മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അനുസ്യൂതമായ ആത്മബന്ധത്തിന്റെ ആന്തരികമായ ലോകം തന്റെ സൃഷ്ടികളിലൂടെ രൂപപ്പെടുത്തുകയാണ് ടെല്‍സിംഗ് ജോസഫ് തന്റെ എര്‍ത്ത് വേംസ്(മണ്ണിര) എന്ന സൃഷ്ടിയിലൂടെ. മനുഷ്യവര്‍ഗത്തിന്റെ അടിസ്ഥാനപരമായ സംസ്കാരം കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നതിന്റെ ചരിത്രപരമായ അന്വേഷണമാണ് ചിത്രങ്ങളിലുടനീളം.
മണ്ണ്, കരി, തേയില ച്ചാറ്, മറ്റു ജൈവ വസ്തുക്കള്‍ നിറങ്ങള്‍ക്കു പകരം കാന്‍വാസില്‍ നിറച്ചും വിതറിയും നിര്‍മിച്ചെടുത്ത മനുഷ്യ രൂപങ്ങളും പുരാതന കാര്‍ഷിക ഉപകരണങ്ങളും ഈ ചിത്രരചനയെ വേറിട്ടുനിര്‍ത്തുന്നു. ടെല്‍സിംഗ് ജോസഫിന്റെ ഒരു അജ്ഞാതന്റെ സ്വപ്നം, ഭൂമിയിലെ പെണ്മക്കള്, അവസാന രാത്രിയിലെ സ്വപ്നത്തില്‍ മാന്‍ പറഞ്ഞത്, തുടങ്ങിയ രേഖാചിത്രങ്ങള്‍ മനുഷ്യരും മൃഗങ്ങളും ചെറുപ്രാണീ ലോകവും അനുഭവിക്കുന്ന കൊടിയ ദാരിദ്രത്തിന്റേയും വിവേചനത്തിന്റേയും അധിനിവേശത്തിന്റേയും അനുഭവമാണ് കാഴ്ചക്കാരന് നല്‍കുന്നത്.
മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും ചേര്‍ത്തുള്ള സര്-റിയലിസ്റ്റ് രചനാരീതിയാണ് ചിത്രകാരന് അവലംബിച്ചിരിക്കുന്നത്. അവസാനത്തെ കര്‍ഷക തൊഴിലാളി, മണ്ണിലെ യഥാര്‍ത്ഥ മകന്, മണ്ണിരകള്‍ എന്നീ ചിത്രങ്ങളില്‍ മാധ്യമമായി ഉപയോഗിച്ചിരിക്കുന്നത് ആറന്മുള കണ്ണാടി നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്ന ഉപരിതല മണ്ണും പശയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: