റെ മധുര ലഹരിയെ ആരോ സ്കൂള്‍ വളപ്പില്നിന്നിറക്കി വിട്ടു… ആരായിരിക്കും, അതിനു ചരിത്രം തിരയേണ്ടിവരും.
വര്‍ണ്ണക്കടലാസ് പ്ലാസ്റ്റിക്കാകും കാലത്തിനും ഏറെമുമ്പേ പതാകയുയര്‍ത്താന്‍ സ്കൂളില്‍ കുട്ടികള്‍ വേണ്ടെന്നായി. അദ്ധ്യാപകര്‍ കൂട്ടം ചേര്‍ന്ന് ആ ചുമതലയ്ക്ക് സ്കൂള്‍ പ്യൂണിനെ ഇരയാക്കിത്തുടങ്ങിയിരുന്നു. ഓര്മ്മക്കുറവുകൊണ്ടോ ഉറക്കച്ചടവുകൊണ്ടോ മാത്രമല്ല, ഒരുതരം വാശി തീര്‍ക്കല്‍ പോലെ ചിലര്‍ ദേശീയപതാക തലകീഴായി തൂക്കി ആരോടൊക്കെയോ പ്രതിഷേധിച്ചു. അവിടെയും അരിശം തീരാഞ്ഞ് പുരയുടെ ചുറ്റും മണ്ടി നടന്നവര്‍ പില്ക്കാലത്ത് ദേശീയ പതാകയ്ക്ക് തീകൊളുത്തി. കശ്മീരില്‍ തുടങ്ങിവെച്ചു, പല തരത്തില്‍ അത് വിവിധ സ്ഥലങ്ങളില്‍ അനുകരിച്ചു, അനുസരിച്ചു. നിര്‍ബന്ധിച്ച് കുട്ടികളെ സ്വാതന്ത്ര്യ ദിനത്തില്‍ അസംബ്ലിയില്നിര്ത്തിയതിന് സ്കൂള്‍ അധികൃതര്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണത്രെ ആദ്യം ഈ ആഘോഷം നിര്‍ബന്ധിതമല്ലെന്നു ശാസിപ്പിച്ചത്. മനുഷ്യാവകാശം മുതിര്‍ന്നവര്‍ക്കും ബാലാവകാശം കുട്ടികള്‍ക്കും മറയായപ്പോള്‍ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം കൂടുതല്‍ വിപുലമായി-അവനവനു തോന്നിയത് ആചരിക്കാനുള്ള സ്വാതന്ത്ര്യം!! അവകാശങ്ങള്‍ക്ക് കടമകള്‍ക്കു മേലേ ഇരിപ്പിടം കൊടുത്തത് ആരാണാവോ… അതിനും ചരിത്രം ചികയണം.
സ്വാതന്ത്ര്യം കിട്ടിയില്ലെന്നു ചിലര്‍ വാദിക്കുന്നതു കേട്ടപ്പോള്‍ പലരും ഞെട്ടി. കിട്ടിയത് സ്വാതന്ത്ര്യമല്ലെന്നു പറഞ്ഞതും റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതും വാദിച്ചതും പ്രമുഖരാണെന്നു മനസിലായപ്പോള്‍ ഏറെപ്പേര്‍ ആശയക്കുഴപ്പത്തിലായി. സ്വാതന്ത്ര്യത്തിനും മുമ്പേ ക്വിറ്റിന്ത്യാ സമരത്തെ തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയും ചെയ്തവര്‍ അധികാരത്തിലിരുന്ന് ദേശീയതയുടെ ഓര്‍മ്മ പുതുക്കലുകളെ ലഘൂകരിച്ചപ്പോള്‍ കാര്യങ്ങള്‍ നിയമാനുസൃതമായി. എന്നാണ്, എന്തുകൊണ്ടാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് സ്കൂള്‍ തലത്തില്‍ ഹാജര്‍ നിര്‍ബന്ധമല്ലെന്ന് തീരുമാനം വന്നത്. ആരാണ് നിശ്ചയിച്ചത്. വിദ്യാഭ്യാസ വകുപ്പിനും നല്ല നിശ്ചയം പോരാ. ചരിത്രത്തിന്റെ പെട്ടകം ഏറെ തിരയേണ്ടിവരും…
ചെങ്കോട്ടയില്‍ മൂവര്‍ണ്ണക്കൊടി ഉയര്‍ത്തി, രാഷ്ട്രത്തിന്റെ ചരിത്രവും നേട്ടവും ഭാവിയും പ്രഘോഷിക്കുന്ന രാഷ്ട്രീയാതീതമായ ദേശീയച്ചടങ്ങില്നിന്ന് വിട്ടു നില്ക്കാന് രാഷ്ട്രീയ നേതാക്കള്‍ തയ്യാറായ കാലത്തു തുടങ്ങീ ആത്മാഭിമാന പതനത്തിന്റെ പരകോടിയുടെയാരംഭം. ചില പ്രധാനമന്ത്രിമാരുടെ പ്രസംഗം രാജ്യത്തെ ജനതയെ പ്രചോദിപ്പിക്കുന്നതല്ലാതെവന്നപ്പോള് തുടങ്ങി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വീര്യം ചോരല്. സൈനിക സംവിധാനത്തിന്റെ പകുതിയെ നേരിട്ടും രഹസ്യമായും വിന്യസിച്ച് വെടിയുണ്ടയേല്‍ക്കാത്ത ചില്ലുകൂട്ടില്‍നിന്ന് രാഷ്ട്രത്തിന്റെ വീരത്വവും ധൈര്യവും വീമ്പിളക്കുന്നത് ജനങ്ങള്‍ നേരിട്ടു കാണാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത് ഡിജിറ്റല്‍ വിപ്ലവം മാത്രമായിരുന്നില്ല.
ആഘോഷങ്ങളുടെ പൊള്ളത്തരങ്ങളോടുള്ള മുഖംതിരിക്കല്കൂടിയായിരുന്നു. പിന്നെ അവരെ ആവേശം കൊള്ളിക്കാന്‍ ബുള്ളറ്റ് പ്രൂഫ് കൂടില്ലാതെ ജനങ്ങളോടു നേരിട്ടു സംവദിക്കുന്ന ജനനായകര്‍ വരേണ്ടിവന്നു….
ആഗസ്റ്റ് മാസം ആഘോഷങ്ങളുടെ കാലമാണ്. ഗുരുപൂര്‍ണിമയുടെ, ക്വിറ്റിന്ത്യാഹ്വാന വാര്‍ഷികത്തിന്റെ, രാമായണത്തിന്റെ, രക്ഷാ ബന്ധന്റെ…
രക്ഷാ ബന്ധന് ബന്ധനമാണെങ്കില് സ്വാതന്ത്ര്യം മോചനമാണ്. വൈരുദ്ധ്യം തോന്നിപ്പിക്കുന്ന ഏകത്വം . ഒന്ന് രക്ഷ, ബന്ധിക്കലാണ്, മറ്റൊന്ന് ബന്ധനത്തില്‍നിന്ന് മോചിപ്പിക്കലും. ഒന്ന് കൂട്ടിക്കെട്ടലാണ്, മറ്റൊന്നു കെട്ടുപൊട്ടിക്കലാണ്. ഒന്ന് കടുത്ത ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കലാണ്, മറ്റൊന്ന് ഉത്തരവാദിത്തം ഏറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ്. പരസ്പര രക്ഷയുടെ അടയാളം ചാര്‍ത്തലാണ് ഒന്ന്, മറ്റൊന്ന് രക്ഷിക്കാന്‍ പ്രതിബദ്ധരായവരുടെ പുനഃപ്രഖ്യാപനമാണ്…
ഭാരത സ്വാതന്ത്ര്യാഘോഷങ്ങളോടനുബന്ധിച്ച മൂന്നു ചിത്രങ്ങള്‍ ഇങ്ങനെ:
ചിത്രം ഒന്ന്: ഭാരതം സ്വതന്ത്രമായതായി പ്രഖ്യാപിക്കുന്നതിനു മുമ്പു സംഭവിച്ച രാഷ്ട്ര വിഭജന ദുരന്തത്തിന്റെ നാളുകള്‍ ലാല്‍കൃഷ്ണ അദ്വാനി ആത്മകഥയായ മൈ കണ്ട്രി, മൈ ലൈഫില്‍ വിവരിക്കുന്നു: ” അത് 1947 ആഗസ്റ്റ് 14നായിരുന്നു.
ഭാരതത്തില്‍ നിന്ന് മുറിച്ചുമാറ്റി പാക്കിസ്ഥാനെന്ന പ്രത്യേക മുസ്ലിം രാഷ്ട്രമുണ്ടാക്കിയത് അന്നായിരുന്നു. കുറച്ചേറെക്കാലം ദുശ്ശകുനമായ ആ പ്രയോഗം ഞാന്‍ കേട്ടുപോന്നു-‘ദ്വിരാഷ്ട്ര സിദ്ധാന്തം’. എന്റെ യുവഹൃദയം അന്നുതന്നെ അതിനെ തള്ളി. ”രണ്ടു വിശ്വാസമാണെന്നതുകൊണ്ടു മാത്രം എങ്ങനെ ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ടു പ്രത്യേക രാജ്യങ്ങളുണ്ടാക്കും?”
എനിക്കത് മനസ്സിലായതേയില്ല, പ്രത്യേകിച്ച് ഹിന്ദുവിന് മുസ്ലിമിനേയും മറിച്ചും അകറ്റിനിര്‍ത്താന്‍ ആവാത്ത സിന്ധ് പ്രവിശ്യയിലെ സമൂഹമനസ്സിന്റെ സാംസ്കാരിക-സാമൂഹ്യഘടനയെ നോക്കിക്കാണുമ്പോള്‍. അതേപോലെ സിന്ധിനെ ഭാരതത്തില്‍ നിന്നകറ്റിനിര്ത്താനാവില്ല. ‘പാക്കിസ്ഥാന് ഉണ്ടാവില്ല,’ ഞാന്‍ വിശ്വസിച്ചു, സിന്ധിയെ ആയിരങ്ങളെപ്പോലെ. ഞങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തിന്റെ ഭാഗമാണ്, അങ്ങനെ അത് തുടരുകയും ചെയ്യും. ഭാരതത്തെ മതാടിസ്ഥാനത്തില്‍ ഒരിക്കലും വിഭജിക്കാനാവില്ല.’
എന്നിട്ടും അത് സംഭവിച്ചു.
ഏതാനും വര്‍ഷം മുമ്പുവരെ ഒരു സങ്കല്പം മാത്രമായിരുന്ന വിഭജനം ഒരു യാഥാര്‍ഥ്യമായി. ചില പ്രദേശങ്ങളില്‍ വെടിക്കെട്ടും രാപുലരുവോളം ആഹ്ലാദതിമിര്പ്പുമുണ്ടായെങ്കിലും കറാച്ചിയുടെ ഭൂരിപക്ഷപ്രദേശത്തും ആഘോഷങ്ങളില്ലായിരുന്നുവെന്ന് ഓര്‍ക്കുന്നു. പിറ്റേന്ന് ഭാരതം സ്വതന്ത്രമായി. അപ്പോഴും ഞങ്ങളുടെ നഗരപ്രദേശത്ത് ആഘോഷമൊന്നുമില്ലായിരുന്നു. പകരം മ്ലാനതയുടെ കട്ടിപ്പുതപ്പ് കൊണ്ട് മൂടിക്കിടന്നു.
ബ്രിട്ടീഷ് പതാക പാക്കിസ്ഥാനിലും ഭാരതത്തിലും എന്നെന്നേക്കുമായി താഴ്ന്നു. പക്ഷേ ആസ്ഥാനത്ത് രണ്ടു പതാകകള്‍ കൊടിയേറി-ദല്‍ഹിയില്‍ മൂവര്‍ണക്കൊടിയും കറാച്ചിയില്‍ നക്ഷത്രവും ചന്ദ്രക്കലയും ചേര്‍ന്ന പച്ചക്കൊടിയും. ‘എന്തൊരു ശപിക്കപ്പെട്ട വിധിയാണെന്റേത്’ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അങ്ങനെ ചിന്തിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ‘ആഗസ്റ്റ് 15ന് ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധി ആഘോഷിച്ചില്ല’, അഞ്ചുവര്‍ഷത്തോളമായി ഞാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) സ്വയംസേവകനായതു മുതല്‍ ഈ ദിവസത്തെക്കുറിച്ചുമാത്രം സ്വപ്നം കണ്ടുപോന്നിരുന്നിട്ടുകൂടി. തുടര്‍ന്ന് കുറേ വര്‍ഷം ആ ദുഃഖകരവും കയ്പേറിയതുമായ ചിന്ത എന്നെ വേദനിപ്പിച്ചു.”
ചിത്രം രണ്ട്: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന വിഖ്യാത കൃതിയില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ഇങ്ങനെ വിവരിക്കുന്നു. ” 1947 ആഗസ്റ്റ് 15-ന്റെ മഹത്തായ ഓര്‍മയായി ഇനിയും വളരെക്കാലം അവശേഷിക്കുന്നത് അന്ന് ഇന്ത്യയില്‍ തിങ്ങിക്കൂടിയ ജനങ്ങളുടെ ചിത്രമാണ്….. ഇന്ത്യാഗേറ്റിനടുത്ത് ഒരു തുറന്ന സ്ഥലത്ത് അന്ന് ഉച്ചതിരിഞ്ഞ് അഞ്ചുമണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന ഔദ്യോഗികമായ പതാക ഉയര്‍ത്തല്‍ ആയിരുന്നു ആ പരിപാടി… ലൂയി മൗണ്ട് ബാറ്റനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും കണക്കാക്കിയിരുന്നത് 30,000 ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ്. എന്നാല്‍ അരലക്ഷത്തിലേറെ പേര് പങ്കെടുത്തു. തലസ്ഥാന നഗരിയില്‍ നേരിയമട്ടിലെങ്കിലും അതിനോടു സമാനമായ എന്തെങ്കിലും അതിനു മുമ്പ് ആരും കണ്ടിരുന്നില്ല.. മൗണ്ട്ബാറ്റണ് പ്രഭ്വിയുടെ സെക്രട്ടറിമാരായ എലിസബത്ത് കോളിന്‍സും മുരിയല്‍ വാട്സണും അഞ്ചുമണി കഴിഞ്ഞയുടനെ എത്തി…. മുരിയലിന്റെ കൈയിലുള്ള പിടിമുറുക്കിക്കൊണ്ട് എലിസബത്ത് കിതപ്പോടെ പറഞ്ഞു, ‘നമ്മള് ചവിട്ടുകൊണ്ടു ചാകാന്‍ പോകുകയാണ്…ദൈവത്തിനു നന്ദി, അവര്‍ ഷൂസു ധരിച്ചിട്ടില്ലല്ലോ.’
ഗവര്‍ണര്‍ ജനറലിന്റെ 17 വയസുകാരിയായ പുത്രി പാമലാ മൗണ്ട് ബാറ്റണ്‍ പിതാവിന്റെ രണ്ട് ഉദ്യോഗസ്ഥരോടൊപ്പമാണ് എത്തിയത്. വളരെ ബുദ്ധിമുട്ടി വേദിയുടെ അരികിലേക്ക് അവര്‍ വഴിയുണ്ടാക്കിച്ചെന്നു. വേദിയിലിരുന്ന് അവളെക്കണ്ട നെഹ്രു ജനങ്ങളെ കവച്ചുകടന്ന് വേദിയിലേക്കു വരാന്‍ വിളിച്ചു പറഞ്ഞു. അവള് മറുപടി വിളിച്ചു പറഞ്ഞു,’ഞാന്‍ ഉയര്‍ന്ന മടമ്പുള്ള ഷൂവാണ് ധരിച്ചിരിക്കുന്നത്.’ …. നെഹ്രു പറഞ്ഞു, ‘അതു കാലില്‍ത്തന്നെ കിടക്കട്ടെ. ജനങ്ങളുടെ മേലേ നടന്നാല്‍ മതി. അവരത് കാര്യമാക്കില്ല.’ പാമല പറഞ്ഞു,’ അവര്‍ക്ക് മടമ്പുകൊണ്ട് പരിക്കു പറ്റും.’ ഒരു മണ്ടിപ്പെണ്ണിനെപ്പോലെ പെരുമാറരുത്’- നെഹ്രു ചൊടിച്ചു. ‘അത് ഉൗരി ഇങ്ങുവന്നാട്ടെ.’
ഒരു ദീര്‍ഘ നിശ്വാസത്തോടെ ഭാരതത്തിലെ അവസാന വൈസ്രോയിയുടെ പുത്രി ചെരിപ്പ് ഊരി കൈയിലെടുത്ത് മനുഷ്യപ്പരവതാനിക്കു മേല്‍ നടന്നു തുടങ്ങി…”
(പേജ് 303-304)
ചിത്രം മൂന്ന്: ചെങ്കോട്ടയില്‍ ഭരണത്തലവന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും എക്കാലവും സംരക്ഷിച്ച് സ്വാഭിമാനം നേടും, അതിനു പുനരര്‍പ്പിക്കാന്‍ ഞാന്‍ മുന്നില്‍, നിങ്ങളും ഒന്നിക്കുക, നമുക്ക് ഒന്നിച്ച് മുന്നേറാമെന്ന് പ്രഖ്യാപിക്കുന്നു. ആപ്രഖ്യാപനം ഏറ്റു പറയുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴേ അതു സാര്‍ത്ഥകമാകൂ. പകരം ശീതീകരിച്ച മുറിയിലിരുന്ന് ലൈവ് കണ്ട് പുതിയൊരു ചര്‍ച്ച കേള്‍ക്കാന്‍ അടുത്ത ചാനലിലേക്കു മാറുന്നതുകൊണ്ടുമാത്രം സ്വാതന്ത്ര്യത്തിന്റെ സ്വപ്നം ലക്ഷ്യം കാണില്ല….
പ്രതികരിക്കാൻ ഇവിടെ എഴുതുക: